തിയേറ്ററിലെ തിരക്കില്‍പെട്ട് സെക്യൂരിറ്റി ജീവനക്കാരന് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന് ഇടപെട്ടു
കൊല്ലം : പുതിയ ചിത്രത്തിന്റെ റിലീസിനിടയില്‍ തിരക്കില്‍ പെട്ട് തീയേറ്ററിലെ സെക്യൂരിറ്റി ജീവനക്കാരന് മരിച്ച സംഭവത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ എന്ന് അറിയിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.
കടപ്പാക്കട ധന്യ-രമ്യ തീയേറ്ററില്‍ 2015 ജനുവരി 14 ന് 'ഐ' എന്ന ചിത്രത്തിന്റെ റിലീസിനിടയിലായിരുന്നു തിരക്കില്‍ പെട്ട് സെക്യൂരിറ്റി ജീവനക്കാരന് മരിച്ചത്. ജീവനക്കാരന്റെ മരണത്തിന് കാരണക്കാരായ പ്രതികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെന്ന് ജില്ലാ പൊലിസ് മേധാവി കമ്മിഷനെ അറിയിച്ചു. എന്നാല്‍ കൊല്ലം ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംഭവത്തെ കുറിച്ച് ഊര്‍ജിതമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
തിയേറ്റര്‍ മാനേജ്മെന്റ് ഒക്ടോബര്‍ 24 ന് കൊല്ലത്ത് നടക്കുന്ന സിറ്റിങില്‍ വിശദീകരണം നല്‍കണമെന്ന് കമ്മിഷന് ആവശ്യപ്പെട്ടു. ഭര്‍ത്താവിന്റെ തുച്ഛമായ വരുമാനത്തില്‍ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. സര്‍ക്കാരില്‍ നിന്നും ധനസഹായം നല്‍കിയതായി കലക്ടര്‍ അറിയിക്കാത്ത പശ്ചാത്തലത്തിലാണ് കമ്മിഷന് കൂടുതല്‍ നടപടികളിലേക്ക് പ്രവേശിച്ചത്. കേസ് വീണ്ടും ഒക്ടോബര്‍ 24 ന് രാവിലെ 11 ന് കൊല്ലം ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.
സിറ്റിങ് ഇന്ന്
കൊല്ലം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഇന്ന് രാവിലെ 11 ന് കൊട്ടാരക്കര റസ്റ്റ് ഹൗസില്‍ സിറ്റിങ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."