സംവിധായകന്‍ കമലിനെ ജന്മനാട് ആദരിക്കും
കൊടുങ്ങല്ലൂര്‍: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സംവിധായകന്‍ കമലിനെ ജന്മനാട് ആദരിക്കുന്നു. മതിലകം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയായ കോസ്‌മോസിന്റെ ആഭിമുഖ്യത്തിലാണ് ആദരിക്കുന്നത്.
സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ പ്രത്യേകം സജ്ജമാക്കുന്ന മേഘമല്‍ഹാറില്‍ ഞായറാഴ്ച വൈകിട്ട് നടക്കുന്ന സ്‌നേഹപൂര്‍വം കമലിന് എന്ന ജന്മനാടിന്റെ ആദരത്തിനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികളായ ആസ്പിന്‍ അഷറഫ്, സി.വി. അനില്‍കുമാര്‍, സുലൈമാന്‍ കാക്കശ്ശേരി, ആന്റോ വര്‍ഗ്ഗീസ്, കെ.വൈ അസീസ്, ടി.ബി സുരേഷ്ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വൈകിട്ട് മൂന്നിന് മതിലകം ഹൈസ്‌കൂളില്‍ ഗുരുനാഥന്‍മാരായിരുന്നവരെ കമല്‍ ആദരിക്കുന്ന ഗുരുവന്ദനത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. ഇ.ടി. ടൈസണ്‍ എം.എല്‍.എ അധ്യക്ഷനാകും. മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉപഹാരം സമര്‍പ്പിക്കും.
ചടങ്ങില്‍ മന്ത്രിമാര്‍, ജനപ്രതിനിധകള്‍, സംവിധായകര്‍, നടീനടന്‍മാര്‍, ഗായകര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് ചലച്ചിത്ര സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്റെ നേതൃത്വത്തില്‍ മധു ബാലകൃഷ്ണന്‍, വിധു പ്രതാപ്, ജ്യേത്സന എന്നിവര്‍ ചേര്‍ന്ന് കമല്‍ സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുള്ള ഗാനമാലിക അവതരിപ്പിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."