വീണ്ടും സമരമെന്ന മുന്നറിയിപ്പിന് പിന്നാലെ അര്‍ധരാത്രി സി.ജെ.പിയെ ചര്‍ച്ചക്ക് വിളിച്ച് കേന്ദ്രം; പ്രതിഷേധക്കാരുടെ കേസുകള്‍ പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കിയതായി സൗരവ് ദാസ്
ന്യൂഡല്‍ഹി: വീണ്ടും രാജ്യവ്യാപക പ്രക്ഷോഭമെന്ന മുന്നറിയിപ്പിന് പിന്നാലെ അര്‍ധരാത്രി സി.ജെ.പിയെ ചര്‍ച്ചക്ക് വിളിച്ച് കേന്ദ്രം. സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയ ധാരണ പാലിച്ചില്ലെന്നും പ്രതിഷേധക്കാര്‍ക്കെതിരായ പൊലിസ് നടപടികള്‍ തുടരുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന മുന്നറിയിപ്പുമായി കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) കഴിഞ്ഞ രംഗത്തെത്തിയത്. ഈ മാസം 25ലെ ധാരണപ്രകാരം പ്രതിഷേധക്കാര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ്.ഐ.ആറുകളും പിന്‍വലിക്കുമെന്നും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യില്ലെന്നും കേന്ദ്രം ഉറപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇതു ലംഘിച്ച് വിവിധ സംസ്ഥാനങ്ങളില്‍ സമരക്കാരെ പൊലിസ് വേട്ടയാടുകയാണെന്നും സി.ജെ.പി വ്യക്തമാക്കി. ഇതിന് പിന്നാലെ അര്‍ധ രാത്രിയില്‍ പ്രതിനിധികളെ ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു.
ചര്‍ച്ചയില്‍ പ്രതിഷേധക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന ഉത്തരവുകള്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി പ്രതിനിധികള്‍ വ്യക്തമാക്കി. സമരക്കാര്‍ക്കെതിരായ കേസുകള്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്ന് മാത്രമല്ല, വിദ്യാര്‍ഥികളെയും സന്നദ്ധപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുകയും നിരീക്ഷിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് തുടരുകയാണെന്നും സംഘടന ആരോപിച്ചിരുന്നു.
ഡല്‍ഹിയില്‍ രാജ്യസഭാംഗവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സി.ജെ.പി നേതാക്കള്‍ കേന്ദ്രസര്‍ക്കാരിനെതിരേ രംഗത്തുവന്നത്. പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്നും കസ്റ്റഡിയിലുള്ള എല്ലാവരെയും മോചിപ്പിക്കുമെന്നും കേന്ദ്ര സര്‍ക്കാരും ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും സമാന സംരക്ഷണം ഉറപ്പാക്കുന്ന വിജ്ഞാപനങ്ങള്‍ പുറത്തിറക്കുമെന്നും സര്‍ക്കാര്‍ വീണ്ടും ഉറപ്പുനല്‍കിയതായി സി.ജെ.പി മുഖ്യ വക്താവ് സൗരവ് ദാസ് അര്‍ധരാത്രി 1 മണിയോടെ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ അറിയിച്ചു.
സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പ്രാവര്‍ത്തികമാകുമോയെന്ന ആശങ്ക സി.ജെ.പി ചര്‍ച്ചയില്‍ അറിയിച്ചതായി സൗരവ് ദാസ് പറഞ്ഞു. ഇതിന് മറുപടിയായി പ്രതിഷേധക്കാര്‍ക്കെതിരായ എല്ലാ എഫ്.ഐ.ആറുകളും പിന്‍വലിക്കുമെന്നുകേന്ദ്രം വ്യക്തമാക്കി. ഭാവിയില്‍ അവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് വ്യക്തമാക്കുന്ന ബിഹാര്‍ ആഭ്യന്തര വകുപ്പിന്റെ വിജ്ഞാപനം കാണിച്ച്‌കൊടുത്തതായും അദ്ദേഹം പറഞ്ഞു.
ധാരണസംബന്ധിച്ച ഉറപ്പ് രേഖാമൂലം 24 മണിക്കൂറിനുള്ളില്‍ ലഭിച്ചില്ലെങ്കില്‍ വീണ്ടും പ്രക്ഷോഭം ആരംഭിക്കേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസംസൗരവ് ദാസ് പറഞ്ഞിരുന്നു. പരീക്ഷാ ക്രമക്കേടുകളെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് പരമാവധി നഷ്ടപരിഹാരം നല്‍കുമെന്നും പരീക്ഷാ പരിഷ്‌കരണവുമായി ബന്ധപ്പെട്ട അഞ്ച് ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും ധാരണയില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.
ബിഹാറിലും പശ്ചിമ ബംഗാളിലും അസമിലും നിരവധി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതായും ഡല്‍ഹി ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തകരെ നിരീക്ഷിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നുവെന്നും സി.ജെ.പി വക്താവ് അഭിഷേക് റങ്ക എക്സിലൂടെ ആരോപിച്ചു. പ്രതിഷേധക്കാര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ്.ഐ.ആറുകളും ഉടന്‍ പിന്‍വലിക്കണമെന്നും പൊലിസോ കേന്ദ്ര അന്വേഷണ ഏജന്‍സികളോ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്ന് ഘട്ട ചര്‍ച്ചകള്‍ക്കു ശേഷം കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുമായി ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് സി.ജെ.പി സമരം അവസാനിപ്പിച്ചത്. പ്രതിഷേധക്കാരും സംഘാടകരും നേരിടുന്ന എല്ലാ കേസുകളും പിന്‍വലിക്കുക, സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ തുടര്‍നടപടി സ്വീകരിക്കാതിരിക്കുക, ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, പരീക്ഷാ പരിഷ്‌കരണ നിര്‍ദേശങ്ങള്‍ പരിഗണിക്കുക എന്നിവയായിരുന്നു ധാരണയിലെ പ്രധാന വിഷയങ്ങള്‍.
സംഘടനാ നേതാവ് രത്ന സിങ്ങിനെതിരേ അസമില്‍ എട്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊല്‍ക്കത്തയില്‍ 11 പേരെ അറസ്റ്റ് ചെയ്തതില്‍ 10 പേര്‍ മുസ് ലിംകളാണ്. ഇവര്‍ക്കെതിരേ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി. ബിഹാറില്‍ 86 പേരെയും അറസ്റ്റ് ചെയ്തതായും സി.ജെ.പി ആരോപിച്ചു. പ്രതിഷേധക്കാര്‍ക്കെതിരായ പൊലിസ് നടപടികളുടെ ദൃശ്യങ്ങളും ചിത്രങ്ങളും അപ്ലോഡ് ചെയ്യാന്‍ കഴിയുന്ന 'സാക്ഷി' എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമും സി.ജെ.പി പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതോടെ സംഘടന മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിലൊന്ന് അംഗീകരിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് ജന്തര്‍ മന്തറിലെ 37 ദിവസം നീണ്ടുനിന്ന പ്രതിഷേധം കഴിഞ്ഞ ആഴ്ച അവസാനിപ്പിച്ചത്.
the central government held midnight talks with cjp after the organization warned of fresh nationwide protests, alleging that promises to withdraw cases against protesters were not fulfilled.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."