കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ചികിത്സയിലിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊയിലാണ്ടി നടേരി സ്വദേശിയായ ബിജു(49) ആണ് മരിച്ചത്.
ജൂലൈ 23ാണ് ബിജുവിന് രോഗം സ്ഥിരീകരിച്ചത്. കടുത്ത പനിയെത്തുടര്‍ന്നാണ് ഇദ്ദേഹം ചികിത്സ തേടിയത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് ബിജു.
രോഗത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ബിജു അടുത്തിടെ വീടുവിട്ട് പുറത്തെവിടെയെങ്കിലും പോയതായോ ജലാശയങ്ങളില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തതായോ വിവരം ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രദേശത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നു. പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം
വെള്ളത്തില്‍ കാണുന്ന സൂക്ഷ്മ ജീവികളായ അക്കാന്തമീബ, നെഗ്ലേറിയ ഫൗളേറി എന്നിവ മൂലമാണ് അമീബിക് മസ്തിഷ്‌ക ജ്വരം ഉണ്ടാകുന്നത്. ചൂട് കൂടിയ സാഹചര്യത്തില്‍ തടാകങ്ങള്‍, കുളങ്ങള്‍, മലിനമായ നീന്തല്‍ കുളങ്ങള്‍ എന്നിവയില്‍ ഇത് കണ്ടുവരാന്‍ സാധ്യതയുണ്ട്. ഈ അമീബ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിച്ച് മസ്തിഷ്‌കത്തെ ബാധിക്കുന്നു. രോഗ പ്രതിരോധ ശേഷി കുറഞ്ഞ ആള്‍ക്കാര്‍ക്ക് ദേഹത്തുള്ള മുറിവുകളിലൂടെയും അക്കാന്തമീബ നാഡീ വ്യൂഹത്തേയും മസ്തിഷ്‌ക്കത്തേയും ബാധിക്കുവാനുള്ള സാധ്യതയുണ്ട്.
തീവ്രമായ പനി, പെട്ടെന്നുള്ള ജ്വരം, തലവേദന, ഛര്‍ദ്ദി, കഴുത്ത് വേദന, ബോധക്ഷയം, വെളിച്ചം കാണുമ്പോള്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗം വന്നാല്‍ വേഗത്തില്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ ഉടന്‍ ചികിത്സ ആവശ്യമാണ്. രോഗ ലക്ഷണങ്ങള്‍ കാണുന്ന ഉടന്‍ സമീപത്തെ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക. സ്വയം ചികിത്സ ഒഴിവാക്കുക.
പ്രതിരോധ മാര്‍ഗങ്ങള്‍
നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളില്‍ ചാടുന്നതും മുങ്ങുന്നതും ഒഴിവാക്കുക.
നീന്തുമ്പോള്‍ അല്ലെങ്കില്‍ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളില്‍, നോസ് ക്ലിപ്പ് ഉപയോഗിക്കുക. അല്ലെങ്കില്‍ മൂക്ക് വിരലുകളാല്‍ അടയ്ക്കുക.
ശുദ്ധീകരിക്കാത്ത ജലാശയങ്ങളില്‍ നീന്തുമ്പോള്‍ തല വെള്ളത്തിന് മുകളില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കുക.
നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, സ്പാകള്‍ എന്നിവ വെള്ളം നിഷ്‌കര്‍ഷിച്ചിട്ടുള്ള തോതില്‍ ക്ലോറിനേഷന്‍ ചെയ്ത്, ശരിയായ രീതിയില്‍ പരിപാലിക്കണം. ക്ലോറിനേഷന്‍ ചെയ്തതിന്റെ രജിസ്റ്റര്‍ നിര്‍ബന്ധമായും സൂക്ഷിക്കണം.
സ്പ്രിങ്കളറുകള്‍, ഹോസുകള്‍ എന്നിവയില്‍ നിന്നും വെള്ളം മൂക്കിനുള്ളില്‍ പതിക്കുന്ന സാഹചര്യം ഒഴിവാക്കുക.
തിളപ്പിച്ച് ശുദ്ധി വരുത്താത്ത വെള്ളം ഒരു കാരണവശാലും മൂക്കില്‍ ഒഴിക്കരുത്.
ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോഴും മുഖം കഴുകുമ്പോഴും വെള്ളം മൂക്കിനുള്ളിലേക്ക് പോകാതെ സൂക്ഷിക്കുക.
പൊതുജലാശയങ്ങളിലേക്ക് വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ഒഴുക്കരുത്.
ജലവിതരണത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ടാങ്കുകള്‍ മൂന്ന് മാസം കൂടുമ്പോള്‍ വൃത്തിയാക്കണം.
പ്രതിരോധ ശേഷി കുറഞ്ഞ രോഗികള്‍ ശുദ്ധീകരിച്ച ജലം ഉപയോഗിച്ച് മാത്രമേ വ്രണങ്ങള്‍ കഴുകി വൃത്തിയാക്കാന്‍ പാടുള്ളൂ.
A person from Koyilandy in Kerala's Kozhikode district has died while undergoing treatment for amoebic meningoencephalitis, marking another fatality linked to the rare but serious brain infection in the region. Health authorities are monitoring the situation closely and have reiterated public advisories to avoid exposure to potentially contaminated freshwater sources and to seek immediate medical attention if symptoms such as fever, severe headache, vomiting, or neurological issues develop after water exposure.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."