ജില്ലയില്‍ 2.7 ലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ കിട്ടി
മലപ്പുറം: ജില്ലയില്‍ ക്ഷേമപെന്‍ഷന്‍ വിതരണം ഇതുവരെ പൂര്‍ത്തിയായില്ല. ഇന്നലെ വരെ 2.70 ലക്ഷം പേരാണു സഹകരണ ബാങ്കുകള്‍ വഴിയുള്ള പെന്‍ഷന്‍ കൈപ്പറ്റിയത്. ജില്ലയില്‍ ആകെയുള്ള 2,85,751 ഗുണഭോക്താക്കളില്‍ 15751 പേര്‍ക്കാണ് ഇനിയും പെന്‍ഷന്‍ ലഭിക്കാനുള്ളത്. അതേസമയം ഇനി പെന്‍ഷന്‍ ലഭിക്കാനുള്ളവരില്‍ ഭൂരിഭാഗം പേരും ഹജ്ജ് യാത്രയിലുള്ളവരോ മരണപ്പെട്ടവരോ ജോലികിട്ടി പെന്‍ഷനുള്ള അര്‍ഹത നഷ്ടമായവരോ ആണ്. ഹജ്ജിനു പോയവര്‍ തിരിച്ചെത്തിയാലേ ഇവര്‍ക്കുള്ള പെന്‍ഷന്‍ വിതരണം ചെയ്യാനാവൂ. മരണപ്പെട്ടവര്‍ക്കുള്ള പെന്‍ഷന്‍ കുടിശിക ആശ്രിതര്‍ക്കു നല്‍കുവാന്‍ സര്‍ക്കാര്‍ ഭാഗത്തു നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണു ബാങ്ക് അധികൃതരുടെ വിശദീകരണം.
ജില്ലയിലെ ഭൂരിഭാഗം സഹകരണ ബാങ്കുകളിലും പെന്‍ഷന്‍ വിതരണം ഏതാണ്ടു പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഗുണഭോക്താക്കളുടെ കൃത്യമായ പട്ടികയില്ലാത്തതു ബാങ്കുകളെ കുഴയ്ക്കുന്നുണ്ട്. വിതരണം ചെയ്യുവാനുള്ള തുക സര്‍ക്കാര്‍ നല്‍കിയെങ്കിലും കൃത്യമായ മേല്‍വിലാസമില്ലാത്തതിനാല്‍ ചിലയിടങ്ങളില്‍ ഗുണഭോക്താക്കളെ കണ്ടെത്താനായില്ല. വാര്‍ഡുകള്‍ തിരിച്ചുള്ള പട്ടികയിലെ പിഴവുകളും തിരിച്ചടിയായി. 123 സഹകരണ ബാങ്കുകള്‍ മുഖേനയാണു ജില്ലയില്‍ പെന്‍ഷന്‍ വിതരണം നടക്കുന്നത്. കലക്ഷന്‍ ഏജന്റുമാരാണു വീടുകളിലെത്തി തുക കൈമാറുന്നത്.
ഓണത്തിനുമുമ്പു ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിച്ചു നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനമെങ്കിലും ഇതു പൂര്‍ണമായും നടപ്പാക്കാനായില്ല. മലപ്പുറം ജില്ലാ ബാങ്കിന്റെ നേതൃത്വത്തില്‍ ആവശ്യമായ ക്രമീകരണങ്ങളെല്ലാം നടത്തിയാണു പെന്‍ഷന്‍ വിതരണം ഏകോപിപ്പിക്കുന്നത്. മുത്തേടം, കീഴുപറമ്പ്, നെടിയിരുപ്പ്, ഊര്‍ങ്ങാട്ടിരി, കരുളായി, പാങ്ങ്, മലപ്പുറം, ചാലിയാര്‍, ഇരുമ്പുഴി, പന്തല്ലൂര്‍ സഹകരണബാങ്കുകളാണു പെന്‍ഷന്‍ വിതരണത്തില്‍ മുന്‍പന്തിയിലുള്ളത്. ഇവിടങ്ങളില്‍ രണ്ടോ മൂന്നോ ശതമാനം മാത്രമാണ് ഇനി വിതരണം ചെയ്യുവാനുള്ളത്. ഏറ്റവും കൂടുതല്‍ തുക വിതരണം ചെയ്യാന്‍ ലഭിച്ചതു പൊന്നാനി സഹകരണ ബാങ്കിനു കീഴിലാണ്. 6800 പേര്‍ക്ക് വിതരണം ചെയ്യുവാനുള്ള ഇവിടെ 6750 പേര്‍ക്കും ഇതിനകം പെന്‍ഷന്‍ എത്തിച്ചിട്ടുണ്ട്. 5800 പേരുള്ള വേങ്ങര ബാങ്കില്‍ 5500 പേര്‍ക്കും വിതരണം ചെയ്തിട്ടുണ്ട്. കാര്‍ഷിക തൊഴിലാളി പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍, വിധവ പെന്‍ഷന്‍, അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ എന്നിവയാണു വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തുക വിതരണം ചെയ്യുന്നതു ജില്ലയിലാണ്. 205 കോടി രൂപയാണു ജില്ലയില്‍ വിതരണംചെയ്യുന്നത്. നാലു ഗഡുക്കളായി മുഴുവന്‍ തുകയും വിതരണച്ചുമതലയുള്ള ജില്ലാ സഹകരണബാങ്കിനു കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."