അമിത വോള്‍ട്ടേജ്; വീട്ടുപകരണങ്ങള്‍ നശിച്ചു
കാഞ്ഞങ്ങാട്: വൈദ്യുതി ലൈനില്‍ നിന്ന് അമിത വോള്‍ട്ടേജ് പ്രവഹിച്ചു വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു. ചിത്താരി ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലുള്ള മഡിയന്‍ പ്രദേശത്ത് സ്ഥാപിച്ച ട്രാന്‍സ്‌ഫോമറില്‍ നിന്നു വൈദ്യുതി ഉപയോഗിക്കുന്ന ഒട്ടനവധി ഉപഭോക്താക്കളുടെ വീടുകളിലെ വയറിങ് ഉള്‍പ്പെടെ കത്തി നശിച്ചു. കെ.എസ്.ടി.പി അധികൃതര്‍ പ്രദേശത്ത് നടത്തുന്ന പാത നവീകരണത്തിന്റെ ഭാഗമായി വൈദ്യുതി ലൈനുകള്‍ മാറ്റി സ്ഥാപിച്ചിരുന്നു.
ഇതിന്റെ ജോലികള്‍ കഴിഞ്ഞ ശേഷം വീണ്ടും വൈദ്യുതി പ്രവഹിപ്പിച്ചപ്പോഴാണ് അമിത വോള്‍ട്ടേജ് കടന്നു വന്നത്. മണിക്കൂറോളം വൈദ്യുതി പ്രവാഹം നിലക്കാതെ വന്നതോടെയുമാണ് ഉപകരണങ്ങള്‍ കത്തി നശിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. വിവരം ബന്ധപ്പെട്ട ഓഫിസില്‍ ഉടനെ തന്നെ പ്രദേശവാസികള്‍ അറിയിച്ചെങ്കിലും അവര്‍ നിരുത്തരവാദപരമായി പെരുമാറുകയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു.
ഓഫിസ് ജീവനക്കാരുടെ ഈ നടപടി വന്‍ പ്രതിഷേധത്തിനു വഴിവെക്കുകയും ചെയ്തു. മുന്നൂറ്റമ്പതോളം വോള്‍ട്ട് ലൈനില്‍ കൂടി പ്രവഹിച്ചതായാണു പ്രദേശവാസികള്‍ പറയുന്നത്. സാധാരണഗതിയില്‍ 240 വോള്‍ട്ടില്‍ കൂടുതല്‍ വൈദ്യുതി പ്രവഹിച്ചാല്‍ സിംഗിള്‍ ഫെയ്‌സ് ഉപകരണങ്ങള്‍ നശിക്കുകയും മറ്റും ചെയ്യാറുണ്ട്.
പ്രദേശത്ത് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടായത്. ജീവനക്കാരുടെ അലംഭാവത്തില്‍ നഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കുമെന്നു ഈ ഭാഗത്തെ ഉപഭോക്താക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."