ഇടതു ദുര്‍ഭരണത്തിനെതിരേ അഞ്ചിടത്തു ഒക്ടോബര്‍ ഒന്നിനു യു.ഡി.എഫ് സമരസംഗമം
കാസര്‍കോട്: ഇടതുമുന്നണി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരേ ഒക്ടോബര്‍ ഒന്നിനു ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളില്‍ യു.ഡി.എഫ് സമര സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുട്ടികള്‍ക്കു കൊടുക്കേണ്ട പോഷകാഹാരം വരെ വെട്ടിക്കുറക്കുകയും ക്ഷേമപെന്ഷന് വീട്ടിലെത്തിച്ചു കൊടുത്ത് നോക്കൂകൂലി വാങ്ങുകയും ചെയ്ത ഇടതു സര്‍ക്കാരിന്റെ തെറ്റായനയങ്ങള്ക്കെതിരേയാണ് പ്രതിഷേധ സമര സംഗമങ്ങളെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
കാസര്‍കോട് കലക്ടറേറ്റിനു മുന്നില്‍ യു.ഡി.എഫ് ജില്ലാ ചെയര്മാന് ചെര്‍ക്കളം അബ്ദുല്ല, മഞ്ചേശ്വരം താലൂക്കോഫിസിനു മുന്നില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയംഗം പി.എ അഷ്റഫ് അലി, കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ.സി.കെ ശ്രീധരന്, ഉദുമ സബ് രജിസ്ട്രാര്‍ ഓഫിസിനു മുന്നില്‍ കെ.പി.സി.സി നിര്‍വാഹക സമിതിയംഗം പി.ഗംഗാധരന് നായര്‍, തൃക്കരിപ്പൂരില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന് എന്നിവര്‍ പ്രതിഷേധ സമര സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കള്‍ പറഞ്ഞു. നൂറു ദിവസം പൂര്‍ത്തിയാക്കിയിട്ടും ഒരു നേട്ടവും സര്‍ക്കാരിനു ചൂണ്ടിക്കാണിക്കാനായില്ലെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ യു.ഡി.എഫ് നേതാക്കളായ ചെര്‍ക്കളം അബ്ദുല്ല, അഡ്വ.സി.കെ ശ്രീധരന്, ഹരീഷ് ബി.നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."