ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി അന്തരിച്ചു; വിടവാങ്ങിയത് സഹകരണ മേഖലയിലെ കരുത്തനായ നായകന്‍
കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോ-ഓപറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി.എസ്) ചെയര്‍മാന്‍ രമേശന്‍ പാലേരി (66) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെയായി ഊരാളുങ്കല്‍ സൊസൈറ്റിയുടെ അമരക്കാരനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം.
1995ലാണ് രമേശന്‍ പാലേരി യു.എല്‍.സി.സി.എസിന്റെ ചെയര്‍മാനായി ചുമതലയേല്‍ക്കുന്നത്. സൊസൈറ്റിയുടെ ചരിത്രവുമായി ഏറെ ആഴത്തില്‍ ബന്ധമുള്ള കുടുംബത്തിലെ അംഗമാണ് അദ്ദേഹം. സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന പാലേരി ചന്തമ്മന്‍ ഇദ്ദേഹത്തിന്റെ മുത്തച്ഛനാണ്. 32 വര്‍ഷത്തോളം സൊസൈറ്റിയെ നയിച്ച പിതാവ് പാലേരി കണാരന്റെ പിന്‍ഗാമിയായാണ് രമേശനും ചുമതലയേറ്റത്. 100 വര്‍ഷത്തെ സൊസൈറ്റിയുടെ ചരിത്രത്തില്‍ 80 വര്‍ഷത്തോളവും പാലേരി കുടുംബത്തിലെ അംഗങ്ങളാണ് ഇതിന് നേതൃത്വം നല്‍കിയത് എന്നതും ശ്രദ്ധേയമാണ്.
1925 ഫെബ്രുവരി 13നാണ് 36 പൈസ മൂലധനവുമായി വാഗ്ഭടാനന്ദന്റെ ശിഷ്യന്മാരായ 14 പേര്‍ ചേര്‍ന്ന് ഊരാളുങ്കല്‍ കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം രജിസ്റ്റര്‍ ചെയ്യുന്നത്. ചാപ്പയില്‍ കുഞ്ഞ്യേക്കു ഗുരുക്കളായിരുന്നു ആദ്യ പ്രസിഡന്റ്. ഒരു സാധാരണ തൊഴിലാളി സംഘമായി തുടക്കമിട്ട പ്രസ്ഥാനത്തെ ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ലേബര്‍ സൊസൈറ്റി എന്ന ആഗോള പദവിയിലേക്ക് വളര്‍ത്തിയെടുക്കുന്നതില്‍ രമേശന്‍ പാലേരി വഹിച്ച പങ്ക് നിര്‍ണായകമാണ്.
അദ്ദേഹത്തിന്റെ മികവുറ്റ നേതൃത്വത്തില്‍ സൊസൈറ്റിക്ക് അന്താരാഷ്ട്രതലത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു. യുണൈറ്റഡ് നാഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം (UNDP) യു.എല്‍.സി.സി.എസിനെ മോഡല്‍ സൊസൈറ്റിയായി തെരഞ്ഞെടുത്തതും ഇന്റര്‍നാഷണല്‍ കോ-ഓപറേറ്റീവ് അലയന്‍സില്‍ (ICA) അംഗത്വം ലഭിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്. സഹകരണ മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2023ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ സഹകരണ പുരസ്‌കാരമായ 'റോബര്‍ട്ട് ഓവന്‍' പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.
Rameshan Paleri, the visionary chairman of ULCCS who led the organization for nearly three decades and elevated it to a globally recognized labor cooperative, passed away at 65.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."