HOME
DETAILS

ആവര്‍ത്തിക്കുന്ന അപകടങ്ങള്‍, പഠിക്കാത്ത പാഠങ്ങള്‍, ഇനിയും എത്ര കുറ്റിപ്പുറങ്ങള്‍?

  
കെ.സി ശ്രീനിത
July 27, 2026 | 10:57 AM

Recurring accidents unlearned lessonshow many more Kuttippurams

മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയില്‍ ഇന്നലെ നടന്ന സ്വകാര്യ ബസ് അപകടം കേരളത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. നിയന്ത്രണം വിട്ട ബസ് ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിഞ്ഞ അപകടത്തില്‍ കോഴിക്കോട് പെരുവയല്‍ സ്വദേശി വൈഷ്ണവ് (31) മരണപ്പെടുകയും നിരവധി യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദേവസ്വം ബോര്‍ഡ് പരീക്ഷ എഴുതാന്‍ സഹോദരനൊപ്പം യാത്രതിരിച്ച യുവാവിന്റെ ജീവന്‍ യാത്രാമധ്യേ നഷ്ടമായത് സമൂഹത്തിന് വലിയ വേദനയാണ്. പരീക്ഷാകേന്ദ്രത്തിലേക്കുള്ള വൈഷ്ണവിന്റെ യാത്ര കുടുംബത്തിന്റെ തീരാനഷ്ടമായി മാറി.

അപകടത്തിന് പിന്നാലെ പുറത്തുവന്ന മറ്റൊരു വാഹനത്തിന്റെ സി.സി.ടി.വി കൂടുതല്‍ ആശങ്കയുണ്ടാക്കുന്നതാണ്. അപകടം നടന്ന സ്ഥലത്തുനിന്ന് 100 മീറ്ററുകള്‍ മാത്രം അകലെയായി ഒരു സ്വകാര്യ ബസ് ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. മണിക്കൂറുകള്‍ക്ക് മുമ്പ് അതേ റോഡില്‍ ഒരു യുവാവിന്റെ ജീവന്‍ നഷ്ടമായിട്ടും ചില ഡ്രൈവര്‍മാര്‍ യാതൊരു പാഠവും ഉള്‍ക്കൊണ്ടിട്ടില്ലെന്നതിന് ഈ ദൃശ്യങ്ങള്‍ തെളിവാണ്. സ്റ്റിയറിങ്ങില്‍ ഒരു കൈയും മൊബൈല്‍ ഫോണില്‍ മറ്റൊരു കൈയും വെച്ച് വാഹനം നിയന്ത്രിക്കുന്ന പ്രവൃത്തി ഒരു നിയമലംഘനം മാത്രമല്ല, യാത്രക്കാരുടെ ജീവന്‍ വെച്ചുള്ള അപകടകരമായ പരീക്ഷണമാണ്.

കുറ്റിപ്പുറത്തെ അപകടത്തില്‍ അമിതവേഗം, ബ്രേക്ക് തകരാര്‍, മഴയില്‍ നനഞ്ഞ റോഡ്, റോഡിന്റെ രൂപകല്‍പന എന്നിവയെല്ലാം അന്വേഷണവിധേയമാണ്. എന്നാല്‍ അപകടങ്ങളുടെ കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും പ്രധാനമായി ഉയര്‍ന്നുവരുന്നത് ഡ്രൈവര്‍മാരുടെ ഉത്തരവാദിത്തക്കുറവാണ്. കൂടുതല്‍ ട്രിപ്പുകള്‍ പൂര്‍ത്തിയാക്കാനും സമയക്രമം പാലിക്കാനുമുള്ള സമ്മര്‍ദം പലപ്പോഴും അമിതവേഗത്തിനും മത്സരയോട്ടത്തിനും വഴിയൊരുക്കുന്നു. യാത്രക്കാരുടെ സുരക്ഷയേക്കാള്‍ സമയത്തിന് പ്രാധാന്യം നല്‍കുന്ന ഈ പ്രവണതയാണ് പല ദുരന്തങ്ങള്‍ക്കും പിന്നില്‍.

വാഹനങ്ങളുടെ സാങ്കേതിക സുരക്ഷയും അത്രതന്നെ പ്രധാനമാണ്. ബ്രേക്ക്, ടയര്‍, സ്റ്റിയറിങ്, സസ്‌പെന്‍ഷന്‍ തുടങ്ങി സുരക്ഷയെ നേരിട്ട് ബാധിക്കുന്ന ഭാഗങ്ങള്‍ കൃത്യമായി പരിശോധിക്കാതെ വാഹനങ്ങള്‍ സര്‍വീസിന് ഇറക്കുന്നത് ഗുരുതരമായ അലംഭാവമാണ്. ഒരു ബ്രേക്ക് തകരാര്‍ പോലും നിരവധി ജീവനുകള്‍ അപകടത്തിലാക്കും. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഒരു രേഖ മാത്രമാകാതെ യഥാര്‍ഥ സുരക്ഷ ഉറപ്പാക്കുന്ന സംവിധാനമാകേണ്ട സമയമാണിത്.

റോഡിന്റെ അശാസ്ത്രീയമായ രൂപകല്‍പനയും അപകടങ്ങള്‍ക്ക് കാരണമാകുന്ന ഘടകമാണ്. കുറ്റിപ്പുറത്തെ അപകടം നടന്ന ഭാഗത്ത് റോഡിന്റെ രൂപകല്‍പനയില്‍ അപാകതകളുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇത്തരം പരാതികള്‍ ഗൗരവമായി പരിശോധിച്ച് അപകടസാധ്യതയുള്ള ഇടങ്ങള്‍ അടിയന്തരമായി പരിഷ്‌കരിക്കേണ്ടത് ദേശീയപാത അതോറിറ്റിയുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ റോഡിലെ പോരായ്മകളെ ചൂണ്ടിക്കാട്ടി ഡ്രൈവര്‍മാരുടെ അശ്രദ്ധയെ ന്യായീകരിക്കാനാവില്ല.

ഓരോ വലിയ അപകടത്തിനുശേഷവും അന്വേഷണസംഘങ്ങള്‍ രൂപീകരിക്കപ്പെടുകയും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ അപകടങ്ങളുടെ എണ്ണം കുറയുന്നില്ല. അതിന്റെ കാരണം, അന്വേഷണ റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകള്‍ പലപ്പോഴും പൂര്‍ണമായി നടപ്പാകുന്നില്ല എന്നതാണ്. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. അമിതവേഗം കണ്ടെത്താന്‍ കൂടുതല്‍ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണം. ഡ്രൈവര്‍മാര്‍ക്ക് നിര്‍ബന്ധിത സുരക്ഷാ പരിശീലനവും ഇടയ്ക്കിടെയുള്ള ആരോഗ്യപരിശോധനയും ഉറപ്പാക്കണം. വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന യാതൊരു വിട്ടുവീഴ്ചയും കൂടാതെ നടപ്പാക്കണം.

യാത്രക്കാരും തങ്ങളുടെ ഉത്തരവാദിത്തം തിരിച്ചറിയേണ്ടതുണ്ട്. ഡ്രൈവര്‍ അമിതവേഗത്തില്‍ വാഹനമോടിക്കുകയോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രതിഷേധിക്കാനും ബന്ധപ്പെട്ട അധികൃതരെ അറിയിക്കാനും യാത്രക്കാര്‍ മടിക്കരുത്. സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നത് സര്‍ക്കാരിന്റെയോ ഡ്രൈവറുടെയോ മാത്രം കടമയല്ല; അത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണ്.

കുറ്റിപ്പുറത്തെ ദുരന്തം ഒരു വാര്‍ത്തയായി വായിച്ച് മറക്കേണ്ട സംഭവമല്ല. റോഡിന്റെ അശാസ്ത്രീയതയും ബസിന്റെ വേഗതയെയും കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു, കാരണം നമ്മളും ബസ് യാത്രക്കാരാണ്. ഒരു നിമിഷത്തെ അമിതവേഗം, ഫോണ്‍വിളി, സുരക്ഷാ വീഴ്ച ഇവയില്‍ ഏതെങ്കിലും ഒന്ന് മതി ഒരുനാടിന്റെ തന്നെ സന്തോഷം എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍. ഓരോ യാത്രക്കാരനും സുരക്ഷിതമായി വീട്ടിലെത്തുക എന്ന ലക്ഷ്യം യാഥാര്‍ഥ്യമാകണമെങ്കില്‍ നിയമങ്ങള്‍ കര്‍ശനമാകണം, വാഹനങ്ങള്‍ സുരക്ഷിതമാകണം, അതിലുപരി സ്റ്റിയറിങ്ങിന് പിന്നിലുള്ളവര്‍ മനുഷ്യജീവന്റെ വില തിരിച്ചറിയണം. അപ്പോഴേ കുറ്റിപ്പുറം പോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ.

The private bus accident on the National Highway at Kuttippuram, Malappuram yesterday has once again shocked Kerala. The bus lost control, hit a divider and overturned. In the crash, Vaishnav (31), a native of Peruvayal, Kozhikode, died and several passengers were injured.Vaishnav was traveling with his brother to write a Devaswom Board exam, and his death on the way has caused deep grief in society.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനി മരിച്ച നിലയില്‍

Kerala
  •  3 hours ago
No Image

വെസ്റ്റ് ബാങ്കില്‍ പള്ളികള്‍ക്ക് തീയിട്ട് ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍; 'ജൂത പ്രതികാര'മെന്ന് ചുമരെഴുത്ത്

International
  •  4 hours ago
No Image

കുറ്റിപ്പുറം ബസ് അപകടം: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

Kerala
  •  4 hours ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര വിജിലന്‍സിന്റെ ഗുരുതര കണ്ടെത്തല്‍

Kerala
  •  4 hours ago
No Image

തീവ്രന്യൂനമര്‍ദ്ദം അതിതീവ്ര നന്യൂനമര്‍ദ്ദമായി; മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 hours ago
No Image

നേര്‍ത്ത ചരടില്‍ തൂങ്ങിയ തൂണ്‍; കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  4 hours ago
No Image

കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ടു; വടക്കേക്കര പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായി തിരച്ചില്‍ തുടരുന്നു

Kerala
  •  5 hours ago
No Image

പരീക്ഷാ ഭേദഗതി ബില്‍:  പാര്‍ലമെന്റില്‍  പ്രതിപക്ഷ ബഹളം, ഇരു സഭകളും നിര്‍ത്തിവെച്ചു

National
  •  5 hours ago
No Image

തൃക്കാക്കരയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഘം പിടിയില്‍; മര്‍ദ്ദനമേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു

Kerala
  •  5 hours ago
No Image

ബീഹാറില്‍ പ്രതിഷേധകാര്‍ക്ക് നേരെ വെടിവെച്ച സംഭവം; പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു

National
  •  5 hours ago