ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികളെ അധിക്ഷേപിച്ച ആർഎസ്എസ് നേതാവിനെ അറസ്റ്റ് ചെയ്യണം; ഡിജിപിക്ക് പരാതി നൽകി എസ്എഫ്‌ഐ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിച്ച ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ പരാതി നൽകി എസ്എഫ്‌ഐ. ജന്തർ മന്തറിലെത്തിയ പ്രക്ഷോഭകാരികളെ വെടിവെച്ച് കൊല്ലണമെന്ന പ്രസ്താവനക്കെതിരെയാണ് എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എംഎ നന്ദൻ ഡിജിപിക്ക് പരാതി നൽകിയത്.
ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികളെ വെടിവച്ചു കൊല്ലണമെന്നും, പ്രക്ഷോഭകർ ക്രിമിനലുകളും ബലാത്സംഗം ചെയ്യുന്നവരുമാണ്. ജന്തർ മന്തറിൽ നാല് കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കണമായിരുന്നു. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെട്ടശേഷം വെടിവെയ്ക്കണം. കുറേ പേർ മരിക്കും, കുറേ പേർക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകുമായിരുന്നു. ശവങ്ങൾ പെറുക്കി ആശുപത്രിയിൽ എത്തിക്കണം, ആർഎസ്എസ് നേതാവ് പറഞ്ഞു.
പൊലീസിനെ പൂർണമായും പിൻവലിച്ച് അവിടെ പ്രക്ഷോഭകർക്ക് മാത്രമായി വിട്ടുകൊടുക്കണം. അവിടെ കൊലപാതകവും ബലാത്സംഗവും നടക്കും. ശവങ്ങൾ കുന്നുകൂടുമെന്നും തമ്മിൽ തല്ലി മരിക്കുമെന്നുമാണ് മോഹൻദാസ് പറഞ്ഞത്.''ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കും. ദൈവം സഹായിച്ച് അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെയുള്ളത്. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളുണ്ടല്ലോ, പെൺകുട്ടികളുണ്ട്. പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ ഒരു കഥയിൽ മലമുകളിലെ കുഞ്ഞബ്ദുല്ലേ, എന്നെ വന്നു ബലാത്സംഗം ചെയ്യൂ എന്ന് പറഞ്ഞാണ് ആ കഥ അവസാനിക്കുന്നത്. പ്രത്യേകിച്ച് ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ, വർഗ ബഹുജന ഗുണ്ട ഗുണ്ടൻമാരെല്ലാം ഈ പരിപാടികൾ ഇഷ്ടപ്പെടുന്നവരാണ്''- എന്നും യൂട്യൂബ് വീഡിയോയിൽ ടിജി മോഹൻദാസ് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ടിജി മോഹൻദാസിനെതിരെ പരാതിയുമായി എസ്എഫ്ഐ രംഗത്തെത്തിയത്. നീറ്റ് വിഷയത്തിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ കേസ് എടുക്കുന്നതിനും ജാമ്യമില്ല വകുപ്പിൽ ജയിലിൽ അടയ്ക്കാനും കേരള പൊലീസും ഗവൺമെൻ്റും കാണിച്ച ശുഷ്കാന്തി ഈ വർഗീയ വിഷത്തെ പിടിച്ച് ജയിലിൽ അടക്കാൻ കാണിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് എം ശിവപ്രസാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."