മെഡിക്കല്‍ പ്രവേശനം: മാനേജ്‌മെന്റുകളുടെ കൗണ്‍സിലിങ് റദ്ദാക്കണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കേരളത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനത്തിന് പ്രത്യേക കൗണ്‍സിലിങ് നടത്തുന്നതിന് അനുമതി നല്‍കിയ കേരളാ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍. ഏകീകൃത കൗണ്‍സിലിങിലൂടെ മാത്രമേ പ്രവേശനം നടത്താന്‍ പാടുള്ളൂവെന്നും അല്ലാതെയുള്ള നടപടികള്‍ സുപ്രിം കോടതി ഉത്തരവിനു വിരുദ്ധമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
മധ്യപ്രദേശ് സര്‍ക്കാരിന്റെ ഹരജി പരിഗണിച്ച് സ്വകാര്യ കോളജുകള്‍ പ്രത്യേകം കൗണ്‍സിലിങ് നടത്തേണ്ടതില്ലെന്ന് കഴിഞ്ഞദിവസം സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ സമീപിച്ചത്.
എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ വാദം കേള്‍ക്കേണ്ടതുണ്ടെന്നു വ്യക്തമാക്കിയ ജസ്റ്റിസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ ബെഞ്ച്, കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്കു മാറ്റി.
എല്ലാ വിദ്യാര്‍ഥികള്‍ക്കുംവേണ്ടി കേന്ദ്രീകൃത കൗണ്‍സിലിങ് നടത്തുമ്പോള്‍ അതില്‍ പങ്കെടുക്കാതെ പ്രത്യേകം കൗണ്‍സലിങ് നടത്തുന്നത് സുപ്രിം കോടതി ഉത്തരവിനു വിരുദ്ധമാണെന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ വാദം പരിഗണിച്ചാണ് കഴിഞ്ഞദിവസം കോടതി ഉത്തരവിട്ടത്.
ഈ ഉത്തരവ് രാജ്യവ്യാപകമായി നടപ്പാക്കാന്‍ നിര്‍ദേശിക്കണമെന്ന് കേന്ദ്രത്തിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞമാസം 26നാണ് സ്വകാര്യ കോളജുകള്‍ക്കും കല്‍പ്പിത സര്‍വകലാശാലകള്‍ക്കും സ്വന്തംനിലയ്ക്ക് കൗണ്‍സലിങ് നടത്താന്‍ കേരളാ ഹൈക്കോടതി അനുമതി നല്‍കിയത്.
ഈ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തി ബോംബെ ഹൈക്കോടതിയും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരേയാണ് കേന്ദ്രവും മഹാരാഷ്ട്ര സര്‍ക്കാരും സുപ്രിം കോടതിയെ സമീപിച്ചത്.
മെഡിക്കല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) മാത്രം ബാധകമാക്കിയതിനു ശേഷമുള്ള നടപടികള്‍ തുടരുന്നതിനിടെയാണ് വിഷയം വീണ്ടും സുപ്രിം കോടതിയുടെ മുന്നിലെത്തിയത്.
അതേസമയം, പ്രവേശനത്തിന് സുപ്രിം കോടതി നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിക്കാറായതിനാല്‍ അടിയന്തര പ്രാധാന്യം പരിഗണിച്ച് ഹരജികള്‍ ഇന്നുതന്നെ പരിഗണിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. എന്നാല്‍, സെപ്റ്റംബര്‍ 30 എന്ന സമയപരിധി വേണമെങ്കില്‍ നീട്ടാമെന്ന് കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."