ജീവനക്കാരുടെ ലോഗിൻ വിവരങ്ങളിലും ഓഡിറ്റിംഗിലും സുതാര്യതയില്ലെന്ന് ഫ്രഞ്ച് അതോറിറ്റി; ഇൻഫോസിസിന് 2 കോടി രൂപ പിഴ
പാരിസ്: ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്ന സംവിധാനത്തിലെ ഗുരുതരമായ വീഴ്ചയെ തുടർന്ന് പ്രമുഖ ഇന്ത്യൻ ഐ.ടി ഭീമനായ ഇൻഫോസിസിന് വൻ തുക പിഴ ചുമത്തി ഫ്രഞ്ച് ലേബർ അതോറിറ്റി. രാജ്യത്തെ തൊഴിൽ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി. 1,75,000 യൂറോയാണ് (ഏകദേശം രണ്ട് കോടി രൂപ) പിഴയായി ഈടാക്കുന്നത്. ഫ്രാൻസിലെ പ്രാദേശിക തൊഴിൽ അതോറിറ്റിയായ 'DRIEETS Île-de-France' ആണ് ഈ ഉത്തരവിട്ടത്.
ഇൻഫോസിസ് നിലവിൽ ഉപയോഗിക്കുന്ന സമയം രേഖപ്പെടുത്തുന്ന സംവിധാനം ഫ്രഞ്ച് തൊഴിൽ നിയമങ്ങൾക്ക് പൂർണമായും വിരുദ്ധമാണെന്ന് അധികൃതർ കണ്ടെത്തി. സിസ്റ്റത്തിന്റെ വിശ്വാസ്യത, ഓഡിറ്റ് ചെയ്യാൻ തക്കവണ്ണമുള്ള രേഖകളുടെ അഭാവം, പ്രത്യേക വിഭാഗം ജീവനക്കാരുടെ ലോഗിൻ വിവരങ്ങൾ നിരീക്ഷിക്കുന്നതിലെ സുതാര്യതയില്ലായ്മ തുടങ്ങിയ കാര്യങ്ങളിലാണ് അധികൃതർ പ്രധാനമായും ക്രമക്കേട് ചൂണ്ടിക്കാണിച്ചത്.
ഫ്രഞ്ച് തൊഴിൽ നിയമപ്രകാരം ഓരോ ജീവനക്കാരന്റെയും കൃത്യമായ ജോലി സമയം, ഓവർടൈം, നിർബന്ധിത വിശ്രമ സമയം എന്നിവ തൊഴിലുടമകൾ കൃത്യമായി രേഖപ്പെടുത്തുകയും ഇവ ഓഡിറ്റിംഗിനായി സൂക്ഷിക്കുകയും വേണം. ഇതിൽ വരുത്തിയ വീഴ്ചയാണ് കമ്പനിക്ക് തിരിച്ചടിയായത്.
ഇന്ത്യയിലെ ഇൻഫോസിസ് ഓഫീസുകളിൽ കൂടുതൽ സമയം ജോലി ചെയ്യണമെന്ന് ജീവനക്കാരോട് ആവശ്യപ്പെടുന്നതിനിടെയാണ് ഫ്രാൻസിൽ നിന്നും തിരിച്ചടിയുണ്ടായിരിക്കുന്നത്. ആഗോളതലത്തിൽ മത്സരിക്കാൻ ഇന്ത്യൻ യുവാക്കൾ ആഴ്ചയിൽ 70 മുതൽ 72 മണിക്കൂർ വരെ (രാവിലെ 9 മുതൽ രാത്രി 9 വരെ, ആഴ്ചയിൽ 6 ദിവസം) ജോലി ചെയ്യണമെന്ന ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ പ്രസ്താവന അടുത്തിടെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശത്ത് കമ്പനിക്കെതിരെ കർശന നടപടിയുണ്ടായിരിക്കുന്നത്.
french authority alleges lack of transparency in employee login data and auditing; infosys fined 2 crore rupees
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."