ജനവാസ കേന്ദ്രത്തിലെ മദ്യശാല: പ്രതിഷേധം ശക്തമാകുന്നു
ഫറോക്ക്: ജനവാസ കേന്ദ്രത്തില്‍ മദ്യശാല തുടങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ചെറുവണ്ണൂര്‍ കുണ്ടായിത്തോട് ശാരദാമന്ദിരത്തിലാണ് ബിവറേജ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റ് തുറക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരേ സര്‍വകക്ഷി ചേര്‍ന്നു മദ്യശാലാ വിരുദ്ധ സമിതിക്കു രൂപം നല്‍കിയിട്ടുണ്ട്.
ചെറുവണ്ണൂര്‍-ടി.പി റോഡ് ജങ്ഷനില്‍ ദേശീയപാതയോരത്തു നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബിവറേജ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റാണ് ശാരദാമന്ദിരത്തിലേക്കു മാറ്റിസ്ഥാപിക്കുന്നത്. ടൊയോട്ട ഷോറൂമിനു സമീപം ശബരി വുഡ് ഉടമ ദേവന്റെ കൈവശമുള്ള ഗോഡൗണില്‍ ഔട്ട്‌ലെറ്റ് ആരംഭിക്കാനാണ് രഹസ്യനീക്കം നടക്കുന്നത്. മദ്യം സൂക്ഷിക്കാനുള്ള ഗോഡൗണാണെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, എക്‌സൈസ് സംഘം പരിശോധനയ്‌ക്കെത്തിയപ്പോഴാണു മദ്യ വില്‍പനകേന്ദ്രമാണെന്നു ജനം അറിയുന്നത്. ചട്ടങ്ങള്‍ പാലിക്കാതെയാണു മദ്യശാല തുടങ്ങുന്നത്. ഔട്ട്‌ലെറ്റ് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന കെട്ടിടത്തിന്റെ തൊട്ടടുത്തു തന്നെ ഇംഗ്ലീഷ് മീഡിയം സ്‌കൂളും ഗേള്‍സ് ഹോസ്റ്റലും പ്രവര്‍ത്തിക്കുന്നുണ്ട്. പിറകുവശത്തു സര്‍ക്കാരില്‍ നിന്നു മിച്ചഭൂമി വാങ്ങി വീടുവച്ച് 85 കുടുംബങ്ങളും താമസിക്കുന്നുണ്ട്. ഇതിനുപുറമെ, ബസ് കാത്തിരിപ്പു കേന്ദ്രവും അന്ധപുനരധിവാസ കേന്ദ്രവും ഇതിനു സമീപത്തുണ്ട്.
മദ്യശാല ആരംഭിക്കുന്നതിനെതിരേ മദ്യശാലാ വിരുദ്ധസമിതി ഗാന്ധി ജയന്തിദിനത്തില്‍ ശാരദാ മന്ദിരത്തില്‍ ജനകീയ ധര്‍ണ നടത്തും. സമിതി രൂപീകരണ യോഗം കൗണ്‍സിലര്‍ എം. കുഞ്ഞാമുട്ടി ഉദ്ഘാടനം ചെയ്തു. എം.പി ജനാര്‍ദനന്‍ അധ്യക്ഷനായി. ഐ.പി മുഹമ്മദ്, റഷീദ് പുതുക്കുടി, കലാം കടുവാനത്ത്, ബഷീര്‍ കുണ്ടായിത്തോട് സംസാരിച്ചു. ഭാരവാഹികള്‍: എം.പി ജനാര്‍ദനന്‍ (പ്രസി), പി. പ്രമോദ് (സെക്ര), പി. അച്ചുതന്‍ (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."