കടുപ്പിച്ച് വെള്ളാപ്പള്ളി, മയപ്പെടുത്തി തുഷാര്‍; സമ്മര്‍ദതന്ത്രവുമായി ബി.ഡി.ജെ.എസ്
സ്വന്തം ലേഖകന്‍
ആലപ്പുഴ: വാഗ്ദാനം ചെയ്യപ്പെട്ട അധികാരസ്ഥാനങ്ങള്‍ കിട്ടാതെ വന്നതോടെ ബി.ജെ.പിക്കെതിരേ നിലപാട് കടുപ്പിച്ച് വെള്ളാപ്പള്ളി രംഗത്തെത്തിയപ്പോള്‍ മയപ്പെടുത്തി തുഷാറും. കേന്ദ്ര സര്‍ക്കാരില്‍ നിന്നും സ്ഥാനങ്ങള്‍ നേടാനുള്ള സമര്‍ദതന്ത്രമാണ് ബി.ഡി.ജെ.എസ് പുറത്തെടുത്തിരിക്കുന്നത്.
ബി.ഡി.ജെ.എസ് -ബി.ജെ.പി ബന്ധത്തില്‍ അസ്വാരസ്യങ്ങളുണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി തുറന്നടിക്കുമ്പോള്‍ മുന്നണി ബന്ധത്തില്‍ തര്‍ക്കങ്ങളില്ലെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നിലപാട്. സമ്മര്‍ദതന്ത്രങ്ങളിലൂടെ ബോര്‍ഡ്, കോര്‍പ്പറേഷനുകള്‍ നേടിയെടുക്കാനുള്ള നീക്കമാണ് ബി.ഡി.ജെ.എസ് നടത്തുന്നത്.
ബി.ജെ.പിയുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലും ബി.ജെ.പിയുമായുള്ള മുന്നണിബന്ധം ബി.ഡി.ജെ.എസ് ഉപേക്ഷിക്കില്ല. പകരം സമ്മര്‍ദതന്ത്രങ്ങളിലൂടെ സ്ഥാനങ്ങള്‍ നേടിയെടുക്കുകയെന്നതാണ് ബി.ഡി.ജെ.എസ് തീരുമാനം.
ബി.ജെ.പിയുടെ ദേശീയ കൗണ്‍സില്‍ യോഗം ആരംഭിക്കുന്നതിന് മുന്‍പേ ബി.ഡി.ജെ.എസുമായുള്ള പ്രശ്‌നങ്ങള്‍ സജീവ ചര്‍ച്ചയാക്കാനായതിന്റെ ആഹ്ലാദത്തിലാണ് നേതാക്കള്‍.
ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ ബി.ജെ.പി ദേശീയ നേതാക്കള്‍ എല്ലാം കേരളത്തിലുള്ളതിനാല്‍ ഈ ഘട്ടത്തില്‍ നടത്തുന്ന സമ്മര്‍ദതന്ത്രം ഫലം കാണുമെന്നാണ് ബി.ഡി.ജെ.എസിന്റെ പ്രതീക്ഷ. ബി.ജെ.പി വാഗ്ദാനം ചെയ്ത സ്ഥാനങ്ങള്‍ ലഭിക്കാത്തത് സാങ്കേതികപ്രശ്‌നം മാത്രമാണെന്ന് വ്യക്തമാക്കി ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി നിലപാട് മയപ്പെടുത്തിയതും പുതിയ തന്ത്രത്തിന്റെ ഭാഗമായാണ്.
തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭ അംഗത്വവും കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ബി.ഡി.ജെ.എസിന് 20ല്‍ അധികം ചെയര്‍മാന്‍ സ്ഥാനങ്ങളും എന്നതായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പി - ബി.ഡി.ജെ.എസ് ധാരണ.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഈ തീരുമാനം നടപ്പായില്ല. ചില ബോര്‍ഡ് സ്ഥാനങ്ങളില്‍ തീരുമാനം ആയെങ്കിലും നടപ്പിലാക്കുന്നത് നീണ്ടുപോകുകയാണ്. ഇതാണ് ബി.ഡി.ജെ.എസ് നേതൃത്വത്തെ ചൊടിപ്പിച്ചതും.
തിങ്കളാഴ്ച കോഴിക്കോട് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ നടക്കുന്ന എന്‍.ഡി.എ യോഗത്തില്‍ എടുക്കേണ്ട നിലപാട് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ കണിച്ചികുളങ്ങരയില്‍ ബി.ഡി.ജെ.എസ് കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്നു. അവഗണനയിലുള്ള അണികളുടെ പ്രതിഷേധം ബി.ജെ.പി നേതൃത്വത്തെ ബോധ്യപ്പെടുത്തും.
എന്നാല്‍, സ്ഥാനങ്ങള്‍ സംബന്ധിച്ചു ഇനി ചര്‍ച്ച നടത്തേണ്ടതില്ലെന്നും നടപടികളാണ് വേണ്ടതെന്നും നേതൃയോഗം തീരുമാനിച്ചു. ബി.ഡി.ജെ.എസിന്റെ പോഷകസംഘടനകള്‍ രൂപീകരിക്കാനും നിര്‍ജീവമായ സംസ്ഥാന ഭാരവാഹികളെ സ്ഥാനങ്ങളില്‍ നിന്നും നീക്കംചെയ്യാനും യോഗത്തില്‍ തീരുമാനമായി.
തുഷാര്‍ വെള്ളാപ്പള്ളിക്ക് പുറമേ ജനറല്‍ സെക്രട്ടറി സുഭാഷ് വാസു, ടി.വി ബാബു തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. പാര്‍ട്ടി ഉപാധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് യോഗത്തില്‍ നിന്നും വിട്ടുനിന്നു. ജില്ലാഭാരവാഹികള്‍ പങ്കെടുക്കുന്ന കൗണ്‍സില്‍ യോഗം ഇന്നു നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."