ജാതിയില്ലാ വിളംബരം: ചരിത്ര, പുസ്തക പ്രദര്‍ശനം ആരംഭിച്ചു
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ആര്‍ക്കൈവ്സ്, ആര്‍ക്കിയോളജി വകുപ്പുകളും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന
ചരിത്ര, പുസ്തക പ്രദര്‍ശനം തിരുവനന്തപുരം യൂനിവേഴ്സിറ്റി സെനറ്റ് ഹാളിനു മുന്നില്‍ ആരംഭിച്ചു.
സാംസ്കാരിക വകുപ്പു സെക്രട്ടറി റാണി ജോര്‍ജ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വകുപ്പ് അഡീ.സെക്രട്ടറി എസ്.സജിനി, ആര്‍ക്കൈവ്സ് ഡയറക്ടര്‍ ജെ.റജികുമാര്‍, ആര്‍ക്കിയോളജി ഡയറക്ടര്‍ പ്രേംകുമാര്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ കാര്ത്തികേയന് നായര്‍, മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രഫ.റെയ്മണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കേരളത്തിന്റെ നവോത്ഥാന ചരിത്രവുമായി ബന്ധപ്പെട്ട പ്രദര്‍ശനമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നലെകളെക്കുറിച്ച് അറിവു പകരുന്ന ചരിത്രരേഖകളും പുരാവസ്തുക്കളും പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അവകാശം നല്കുന്ന വിളംബരം, അടിമവേല നിരോധനം, സാമൂഹ്യപുരോഗതിയിലൂന്നിയുള്ള വിവിധ വിളംബരങ്ങള്, വൈക്കം സത്യഗ്രഹം സന്ദര്‍ശിച്ച് ശ്രീനാരായണ ഗുരു സംഭാവന നല്‍കുന്നതിന്റെ രേഖകള്‍, ഗാന്ധിജി, ശ്രീനാരായണഗുരു, ഇ.എം.എസ്, വള്ളത്തോള്‍ ഉള്‍പ്പെടെയുള്ള മഹാന്മാരുടെയും സാമൂഹ്യപരിഷ്ക്കര്‍ത്താക്കളുടെയും കൈയ്യൊപ്പുകള്‍ മുതലായവയും പ്രദര്‍ശനത്തിലുണ്ട്. വകുപ്പ് ആരംഭിക്കുന്ന കൈയൊപ്പ് മ്യൂസിയത്തിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രദര്‍ശനം.
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തക മേളയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി ആഘോഷ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം സെനറ്റ് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് 21 ന് വൈകുന്നേരം അഞ്ചിന് നിര്‍വഹിക്കും.
സാംസ്കാരിക മന്ത്രി എ.കെ. ബാലന് അധ്യക്ഷനാകും.വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് വിളംബര പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വിളംബര രേഖാ പ്രകാശനം വൈദ്യുതിദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിക്കും. ചരിത്ര, പുസ്തക പ്രദര്‍ശനം അന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."