ഇടുക്കി ആര്‍ച്ച് ഡാമിനെ ബന്ധിപ്പിക്കുന്ന കുറവന്‍ - കുറത്തി മലകള്‍ക്ക് ദൗര്‍ബല്യം ?
തൊടുപുഴ: ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കോണ്‍ക്രീറ്റ് ആര്‍ച്ച് ഡാമായ ഇടുക്കിയെ ബന്ധിപ്പിക്കുന്ന കുറവന്‍ - കുറത്തി മലകള്‍ക്ക് ദൗര്‍ബല്യം. ലോകത്തുതന്നെ അപൂര്‍വ്വമായ ആര്‍ച്ച് ഡാമുകള്‍ക്കു മര്‍ദ്ദം താങ്ങാനുള്ള ശേഷി കൂടുതലാണ്. രൂപകല്‍പ്പന അനുസരിച്ച് ഇത്തരം ഡാമുകളുടെ സമ്മര്‍ദം വശങ്ങളിലെ മലകളിലേക്കാണ് ഏറെയും സംക്രമിക്കുന്നത്. അതിനാല്‍ മലയില്‍ വരുന്ന മാറ്റങ്ങളും ആര്‍ച്ച് ഡാമുകളുടെ സുരക്ഷയെ ബാധിക്കും. കുറവന്‍ - കുറത്തി മലകളാണ് ഇടുക്കി ആര്‍ച്ച് ഡാമിനെ ബന്ധിപ്പിച്ചിരിക്കുന്നത്. ഈ മലകള്‍ക്കുണ്ടാകുന്ന ദൗര്‍ബല്ല്യം അണക്കെട്ടിനെ സാരമായി ബാധിക്കും. ഈ പശ്ചാത്തലത്തിലാണു കുറവന്‍ - കുറത്തി മലകളില്‍ നിന്നുള്ള പാറ വീഴ്ച ഭീഷണിയാകുന്നത്.
ഇന്നലെ പുലര്‍ച്ചെ കുറവന്‍ മലയില്‍നിന്നാണു പാറ അടര്‍ന്നു വീണത്. 500 അടിയോളം ഉയരത്തില്‍നിന്നു വീണ പാറ ഡാമിന്റെ പുറം ഭാഗത്ത് തട്ടി ചിന്നിച്ചിതറി. പാറക്കല്ലുകള്‍ പതിച്ചു ഡാമിന്റെ വശത്തെ ഇരുമ്പു ഗോവണിയും അടിത്തട്ടിലെ കൈവരികളും തകര്‍ന്നിട്ടുണ്ട്. മൂന്നു വര്‍ഷം മുമ്പ് കുറത്തി മലയില്‍നിന്നും ഇതേതരത്തില്‍ കൂറ്റന്‍ പാറകള്‍ അടര്‍ന്നു വീണിരുന്നു. കുറത്തി മലയില്‍നിന്നാണു കൂടുതല്‍ തവണ പാറ അടര്‍ന്നുവീണത്. ഡാമിന്റെ അടിഭാഗത്തെ പൊലിസ് ഗാര്‍ഡ് റൂമിന്റെ 25 മീറ്ററോളം അകലെയായാണ് ഇന്നലെ കല്ലുകള്‍ പതിച്ചത്. മുമ്പും പാറയിടിച്ചില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഡാമില്‍ പതിക്കുന്നത് ആദ്യമായാണ്. 40 അടി വ്യാസമുള്ള ഒരു കല്ല് അടര്‍ന്നു വീണത് അണക്കെട്ടില്‍ നിന്നും 80 മീറ്റര്‍ അകലത്തിലായിരുന്നു. വലിയ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ ഉണ്ടായില്ലെന്നത് യാദൃശ്ചികം മാത്രം. അടര്‍ന്നുവീഴാന്‍ ഓങ്ങിനില്‍ക്കുന്ന കല്ലുകള്‍ ഇനിയും നിരവധിയുണ്ടിവിടെ.
2009 ജൂണില്‍, 65 ലക്ഷം രൂപാ മുടക്കി വൈദ്യുതി ബോര്‍ഡ് ഡാമിന്റെ അടിഭാഗത്തു കോണ്‍ക്രീറ്റ് ഗ്രൗട്ടിങ് നടത്തിയിരുന്നു. ആര്‍ച്ചിനെ ബന്ധിപ്പിക്കുന്ന മലയുടെ അടിഭാഗത്താണു ട്രെയ്‌സര്‍ കട്ട് സംവിധാനത്തില്‍ 1440 അടി വിസ്തൃതിയില്‍ ഗ്രൗട്ടിങ് നടത്തിയത്. ഇരുമ്പ് വല, സിമന്റ്, മണല്‍, 6 മില്ലീമീറ്റര്‍ വലുപ്പമുള്ള മെറ്റല്‍ എന്നിവ ഉപയോഗിച്ച് ഉയര്‍ന്ന മര്‍ദ്ദത്തിലാണു കോണ്‍ക്രീറ്റിങ് നടത്തിയത്. കുറവന്‍ - കുറത്തി മലകളില്‍ ദുര്‍ബല ഭാഗങ്ങള്‍ കണ്ടെത്തി ഇത്തരത്തില്‍ ഗ്രൗട്ടിംഗ് നടത്തുകയാണ് ഏക പോംവഴി. വിദഗ്ധരായ ജിയോളജിസ്റ്റുകളുടെ സഹായത്തോടെ മാത്രമേ ദുര്‍ബലത കണ്ടെത്താന്‍ കഴിയൂ. ഇത്തരത്തിലുള്ള നീക്കങ്ങളൊന്നും കെ എസ് ഇ ബി യുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതായി സൂചനയില്ല. അണക്കെട്ടിലെ ഒരോ മാറ്റങ്ങളും കെ.എസ്.ഇ.ബി റിസര്‍ച്ച് വിഭാഗം സസൂക്ഷ്മം നിരീക്ഷിച്ചു വരുന്നുണ്ട്. കുറവന് 839 മീറ്ററും കുറത്തിക്ക് 925 മീറ്ററും ഉയരമുണ്ട്. ആര്‍ച്ചിന്റെ വീതി 168.9 മീറ്ററാണ്. 9.81 മീറ്ററാണ് ഡാമിന്റെ അടിഭാഗത്തെ വീതി. 4.64 ലക്ഷം ഘനമീറ്റര്‍ കോണ്‍ക്രീറ്റ് ഉപയോഗാച്ചാണ് ആര്‍ച്ച് ഡാം നിര്‍മിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."