ദേവസ്വം ബോര്‍ഡ് ഓഫിസര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം
വടക്കാഞ്ചേരി: കൊച്ചിന് ദേവസ്വം ബോര്‍ഡ് പനങ്ങാട്ടുകര ദേവസ്വം ഓഫിസര്‍ എ.പി രാജേഷിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പുന്നംപറമ്പ് സ്വദേശിയും മച്ചാട് രവിപുരമംഗലം ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറിയുമായ കെ.എസ് ദിനേശന് സമര്‍പ്പിച്ച പരാതിയിലാണ് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി സി.ജയചന്ദ്രന്റെ ഉത്തരവ്. ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നും, ലെറ്റര്‍പാഡില്‍ സീലും, ഒപ്പും വെച്ച് വ്യാജ രശീതി കൊടുത്ത് ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടത്തിയതുമായി ബന്ധപ്പെട്ടും ആറ് ക്ഷേത്രങ്ങളിലെ ജീവനക്കാരില്‍ നിന്നും പണം പിരിച്ചെടുത്ത് രശീതി കൊടുക്കാതേയും, ശാന്തിക്കാര്‍ക്ക് ദേവസ്വം ബോര്‍ഡ് അനുവദിച്ചിട്ടുള്ള നിത്യനിദാന ചിലവിനുള്ള പണം ദേവസ്വം ഓഫിസര്‍ കൈപ്പറ്റുകയും 18 മാസമായി നല്‍കുകയും ചെയ്തില്ലെന്നാണ് പരാതി. നേരത്തെ ദേവസ്വം ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡ് അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയാണെന്നും ദിനേശന് പരാതിയില്‍ വ്യക്തമാക്കുന്നു. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാജേഷിനെ സര്‍വിസില്‍ നിന്ന് സസ്പെന്റ് ചെയ്യണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."