ബി.ജെ.പി. ദേശീയ കൗണ്‍സില്‍: പൊതുസമ്മേളനം ഇന്ന്
കോഴിക്കോട്: ബി.ജെ.പി ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കോഴിക്കോട്ടെത്തും. 4.21 ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയെ പ്രധാനനേതാക്കള്‍ സ്വീകരിക്കും.
അവിടെനിന്നും ഹെലികോപ്റ്റര്‍ മാര്‍ഗം 4.50ന് വിക്രം മൈതാനിയിലെത്തും. 4.55 ന് റോഡ് മാര്‍ഗം ബീച്ചിലെ പൊതുസമ്മേളന വേദിയിലേക്ക് തിരിക്കും. ഒന്നരമണിക്കൂര്‍ അവിടെ ചെലവഴിച്ച ശേഷം തിരിച്ച് 6.45 ന് ഈസ്റ്റ്ഹില്‍ ഗസ്റ്റ് ഹൗസിലെത്തും. പിന്നീട് പഴയകാല നേതാക്കളെ ആദരിക്കുന്ന വേദിയായ സാമൂതിരി സ്കൂളിലേക്കു പോകും. 7.45ന് സാമൂതിരി സ്കൂളില്‍ എത്തുന്ന പ്രധാനമന്ത്രി 8.50 വരെ പരിപാടിയില്‍ പങ്കെടുക്കും. പിന്നീട് ഒന്‍പതിന് ഗസ്റ്റ്ഹൗസിലെത്തും.
നാളെ രാവിലെ 9.30 ന് സ്വപ്നഗരിയിലെത്തുന്ന പ്രധാനമന്ത്രി വൈകിട്ട് അഞ്ചുവരെ അവിടെ ചെലവഴിക്കും. 5.20 ന് ഹെലികോപ്റ്ററില്‍ കരിപ്പൂരിലേക്ക് പോകും. അവിടെ നിന്നും ഡല്‍ഹിയിലേക്ക് മടങ്ങും. രണ്ടു ദിവസം കോഴിക്കോട് ക്യാംപ് ചെയ്യുന്ന പ്രധാനമന്ത്രിയ്ക്കു കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 3000 ത്തിലേറെ പൊലിസുകാരെയാണു സുരക്ഷക്കായി വിന്യസിപ്പിച്ചത്. ഡി.ജി.പി ലോക്നാഥ് ബഹ്റയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലിസുദ്യോഗസ്ഥരുടെ നേതൃത്വത്തിലാണു സുരക്ഷ സംവിധാനമൊരുക്കിയത്.
പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദികള്‍, താമസിക്കുന്ന സ്ഥലം, സഞ്ചരിക്കുന്ന പാതകള്‍ എന്നിവിടങ്ങളില്‍ ഐ.ജി ഗുപ്തയുടെ നേതൃത്വത്തിലുള്ള സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും (എസ്.പി.ജി) സുരക്ഷയ്ക്കായുണ്ടാവും. ഇതിനുപുറമേ പ്രധാനമന്ത്രിയുടെ റോഡ് മാര്‍ഗമുള്ള സഞ്ചാരപാതയിലൂടെ രണ്ടുതവണ ട്രയല്‍റണ്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."