കടല്‍മാക്രികള്‍ മത്സ്യവലകള്‍ തകര്‍ക്കുന്നു; മത്സ്യമേഖലയില്‍ വീണ്ടും പ്രതിസന്ധി
പരപ്പനങ്ങാടി: മത്സ്യത്തൊഴിലാളികളുടെ പേടിസ്വപ്നമായ വിനാശകാരികളായ കടല്‍തവളകള്‍ വീണ്ടും മത്സ്യത്തൊഴിലാളികളുടെ അന്തകരാവുകയാണ്. ഓരോ വള്ളത്തിന്റെയും പതിനഞ്ചും ഇരുപതും ലക്ഷങ്ങള്‍ വിലയുള്ള വലകള്‍ കടിച്ചു കീറുന്നതു കാരണം മത്സ്യബന്ധനം മുടങ്ങുകയാണ്.
ഇന്നലെ മത്സ്യബന്ധനത്തിനു പോയ പരപ്പനങ്ങാടി, ചെട്ടിപ്പടി കടപ്പുറത്തെ പതിനഞ്ചോളം വള്ളങ്ങളുടെ വലകളാണു കടിച്ചുകീറി കോടികളുടെ നഷ്ടം വരുത്തിയത്. അനുഗ്രഹം, മലബാര്‍, കടപ്രേന്‍ നമ്പര്‍ വണ്‍, സഫാമര്‍വ നമ്പര്‍ റ്റു, അല്‍കൗസര്‍, സിറാജുല്‍ഹുദ, ഇഖ്‌ലാസ്, കെ.ടി ബ്രദേഴ്‌സ്, മഹാസിന്‍, മാര്‍ക്കബുല്‍ ബുഷറ, റാളിയ, അല്‍ഖലീജ് തുടങ്ങിയ വള്ളങ്ങളുടെ വലകളാണു മാക്രികള്‍ നശിപ്പിച്ചത് . കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കടല്‍മാക്രികളുടെ എണ്ണം പതിന്മടങ്ങ് വര്‍ധിക്കുകയാണുണ്ടായതെന്നാണു മത്സ്യത്തൊഴിലാളികള്‍ പറയുന്നത് .കടല്‍മാക്രികള്‍ വലയില്‍ അകപ്പെട്ടാല്‍ തന്നെ കടലിലേക്കു തിരിച്ചിടുകയാണു പതിവ് എന്നാല്‍ ഇത്തവണ വലനിറയെ കടല്‍മാക്രികള്‍ അകപ്പെട്ടതിനാല്‍ കൊട്ടക്കണക്കിനു മാക്രികള്‍ ഇന്നലെ മാര്‍ക്കറ്റിലെത്തി. ജില്ലയുടെതീരത്ത് ഇവപെരുകിയിരിക്കുകയാണെന്നാണു മത്സ്യതൊഴിലാളികള്‍ പറയുന്നത്. ഇവ കൂട്ടമായെത്തി വലയില്‍ കുടുങ്ങിയ മത്സ്യങ്ങളെ കടിച്ചെടുക്കുകയും വലതകര്‍ക്കുകയും ചെയ്യുകയാണ്. വലതകരുന്നതോടെ പിടിച്ച മത്സ്യങ്ങള്‍ കടലില്‍ഒഴുകിപോകുകയാണു പതിവ്. ഇതു കാരണം നാല്‍പതിലേറെ പേര്‍ കയറുന്ന വള്ളങ്ങളിലെ തൊഴിലാളികള്‍ വെറും കൈയോടെ തീരമണയുകയാണ്. ഇന്ധന നഷ്ടത്തിനു പുറമെ അധ്വാനവും നടുക്കടലില്‍ പാഴാവുകയാണ്.
വലതകര്‍ന്നാല്‍ പിന്നീടു മൂന്നാഴ്ചയോളം കടലില്‍പോകാനാവില്ല. വലകള്‍ തുന്നിക്കൂട്ടാന്‍ ആഴ്ച്ചകളെടുക്കും. പുതിയവ സംഘടിപ്പിക്കാന്‍ ലക്ഷങ്ങള്‍വേണം. കടല്‍മാക്രിയുടെ ഭീഷണി കാരണം മത്സ്യബന്ധനം മുടങ്ങിയിരിക്കുകയാണ്. മഴക്കാലങ്ങളിലാണ് കടല്‍മാക്രികളുടെ ശല്യം അധികവും ഉണ്ടാകാറുള്ളത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."