54,000 പടികൾ കയറി എവറസ്റ്റിന്റെ ഉയരം പിന്നിട്ട് അബുദാബിയിലെ പരിശീലകൻ; 16 മണിക്കൂറിൽ അപൂർവ നേട്ടം
അബുദാബി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റിന്റെ (8,848 മീറ്റർ) ഉയരം, മലകയറാതെ ഒരു കെട്ടിടത്തിന്റെ പടിക്കെട്ടിലൂടെ കയറി താണ്ടി അബുദാബിയിലെ ഫിസിക്കൽ ട്രെയിനിങ് കോച്ച് വെൽജ്കോ വുകിചെവിച്ച് ശ്രദ്ധേയ നേട്ടം സ്വന്തമാക്കി. റീം ഐലൻഡിലെ ഒരു റെസിഡൻഷ്യൽ ടവറിലെ ഒരേ പടിക്കെട്ടിലൂടെ ഏകദേശം 16 മണിക്കൂർ തുടർച്ചയായി കയറിയാണ് അദ്ദേഹം ഈ അസാധാരണ വെല്ലുവിളി പൂർത്തിയാക്കിയത്.
സെർബിയൻ സ്വദേശിയായ വെൽജ്കോ അബുദാബി പൊലീസ് കോളജിൽ ഫിസിക്കൽ ട്രെയിനിങ് കോച്ചായി ജോലി ചെയ്യുകയാണ്. അസാധാരണ നേട്ടങ്ങൾ കൈവരിക്കാൻ അസാധാരണ സാഹചര്യങ്ങൾ ആവശ്യമില്ലെന്നും, ഏറ്റവും വലിയ വെല്ലുവിളി പലപ്പോഴും ശരീരമല്ല മനസ്സാണെന്നും തെളിയിക്കാനാണ് ഈ പരീക്ഷണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ഈ നേട്ടത്തിനായി 49-ാം നിലയിലേക്ക് 59 തവണ കയറിയ അദ്ദേഹം ആകെ 54,000 പടികളാണ് പിന്നിട്ടത്. ഏകദേശം 7,000 കലോറി ചെലവഴിച്ച ഈ യാത്രയിൽ ഓരോ മണിക്കൂറിലും ശരാശരി നാല് തവണ വീതം കയറ്റം പൂർത്തിയാക്കി. ഓരോ കയറ്റത്തിനും ശേഷം ലിഫ്റ്റിൽ താഴെയെത്തി വെള്ളവും ഈന്തപ്പഴവും വാഴപ്പഴവും ബദാമും വാൾനട്ടും കഴിച്ച് വളരെ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും കയറ്റം ആരംഭിക്കുകയായിരുന്നു.
പൊതുവെ 'എവറസ്റ്റിങ്' വെല്ലുവിളികൾ സൈക്ലിങ്, ഓട്ടം, ട്രെക്കിങ് എന്നിവയിലൂടെ ജിപിഎസ് ഉപയോഗിച്ച് ഔട്ട്ഡോറിലാണ് നടത്തുന്നത്. എന്നാൽ ഇൻഡോർ പടിക്കെട്ടിലൂടെ നടത്തിയതിനാൽ ഔദ്യോഗിക അംഗീകാരത്തിനായി അപേക്ഷിച്ചിട്ടില്ലെന്ന് വെൽജ്കോ വ്യക്തമാക്കി.
ഏകദേശം ഒരു വർഷത്തെ ആസൂത്രണത്തിനൊടുവിലാണ് അദ്ദേഹം വെല്ലുവിളി ഏറ്റെടുത്തത്. പ്രത്യേക പരിശീലന പരിപാടി പിന്തുടർന്നില്ലെങ്കിലും റക്കിങ്, സൈക്ലിങ്, കുന്നുകയറ്റം, വി.ഒ₂ മാക്‌സ് പരിശീലനം, ശരീരഭാരത്തെ അടിസ്ഥാനമാക്കിയുള്ള വ്യായാമങ്ങൾ, വാരാന്ത്യങ്ങളിലെ സ്റ്റെയർ ക്ലൈംബിങ് പരിശീലനം എന്നിവയിലൂടെ തയ്യാറെടുപ്പ് നടത്തി.
വേഗതയേക്കാൾ സ്ഥിരതയ്ക്കാണ് പ്രാധാന്യം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. "എന്റെ ഏറ്റവും വലിയ ശക്തി വേഗത്തിൽ കയറുക എന്നതല്ല, ഓരോ തവണയും ഏകദേശം ഒരേ തീവ്രതയിൽ വീണ്ടും തുടങ്ങാൻ കഴിയുന്ന തരത്തിൽ ശരീരം വേഗത്തിൽ വീണ്ടെടുക്കുക എന്നതായിരുന്നു," - അദ്ദേഹം പറഞ്ഞു.
ശാരീരിക ക്ഷീണത്തേക്കാൾ മനസ്സിനോടുള്ള പോരാട്ടമായിരുന്നു യഥാർഥ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. "അവസാന ഘട്ടത്തിൽ ഞാൻ നിലകളല്ല, പടികളാണ് എണ്ണിയത്. ഒരു ഘട്ടത്തിൽ 'ഇനി വീണ്ടും ഇതെല്ലാം ചെയ്യണമോ?' എന്ന് സ്വയം ചോദിച്ചു. പിന്നീട് ഒരു ദീർഘശ്വാസം എടുത്ത് വീണ്ടും കയറാൻ തുടങ്ങി. അപ്പോഴാണ് പടിക്കെട്ടിനോടല്ല, സ്വന്തം ചിന്തകളോടാണ് ഞാൻ പോരാടുന്നതെന്ന് മനസ്സിലായത്," അദ്ദേഹം പറഞ്ഞു.
യാത്രയ്ക്കിടെ സംഗീതമോ പോഡ്കാസ്റ്റുകളോ കേൾക്കാതെ പൂർണമായും ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ഓരോ കയറ്റവും ഓരോ ചെറിയ ലക്ഷ്യമായി കണ്ടാണ് മുഴുവൻ വെല്ലുവിളിയും പൂർത്തിയാക്കിയത്.
ഹൃദയമിടിപ്പ് നിരീക്ഷിക്കൽ, ഭക്ഷണവും വെള്ളവും ഒരുക്കൽ, ഓരോ കയറ്റവും രേഖപ്പെടുത്തൽ, ലിഫ്റ്റ് വിളിച്ചുവരുത്തൽ തുടങ്ങിയ എല്ലാ സഹായങ്ങളും സഹപ്രവർത്തകനായ സ്ര്ജാൻ ഒസ്റ്റോജിച്ചാണ് നിർവഹിച്ചത്.
ഈ നേട്ടം ഒരു കായികവിജയത്തേക്കാൾ വലിയ സന്ദേശമാണ് നൽകുന്നതെന്ന് വെൽജ്കോ പറഞ്ഞു.
English summary : Abu Dhabi-based physical training coach Veljko Vukićević has completed an extraordinary challenge by climbing the equivalent height of Mount Everest (8,848 metres) on a single staircase inside a residential tower on Reem Island.
The Serbian coach climbed to the 49th floor 59 times, covering around 54,000 stairs in nearly 16 hours and burning an estimated 7,000 calories. Working as a physical training coach at Abu Dhabi Police College, he said the challenge was meant to prove that the biggest obstacles are often mental rather than physical.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."