സൂരജിന്റെ മരണം: അന്വേഷണം വേണമെന്നു പിതാവ്
തൃക്കൊടിത്താനം: നാല്‍ക്കവല എ.ജി സദനത്തില്‍ സൂരജ് (കണ്ണന്‍ 30) ബൈക്കപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ ദുരൂഹതയുള്ളതായി പിതാവ്.കഴിഞ്ഞ ജൂലൈ 2ന് വൈകിട്ട് 9 മണിയോടെയാണ് സൂരജിന് അപകടമുണ്ടായി വീട്ടുകാര്‍ അറിയുന്നത്. അപകടദിവസം രാത്രി 8 മണി വരെ വീട്ടിലുണ്ടായിരുന്ന സൂരജ് ആരോ ഫോണില്‍ വിളിച്ചതനുസരിച്ച് ബൈക്കില്‍ പുറപ്പെടുകയായിരുന്നു.
പിന്നീട് അപകടവാര്‍ത്തയാണ് അറിയുന്നത്. ആദ്യം തെങ്ങണായില്‍ വച്ചാണ് അപകടം സംഭവിച്ചതെന്നും, പിന്നീട് നാലുന്നാക്കല്‍ പാലത്തിന്റെ കൈവരിയിലാണെന്നും അതിനുശേഷം നാലുന്നാക്കല്‍ വര്‍ക്‌ഷോപ്പിന്റെ തൂണില്‍ ഇടിച്ചാണ് അപകടം ഉണ്ടായതെന്നും സൂരജിന്റെ കൂടെയുള്ളവര്‍ പറഞ്ഞതാണ് സംശയത്തിന് കാരണമായതെന്ന് പിതാവ് പൊലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മാത്രമല്ല സൂരജിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുള്ളതായി സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. സൂരജിന്റേ കൂടെ യാത്ര ചെയ്തിരുന്നവര്‍ ഇതുവരെ കൃത്യമായ വിവരം നല്‍കാത്തതാണ് പരാതിക്ക് കാരണമായത്. എന്നാല്‍ ആരെയും സംശയമുള്ളതായി പറഞ്ഞിട്ടുമില്ല.
അപകടം ഉണ്ടായി അരമണിക്കറിലേറെ നേരം റോഡില്‍ കിടക്കുകയും കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കൂട്ടാക്കാതിരുന്നതും സംശയത്തിനിടയാക്കുന്നു. പിന്നീട് എത്തിയവരാണ് സൂരജിനെ ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അവിടെനിന്ന് അടിയന്തിര ശുശ്രൂഷകള്‍ നല്‍കി ആംബുലന്‍സില്‍ വെന്റിലേറ്റര്‍ ഘടിപ്പിച്ച് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു.എന്നാല്‍ മെഡിക്കല്‍ കോളജില്‍ എത്തുന്നതിനുമുന്‍പ് വെന്റിലേറ്റര്‍ ആരോ എടുത്തുമാറ്റിയതും മരണകാരണമെന്ന് പരാതിയില്‍ പറയുന്നു. ക്രിമിനല്‍ പശ്ചാത്തലങ്ങളൊന്നുമില്ലാത്ത സൂരജിനോട് നാട്ടുകാര്‍ക്ക് ഏറെ പ്രിയമായിരുന്നു.
സൂരജിന്റെ കൂടെയുണ്ടായിരുന്നവര്‍ ആരെയൊ ഭയപ്പെടുന്നതാവാം കാര്യങ്ങള്‍ തുറന്നുപറയാന്‍ മടിക്കുന്നതെന്ന് സുബാഷ് ചന്ദ്രന്‍ പറഞ്ഞു.
നേരത്തേയും സൂരജിനെ അപായപ്പെടുത്താന്‍ ചിലര്‍ പദ്ധതിയിട്ടിരുന്നതായും ആരോപണമുണ്ട്. മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും പിതാവ നല്‍കിയ പകരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."