വധശിക്ഷ വിവാദമാകുമ്പോള്‍
ഇല്ലത്തിന്റെ മുറ്റത്ത് പ്രത്യക്ഷപ്പെട്ട വിഷപ്പാമ്പിനെ തലക്കടിച്ചുകൊന്ന അയല്‍വാസിയായ മാപ്പിളയോട് നമ്പൂതിരി പറഞ്ഞുവത്രെ; 'കഷ്ടായിട്ടോ,അതിനെ തലോടി പ്പോവാന്‍ പറഞ്ഞാല്‍ മതിയായിരുന്നു'. തെരുവ് നായകളെ കൈകാര്യം ചെയ്യുന്നതിലും അതിലേറെ മോശമായ മനുഷ്യരെ കൈകാര്യം ചെയ്യുന്നതിലും പലരും ഈ നമ്പൂതിരിയുടെ റോളിലാണ് പ്രത്യക്ഷപ്പെടുന്നത്.
പാവപ്പെട്ടൊരു പെണ്‍കുട്ടിയെ മൃഗീയമായി കൊലപ്പെടുത്തിയ യാചകന് കീഴ്‌ക്കോടതികള്‍ വിധിച്ച വധശിക്ഷ സാങ്കേതിക കാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടി സ്റ്റേ ചെയ്ത വിധിയെപ്പറ്റിയുള്ള ചര്‍ച്ച വധശിക്ഷ അടിസ്ഥാനപരമായി ശരിയാണോ എന്ന ചോദ്യത്തിലേക്കാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്.
ലോകത്തെ ധാരാളം രാഷ്ട്രങ്ങള്‍ വധശിക്ഷ നിരോധിച്ചിരിക്കുന്നു. അതിനാല്‍ ഇന്ത്യയും അങ്ങനെ ചെയ്യണമെന്നാണത്രെ സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ഒരു പ്രശ്‌നം കുറേ രാജ്യങ്ങള്‍ അഥവാ ആളുകള്‍ എതിര്‍ക്കുന്നുവെന്ന കാരണത്താല്‍ മാത്രം തെറ്റാകുമോ? അങ്ങനെയാണെങ്കില്‍ ലോകത്തെ ബഹുഭൂരിപക്ഷ രാജ്യങ്ങളും അംഗീകരിക്കുന്ന ഉദാരവല്‍ക്കരണ നയത്തെ സി.പി.എം അംഗീകരിക്കുമോ? വധശിക്ഷ നിരോധിച്ച രാജ്യങ്ങളില്‍ നടക്കുന്ന ക്രിമിനല്‍ കുറ്റങ്ങളും വധശിക്ഷ നിലവിലുള്ള രാജ്യങ്ങളിലുള്ള കുറ്റകൃത്യങ്ങളും താരതമ്യം ചെയ്യാന്‍ ഇവര്‍ തയാറാണോ?
ഒരാളെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നതോടെ തെറ്റ് തിരുത്താനുള്ള അയാളുടെ അവസരം നിഷേധിക്കുന്നുവെന്നാണ് ഇവര്‍ ഉന്നയിക്കുന്ന മറ്റൊരു ന്യായം. വളരെ ബാലിശമായ കാരണം . ഈ അനുകൂല ഘടകവും അനുകമ്പയും ഇരയുടെ കാര്യത്തില്‍ എന്തുകൊണ്ടിവര്‍ കാണാതെ പോയി. ഒരു തെറ്റും ചെയ്യാത്ത ഒരു വ്യക്തിയെ (ഉദാഹരണം സൗമ്യതന്നെയാവട്ടെന) നിര്‍ദാക്ഷിണ്യം കൊന്ന് തള്ളിയവനെ വധിക്കാന്‍ പാടില്ലെന്ന് പറയുന്നവര്‍ ഇരയുടെ ജീവന് കാണുന്ന വിലയെത്രയാണ്?
ഇവിടെ മറ്റൊരു പ്രശ്‌നം കൂടി ചര്‍ച്ചയ്ക്ക് വരാം. വധശിക്ഷ നിരോധിക്കണമെന്നാവശ്യപ്പെടുന്നവര്‍ അവരുടെ ശത്രുക്കളെ കൈകാര്യം ചെയ്യുന്ന രീതി നാം കണ്ടുകൊണ്ടിരിക്കുകയാണ്. തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ട പല പ്രതികളെയും ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് കൊല ചെയ്യുന്നതില്‍ ഇവരൊട്ടും പിന്നിലൊന്നുമല്ലോല്ലോ! ഇതിനര്‍ഥം വധശിക്ഷ കോടതി മുഖേനയാവുമ്പോള്‍ ക്രൂരതയും വ്യക്തികള്‍ നടപ്പാക്കുമ്പോള്‍ നീതിയും എന്നായിരിക്കുമോ?
രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ ഉത്തരവാദിത്വമുള്ള നേതാക്കള്‍ വധശിക്ഷ നിരോധിക്കണമെന്നു പറയുമ്പോള്‍ ഈ നാട്ടിലെ പാവപ്പെട്ടവരും നിസഹായരായവരുമായ ഇരകളുടെ സംരക്ഷണം ആരാണ് ഏറ്റെടുക്കാനുണ്ടാവുക? ഇന്ത്യന്‍ ഭരണഘടന വധശിക്ഷ നിരോധിച്ചിട്ടില്ല. അതിന്റെ വകുപ്പനുസരിച്ചാണ് അഫ്‌സല്‍ ഗുരുവിനെയും യാഖൂബ് മേമനേയും കോടതി തൂക്കിലേറ്റിയത്. അന്നൊന്നും തോന്നാത്ത മനുഷ്യസ്‌നേഹം ഇപ്പോള്‍ മാത്രം ഉയര്‍ന്നുവരുന്നത് തികച്ചും ദുരൂഹമാണ്. ഈ ഭരണഘടനയനുസരിച്ച് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റവര്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിക്കുകയാണ് വേണ്ടത്.
പാര്‍ട്ടി നയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇത്തരം ഒരു ഘട്ടം തെരഞ്ഞെടുത്തത് ഏതായാലും ശരിയായില്ല. വധശിക്ഷ നിരോധിക്കാന്‍ പറയുന്നതനുസരിച്ച് കൊലയാളിയെ മരണം വരെ തടവിലിട്ടാല്‍ മതിയെന്നാണ്. അതിന്റെ മറ്റൊരുവശം, ഒരാള്‍ക്ക് മരണം വരെ സുഖമായി ഒരധ്വാനവും കൂടാതെ ജീവിക്കണമെങ്കില്‍ ഒരാളെ പിടിച്ച് കൊന്നാല്‍ മതിയെന്നാണ്. ഇയാളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നര്‍ഥം.
വധശിക്ഷ ക്രൂരമാണെന്ന് വാദിക്കുന്നവര്‍ തങ്ങളുടെ സ്വന്തക്കാര്‍ വധിക്കപ്പെടുമ്പോഴും ഈ ന്യായം ഉന്നയിക്കുമോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. വ്യഭിചാരിയെ എറിഞ്ഞുകൊല്ലണമെന്നാണ് ശരീഅത്ത് നിയമം. എന്നാല്‍ ആരു ഭരിച്ചാലും ഇന്ത്യയില്‍ അത് നടപ്പില്ല. അതുപോലെ മറ്റു പാര്‍ട്ടികളുടെ ആഭ്യന്തരനയങ്ങള്‍ ഭരണഘടനയുമായി ഒത്തുപോവുന്നതാണെങ്കില്‍ മാത്രമേ അംഗീകരിക്കാന്‍ കഴിയൂ.
അന്യായമായി ഒരു വ്യക്തിയെയും വധിക്കാന്‍ പാടില്ലെന്ന് ആണയിടുന്ന വിശുദ്ധ ഖുര്‍ആനും ഇതര മതഗ്രന്ഥങ്ങളും തെറ്റ് ചെയ്യുന്നവരെയും കൊള്ളക്കാരെയും സംരക്ഷിക്കണമെന്ന് പറയുന്നില്ല. അവരെ യഥേഷ്ടം തുറന്നു വിട്ടാല്‍ നാട്ടില്‍ അരാജകത്വം മാത്രമായിരിക്കും ഉടലെടുക്കുക. ഒരു വധത്തെ തുടര്‍ന്ന് കൊലപാതക ശൃംഖല സൃഷ്ടിക്കപ്പെടുന്ന അവസ്ഥയാണ് പലയിലടത്തും കാണുന്നതും. കുറ്റവാളിയെ തക്കസമയം നിയമവിധേയമായി കൈകാര്യം ചെയ്യാത്തതാണ് യഥാര്‍ഥ പ്രശ്‌നം. ഇപ്പോള്‍ തന്നെ ട്രെയിന്‍ യാത്ര പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു പേടിസ്വപ്നമായിതീര്‍ന്നിരിക്കുന്നു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല, അത്തരക്കാര്‍ക്ക് വേണ്ടി നിയമ പണ്ഡിതരും രാഷ്ട്രീയ പാര്‍ട്ടികളും വാദിക്കുന്ന അവസ്ഥ തികച്ചും ഭയാനകം തന്നെ.
വധശിക്ഷയെ പേടിച്ചു ഒരാള്‍ കൊലപാതകത്തില്‍നിന്നു മാറിനില്‍ക്കുമ്പോള്‍ അയാളും ഇരയും രക്ഷപ്പെടുന്നു. തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ വധിക്കപ്പെടുന്ന അനേകം പേരും രക്ഷപ്പെടും. കോടതികളിലും ഭരണകര്‍ത്താക്കളുമെല്ലാം ഉള്‍ക്കൊള്ളേണ്ട യാഥാര്‍ഥ്യമാണിത്. കൊലക്ക് കൊല എന്നപോലെ അവയവങ്ങള്‍ക്ക് പ്രതിക്രിയ നിശ്ചയിച്ചതിലും ഇസ്‌ലാം ഈ മാര്‍ഗം സ്വീകരിച്ചിട്ടുണ്ട്. ഇവിടെയെല്ലാം സഹതാപം പ്രകടിപ്പിക്കുന്നവര്‍ ഇരകളുടെ കാര്യത്തിലും അതാണ് ചെയ്യേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."