വെസ്റ്റ് ബാങ്കില്‍ പള്ളികള്‍ക്ക് തീയിട്ട് ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍; 'ജൂത പ്രതികാര'മെന്ന് ചുമരെഴുത്ത്
വെസ്റ്റ്ബാങ്ക്: അധിനിവേശ ഫലസ്തീനിലെ വെസ്റ്റ്ബാങ്കില്‍ വീണ്ടും അക്രമം അഴിച്ചുവിട്ട് ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍. രണ്ട് പള്ളികള്‍ക്ക് അക്രമികള്‍ തീയിട്ടു. വടക്കന്‍ വെസ്റ്റ് ബാങ്കിലെ ഖുസ്‌റ, കൗര്‍ എന്നീ ഗ്രാമങ്ങളിലെ പള്ളികളാണ് തീയിട്ടത്. കൗറിന് സമീപത്തെ മറ്റൊരു പള്ളിക്ക് തീയിടാന്‍ ശ്രമിച്ചെങ്കിലും പ്രദേശവാസികള്‍ തടഞ്ഞതായി അധികൃതര്‍ പറഞ്ഞു. ഞായറാഴ്ചയായിരുന്നു സംഭവം. പള്ളിയുടെ ചുമരുകളില്‍ ഹീബ്രു ഭാഷയില്‍ ജൂതപ്രതികാരം എന്ന് എഴുതിവെച്ചിട്ടുമുണ്ട്.
പ്രദേശത്ത് നടത്തിയ പരിശോധനയില്‍ ചുവരെഴുത്തുകളും തീവെപ്പിന്റെ ലക്ഷണങ്ങളും കണ്ടെത്തിയതായി ഇസ്‌റാഈല്‍ സൈന്യം സ്ഥിരീകരിച്ചു.
'മതപരമായ സ്ഥലങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നത് ഉള്‍പ്പെടെയുള്ള ഇത്തരം സംഭവങ്ങളെ സുരക്ഷാ സേന ശക്തമായി അപലപിക്കുന്നു, ഒപ്പം പ്രദേശത്ത് സുരക്ഷയും പൊതുസമാധാനവും നിലനിര്‍ത്താന്‍ നിര്‍ണ്ണായകമായ നടപടികള്‍ തുടരുകയും ചെയ്യും,' എന്ന് സൈനിക വക്താക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ആയുധധാരികളായ കുടിയേറ്റക്കാര്‍ വെള്ളിയാഴ്ച ഫലസ്തീനിലെ താലില്‍ കടന്നുകയറിയതോടെയാണ്‌സംഘര്‍ഷം ആരംഭിച്ചത്. തുടര്‍ന്ന് ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ഫലസ്തീനികളും രണ്ട് ഇസ്‌റാഈലികളും ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരെ ദീര്‍ഘകാലമായി തുടരുന്ന കുടിയേറ്റ ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവങ്ങളാണിവ.
കോറിന് സമീപമുള്ള മറ്റൊരു പള്ളിക്ക് തീയിടാന്‍ ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍ ശ്രമിച്ചതായും റാമല്ലയ്ക്ക് സമീപമുള്ള കല്ലുവെട്ടല്‍ കേന്ദ്രത്തില്‍ ഫലസ്തീന്‍ തൊഴിലാളികളെ ആക്രമിച്ചതായും ഫലസ്തീന്‍ അധികാരികള്‍ അറിയിച്ചു.
കുടിയേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയാണ് ഇത്തരം അക്രമസംഭവങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കുടിയേറ്റ കേന്ദ്രങ്ങളുടെ തുടര്‍ച്ചയായ വികസനം, വെസ്റ്റ് ബാങ്ക് ഇസ്‌റാഈലിനോട് കൂട്ടിച്ചേര്‍ക്കാനുള്ള നീക്കങ്ങള്‍ എന്നിവയും ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ വെസ്റ്റ് ബാങ്കില്‍ ഏകദേശം 350 കുടിയേറ്റ കേന്ദ്രങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഏകദേശം അഞ്ച് ലക്ഷം കുടിയേറ്റക്കാര്‍ ഇവിടങ്ങളില്‍ താമസിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."