സഊദി അറേബ്യ പുരോഗതിയുടെ പാതയില്‍
വികസിതരാജ്യങ്ങളുടെ മുന്‍നിരയിലേയ്ക്കു കുതിച്ചുകൊണ്ടിരിക്കുന്ന സഊദി അറേബ്യക്ക് ഇന്ന് എണ്‍പത്തിയാറാം ജന്മദിനം. ഓരോ ജന്മദിനം കടന്നുവരുമ്പോഴും സഊദി അറേബ്യക്കു പറയാന്‍ അഭിമാനമാനാര്‍ഹമായ ഇന്നലെകളുണ്ട്. മണല്‍ക്കാടുകളുടെ ഊഷരതയും ഒട്ടകയുഗത്തിന്റെ കടുത്ത യാതനകളും പിന്നിട്ട് വികസനത്തിന്റെ മുന്‍നിരയിലെത്തി നില്‍ക്കുന്ന തോരോട്ടത്തിന്റെ കഥ.
ഒരു രാജ്യത്തിന്റെ സമ്പത്ത് രാഷ്ട്രനിര്‍മാണപ്രക്രിയയില്‍ എങ്ങനെ ക്രിയാത്മകമായി വിനിയോഗിക്കണമെന്നതിന്റെ ഉദാത്തമാതൃകയാണു സഊദി അറേബ്യ. ഒന്നാംകിട രാജ്യങ്ങളെപ്പോലും വെല്ലുന്ന ആധുനികസൗകര്യങ്ങള്‍ ഇന്നു സഊദിയുടെ ഗ്രാമാന്തരങ്ങളിലുള്‍പ്പെടെ സുലഭമാണ്. ന്യൂയോര്‍ക്കിനോടും പാരീസിനോടും കിടപിടിക്കുന്ന പട്ടണങ്ങള്‍, ആകാശം ചുംബിച്ചുനില്‍ക്കുന്ന കോണ്‍ക്രീറ്റ് സൗധങ്ങള്‍ക്കു കീഴെ ലോകോത്തര ബ്രാന്‍ഡുകള്‍ മുതല്‍ മൊട്ടുസൂചിവരെ ലഭിക്കുന്ന ഷോപ്പിങ് മാളുകള്‍, വൃത്തിയും വെടിപ്പുമുള്ള തെരുവോരങ്ങള്‍, സര്‍വ്വവിധ ആധുനികസൗകര്യങ്ങളും ഒത്തുചേര്‍ന്ന ആഡംബര കാറുകള്‍, രാത്രിയെ പകലാക്കുന്ന തെരുവുവിളക്കുകള്‍, മണലാരണ്യത്തെ മലര്‍വാടികളാക്കുന്ന ഉദ്യാനങ്ങള്‍, ആധുനിക സഊദിഅറേബ്യയുടെ ലഘുചിത്രമാണിത്.
ആരോഗ്യ, വിദ്യാഭ്യാസമേഖലകളില്‍ വിപ്ലവകരമായ മാറ്റമാണു സഊദിഅറേബ്യ കൈവരിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറത്ത് എടുത്തുപറയത്തക്ക ഒരു സ്ഥാപനംപോലുമില്ലാത്തിടത്ത് ഇന്നു കൊച്ചുഗ്രാമങ്ങള്‍പോലും കലാലയസമ്പന്നമാണ്. മിക്കപ്രവിശ്യകളിലും കിലോമീറ്ററുകള്‍ പരന്നുകിടക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പണിതുകൊണ്ടിരിക്കുന്നു. പൗരന്മാരുടെ വിദ്യാഭ്യാസത്തിനു മുന്തിയ പരിഗണനയാണു ഭരണകൂടം നല്‍കുന്നത്. വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനു സ്‌കോളര്‍ഷിപ്പും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നു.
വിദേശരാജ്യങ്ങളില്‍ ഉന്നതവിദ്യാഭ്യാസം തേടുന്ന അനേകം സഊദി യുവതീയുവാക്കളുണ്ട്. ഇതിനുവരുന്ന ഭീമമായ ചെലവുവഹിക്കുന്നതും സര്‍ക്കാര്‍തന്നെയാണ്. സ്ത്രീവിദ്യാഭ്യാസത്തിനു ഭരണകൂടംനല്‍കുന്ന പ്രാധാന്യം വിളിച്ചോതുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ യൂനിവേഴ്‌സിറ്റിയായ റിയാദിലെ നൂറാ യൂനിവേഴ്‌സിറ്റി. വിദ്യാഭ്യാസത്തിലൂടെ പൊതുമേഖലയില്‍ എറെക്കുറെ സ്വയംപര്യാപ്തത നേടാന്‍ സാധിച്ചിട്ടുണ്ട്.
വിദ്യാസമ്പന്നമായ യുവതലമുറയാണു സഊദി അറേബ്യക്കുള്ളത്. എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന ലക്ഷ്യത്തിലേയ്ക്കു വിപ്ലവകരമായ മുന്നേറ്റംനടത്താന്‍ സഊദി അറേബ്യക്കു സാധിച്ചിട്ടുണ്ട്. അന്ധവിദ്യാലയങ്ങള്‍, ഖുര്‍ആന്‍ പഠനകേന്ദ്രങ്ങള്‍ എന്നിവയും വിദ്യാഭ്യാസവകുപ്പിനുകീഴില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു.
മതപ്രബോധനരംഗത്തു സഊദിയുടേതു പ്രശംസനീയമായ മാതൃകയാണ്. വിവിധരാജ്യങ്ങളിലുള്ളവര്‍ക്കായി അവരുടെ ഭാഷയില്‍ത്തന്നെ ഇസ്‌ലാമിനെ പരിചയപ്പെടുത്തന്നതിന് ഒരു വകുപ്പുതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളികളടക്കം ഈ രംഗത്തു സജീവമാണ്. ലോകഭാഷകളില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നതിനുള്ള അനേകം പുസ്തകങ്ങളും മറ്റും പ്രസിദ്ധീകരിക്കുന്നുമുണ്ട്.
ആരോഗ്യരംഗത്തു സഊദിയുടെ പുരോഗതി എടുത്തുപറയേണ്ടതാണ്. രാജ്യത്തിന്റെ മുക്കിലും മൂലയിലും ആധുനികസൗകര്യങ്ങളുള്ള ആശുപത്രികളുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍പോലും ആധുനികസൗകര്യങ്ങളോടു കൂടിയവയാണ്. മുഴുവന്‍ പൗരന്മാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജിദ്ദയ്ക്കു സമീപം റാബിക്കലടക്കം ആരംഭിക്കുന്ന എക്കണോമിക് സിറ്റികള്‍ രാജ്യത്തിന്റെ മുഖച്ഛായ മാറ്റിമറിക്കും. ഓരോ പ്രവിശ്യയിലും പുതിയ പുതിയ പദ്ധതികളുമായി പ്രാദേശികഭരണകൂടങ്ങളും വളര്‍ച്ചയുടെ നാഴികക്കല്ലാവുകയാണ്. സഊദിയുടെ ഉള്‍നാടന്‍പ്രദേശങ്ങളാണ് വന്‍പുരോഗതിയിലേയ്ക്കു നീങ്ങിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ നാലുദിക്കും കൂറ്റന്‍ രാജപാതകളാല്‍ ബന്ധിതമാണ്.
സ്വദേശികള്‍ക്കു ജോലിനല്‍കുന്നതിനു മുന്തിയ പരിഗണനയാണു ഭരണകൂടം നല്‍കുന്നത്. വിദേശതൊഴിലാളികളെ നിലനിര്‍ത്തിക്കൊണ്ടുതന്നെ സഊദി യുവാക്കള്‍ക്കു തൊഴില്‍ നല്‍കാനുള്ള പദ്ധതിയാണു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പുതുതായി നടപ്പിലാക്കിയ നിതാഖാത്ത് അടക്കമുള്ള പദ്ധതികള്‍വഴി തൊഴില്‍രംഗത്തെ അരാജകത്വം അവസാനിപ്പിക്കുന്നതിനു സാധിച്ചിട്ടുണ്ട്. വിസക്കച്ചപടം അവസാനിപ്പിക്കുന്നതിനും ഫ്രീ വിസ സമ്പ്രദായം ഇല്ലായ്മ ചെയ്യുന്നതിനും നിമിത്തമായി. ഇന്ന് സഊദിയുടെ തൊഴില്‍മേഖല പുത്തനുണര്‍വിലാണ്. മുന്‍കാലങ്ങളിലേക്കാള്‍ റിക്രൂട്ടമെന്റുകള്‍ നടക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍.
ലോകരാജ്യങ്ങള്‍ സാമ്പത്തികമാന്ദ്യത്തിന്റെ ആഘാതത്തില്‍ ആടിയുലഞ്ഞപ്പോള്‍ സഊദിയുടെ സാമ്പത്തികരംഗം ഭദ്രമായിരുന്നു. ദീര്‍ഘവീക്ഷണത്തോടെയുള്ളതും ആസൂത്രണ വൈഭവത്തോടെയുള്ളതുമായ പദ്ധതികളാണിതിനു വഴിയൊരുക്കിയത്.
ഹജ്ജിനും ഉംറയ്ക്കുമായെത്തുന്ന തീര്‍ഥാടകരെ സേവിക്കുകയെന്നതു കടമയായാണു സഊദിഭരണകൂടം കാണുന്നത്. വിശുദ്ധമായ രണ്ടു ഹറമുകള്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ വികസനത്തിനു സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ, മറ്റു തീര്‍ഥാടകകേന്ദ്രങ്ങളും വന്‍വികസനത്തിന്റെ പാതയിലാണ്.
ലോകത്തെ പീഡിതരുടെയും നിരാലംബരുടെയും മുന്നിലേയ്ക്കു നീളുന്ന ആദ്യകൈകള്‍ എന്നും സഊദിയുടെതാണ് . ആഫ്രിക്കന്‍ രാജ്യങ്ങള്‍, ബംഗ്ലാദേശ്, സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ പീഡിതരെ സഹായിക്കുന്നതിനു കോടിക്കണക്കിനു റിയാലാണു ചെലവിടുന്നത്.
ആ സ്ഥലങ്ങളിലെ പ്രശ്‌നപരിഹാരത്തിനായി ക്രിയാത്മക ഇടപെടലുകള്‍ നടത്തുന്നതും സഊദി അറേബ്യയാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ പ്രശ്‌നപരിഹാരത്തിനു സഊദിയുടെ അഭിപ്രായങ്ങള്‍ ലോകം ശ്രദ്ധാപൂര്‍വം കാത്തിരിക്കുകയാണ് . ആഭ്യന്തരപ്രശ്‌നങ്ങള്‍ ഓരോരോ രാജ്യത്തിന്റെയും വികസനത്തെ കാര്യമായി ബാധിക്കാറുണ്ട്.
തീവ്രവാദപ്രസ്ഥാനത്തെ സഊദി ഭരണകൂടം നേരിട്ടതു മനുഷ്യത്വപരമായിട്ടാണ്. അതുകൊണ്ടുതന്നെ തീവ്രവാദത്തിന്റെ വേരറുക്കാനും സാധിച്ചു. തീവ്രവാദികള്‍ക്കു പൊതുമാപ്പുനല്‍കുകയും അവരെ പുനരധിവസിപ്പിക്കുകയും പഴയജീവിതത്തിലേയ്ക്കു തിരിച്ചുകൊണ്ടുവരികയും ചെയ്യുന്ന ഏകരാജ്യം സഊദിഅറേബ്യയായിരിക്കും.
കുറ്റകൃത്യങ്ങള്‍ക്കു കടുത്തശിക്ഷ നല്‍കുന്ന രാജ്യമാണു സഊദി. അതുകൊണ്ടുതന്നെ ലോകത്തെ ഏറ്റവും കുറവു കുറ്റകൃത്യങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്താണു സൗദി.
ഇസ്‌ലാമികശരീഅത്ത് നിയമമായി നടപ്പാക്കുന്ന രാജ്യമാണു സഊദി അറേബ്യ. ഇസ്‌ലാമിക സംസ്‌കാരവും ആചാരവും ഈ ആരാമത്തില്‍ പുഷ്പിച്ചുനില്‍ക്കുന്നു. തീര്‍ത്തും മതാധിഷ്ടിതരാജ്യമായിട്ടുകൂടി ലോകരാജ്യങ്ങളോടൊപ്പം കൈകോര്‍ത്തു നീങ്ങാന്‍ സാധിക്കുന്നുവെന്നതാണു സഊദിയുടെ പ്രത്യേകത.
ഇന്നു സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ സഊദിഅറേബ്യ മുന്നേറുകയാണ്. ആധുനിക ചരിത്രവിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ വയ്ക്കാന്‍ അഭിമാനത്തിന്റേതായ ഏടുകളുണ്ട്. ഒന്നുമില്ലായ്മയില്‍നിന്നു തുടങ്ങി ലോകവാണിജ്യശക്തികളുടെ ഒന്നാംനിരയിലേയ്ക്കു കടന്നെത്തിയ സാഹസിക കഥ. ഇത് ഏതെങ്കിലും പ്രദേശത്തേയോ മേഖലയേയോ കേന്ദ്രീകരിച്ചു കൊണ്ടല്ല. പാടത്തും പണിശാലയിലും പള്ളിയിലും പള്ളിക്കൂടങ്ങളിലും ഈ തേരോട്ടത്തിന്റെ ആരവമുണ്ട്, ഓരോ അണുവിലും പുരോഗതിയുടെ സ്പന്ദനമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."