മെട്രോ: അനുബന്ധ ഗതാഗതത്തിന് 560 കോടി രൂപയുടെ പദ്ധതി
കൊച്ചി: മെട്രോയ്ക്ക് അനുബന്ധ ഗതാഗത സംവിധാനങ്ങള്‍ ഒരുക്കാന്‍ 560 കോടി രൂപയുടെ പദ്ധതി. ജര്‍മന്‍ സഹകരണത്തോടെയാണ് പരിസ്ഥിതി സൗഹൃദ നഗരഗതാഗത വികസന പദ്ധതി ആസൂത്രണം ചെയ്യുന്നത്. ആകെ തുകയില്‍ ബസുകള്‍ വാങ്ങുന്നതിനുമാത്രം 486 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 783 ബസുകള്‍ വാങ്ങാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 683 ബസുകള്‍ സി.എന്‍.ജിയില്‍ (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് ) പ്രവര്‍ത്തിക്കുന്നവയായിരിക്കും.
100 ഇലക്ട്രിക് ബസുകളുമുണ്ടാകും. ആകെയുള്ള ബസുകളില്‍ 150 എണ്ണം ശീതികരിച്ചവയായിരിക്കും.
ജര്‍മ്മന്‍ വികസന ബാങ്കും കെ.യു.ആര്‍.ടി.സി.യും (കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍) ചേര്‍ന്നാണിത് നടപ്പാക്കുക. പദ്ധതിതുകയുടെ 80 ശതമാനമാണ് ജര്‍മ്മന്‍ ബാങ്ക് വായ്പയായി നല്‍കുന്നതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഡയറക്ടര്‍ (സിസ്റ്റംസ്) പ്രവീണ്‍ ഗോയല്‍ പറഞ്ഞു.
പദ്ധതിക്ക് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായി ജര്‍മ്മന്‍ വികസന ബാങ്ക് പ്രതിനിധികള്‍ കഴിഞ്ഞദിവസം കൊച്ചിയിലെത്തിയിരുന്നു. കൊച്ചി മെട്രോ അധികൃതരുമായും കെ.യു.ആര്‍.ടി.സി പ്രതിനിധികളുമായും ഇവര്‍ ചര്‍ച്ചകള്‍ നടത്തി.
മെട്രോയുടെ ഫീഡറായി ബസുകള്‍ ഓടിക്കുന്നതിന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും കെ.യു.ആര്‍.ടി.സിയും ധാരണയിലെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ജര്‍മ്മന്‍ ബാങ്കുമായി ചേര്‍ന്ന് കെ.യു.ആര്‍.ടി.സി പരിസ്ഥിതി സൗഹൃദ ഗതാഗത പദ്ധതി തയാറാക്കിയത്. കൊച്ചി മെട്രോ സര്‍വിസിനൊപ്പം തന്നെ ഫീഡര്‍ സര്‍വിസും ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെ.യു.ആര്‍.ടി.സി സ്‌പെഷല്‍ ഓഫിസര്‍ എന്‍ ഭദ്രാനന്ദന്‍ പറഞ്ഞു.
പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം തേടിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരവും പദ്ധതിയ്ക്കാവശ്യമുണ്ട്. ഇതിനുശേഷം കെ.എഫ്.ഡബ്ല്യു ബോര്‍ഡിന് മുന്‍പില്‍ പദ്ധതി അവതരിപ്പിക്കും.
കൊച്ചി മെട്രോയ്ക്കനുബന്ധമായുള്ള ജലമെട്രോ പദ്ധതിക്കും വായ്പ നല്‍കുന്നത് ജര്‍മ്മന്‍ വികസന ബാങ്കാണ്. ഇതിനായി 747 കോടി രൂപയുടെ പദ്ധതിയ്ക്ക് ധാരണാപത്രം ഒപ്പുവച്ചിരുന്നു. കൊച്ചി മെട്രോയ്‌ക്കൊപ്പം ഇന്ത്യയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതികളുമായും സഹകരിക്കുന്നുണ്ടെന്ന് കെ.എഫ്.ഡബ്ല്യു പ്രിന്‍സിപ്പല്‍ പ്രൊജക്ട് മാനേജര്‍ ജൂലിയ ഷോള്‍സ് പറഞ്ഞു. ഭുവനേശ്വര്‍, കോയമ്പത്തൂര്‍ നഗരങ്ങളുമായാണ് സഹകരണത്തിന് ധാരണയായിരിക്കുന്നത്.
മിഡി ബസുകളും സര്‍വിസിന്
മൂന്ന് തരത്തിലുള്ള ബസുകളാണ് പദ്ധതിയുടെ ഭാഗമായി കൊച്ചിയില്‍ സര്‍വിസ് ലക്ഷ്യമിടുന്നത്. 40 പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന ബസുകള്‍, 24 പേര്‍ക്ക് യാത്ര ചെയ്യാന്‍ ശേഷിയുള്ള മിഡി ബസുകള്‍, 16 സീറ്റുകളുള്ള മിനി ബസുകള്‍ എന്നിവയാണിവ. 44 റൂട്ടുകളിലേക്ക് ബാറ്ററിയിലുള്ള ഫീഡര്‍ സര്‍വിസുകളാണുണ്ടാവുക. പ്രകൃതിവാതകത്തിലുള്ള ബസുകളുടെ സര്‍വിസിനുള്‍പ്പെടെ ഏകദേശം 300 റൂട്ടുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി വാഹനങ്ങളില്‍ സി.എന്‍.ജി നിറയ്ക്കുന്നതിനുള്ള സ്റ്റേഷനുകളും നഗരത്തിന്റെ പല ഭാഗങ്ങളില്‍ സ്ഥാപിക്കും. തേവരയിലും ആലുവയിലും ഇതിനായി സംവിധാനമൊരുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."