സ്‌നേഹതീരത്ത് ഇനി 'കാവല്‍ സുരക്ഷ '
വാടാനപ്പള്ളി: ഒട്ടേറെ ജീവനുകള്‍ കടല്‍ കവര്‍ന്ന തളിക്കുളം സ്‌നേഹതീരത്തും നമ്പിക്കടവിലും ഇനി ജീവഹാനി സംഭവിക്കാതിരിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെട്ട് നാട്ടുകാരുടെ കാവല്‍ ആരംഭിക്കുന്നു. ടൂറിസം വികസനത്തിനായി ലക്ഷങ്ങള്‍ ചിലവഴിച്ചിട്ടും വിനോദസഞ്ചാരികളുടെ സുരക്ഷക്ക് വില കല്‍പിക്കാത്തതാണ് കാവല്‍ സുരക്ഷക്ക് കാരണമായത്.
സ്‌നേഹതീരം ആരംഭിച്ച് പത്ത് വര്‍ഷത്തിനിടെ പന്ത്രണ്ട് മനുഷ്യജീവനുകളാണ് സ്‌നേഹതീരത്തും നമ്പിക്കടവിലുമായി കടലില്‍ പൊലിഞ്ഞത്. വിദ്യാര്‍ഥികളായിരുന്നു ഇതില്‍ ഏറിയ പങ്കും. പ്രശസ്തിയിലേക്കുയര്‍ന്ന സ്‌നേഹതീരം ബീച്ചില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ആഴ്ചകളിലും, മറ്റു അവധി ദിവസങ്ങളിലും, ആഘോഷ ദിവസങളിലും എത്തുന്നത്. ഡി.ടി.പി.സി മുഖേന രണ്ട് ലൈഫ് ഗാര്‍ഡുകളാണ് സ്‌നേഹതീരം മുതല്‍ നമ്പിക്കടവ് വരെ സുരക്ഷാ ജോലിക്കായി നിയമിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഞായറാഴ്ച സ്‌നേഹതീരത്ത് കടലില്‍ കുളിക്കാനിറങ്ങിയ പാലക്കാട് കൊല്ലങ്കോട് പുതുനഗരം സ്വദേശി 25കാരന്‍ സുനില്‍കുമാര്‍ തിരയില്‍ പെട്ട് മരിക്കുകയും, ഈ സമയത്ത് ഇവിടെ ഡ്യൂട്ടിയിലുണ്ടാവേണ്ട ലൈഫ് കാര്‍ഡുകള്‍ സ്ഥലത്ത് ഇല്ലാത്തതിനെ തുടര്‍ന്ന് തിരയില്‍പെട്ട യുവാവ് മരിച്ചതോടെയാണ് കാവല്‍ എന്ന പേരില്‍ സുരക്ഷാ പദ്ധതിക്ക് പ്രേരണയായത്. സ്‌നേഹതീരത്തിന്റെ മുഖ്യശില്‍പിയായ ടി.എന്‍ പ്രതാപന്‍ തന്നെയാണ് ഇതിന് മുന്‍കയ്യെടുത്തത്. കടലിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ക്ക് ഉപദേശ നിര്‍ദേശങ്ങള്‍ യഥാസമയം നല്‍കുക, ഇതോടൊപ്പം ശക്തമായ രക്ഷാപ്രവര്‍ത്തനങ്ങളുമാണ് കാവലിന്റെ കാതല്‍. ഇതിനായി തളിക്കുളം സ്‌നേഹതീരം ബീച്ച് സുരക്ഷാസമിതിക്കും രൂപം നല്‍കി.
ഞായര്‍, ഉള്‍പ്പെടെ പൊതു അവധി ദിവസങ്ങളിലും മറ്റ് ആഘോഷ ദിവസങ്ങളിലുമാണ് മത്സ്യത്തൊഴിലാളികളുടെ കാവല്‍ ഉണ്ടായിരിക്കുക. രാവിലെ പത്തു മുതല്‍ സൂര്യാസ്തമയം വരെ നിതാന്ത ജാഗ്രതയിലായിരിക്കും മത്സ്യത്തൊഴിലാളികള്‍. കടലില്‍ നീന്തി പരിശീലനമുള്ള നാലു പേര്‍ പ്രത്യേക യൂനിഫോം ധരിച്ചാണ് കാവല്‍ ഏര്‍പ്പെടുത്തുക. സന്ദര്‍ശകര്‍ക്ക് ലഘുലേഖകള്‍ നല്‍കുന്നതിനൊപ്പം തീരത്ത് കൂടുതല്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."