കാര്‍ഷിക ഗ്രാമവികസന ബാങ്ക് വാര്‍ഷിക പൊതുയോഗത്തിനിടെ കൈയാങ്കളി; യോഗം മാറ്റിവച്ചു
സുല്‍ത്താന്‍ ബത്തേരി: മിനുട്‌സില്‍ യോഗത്തിനെത്താത്തവരുടെ പേരില്‍ വ്യാജ ഒപ്പിട്ടെന്നാരോപിച്ച് ബത്തേരി പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് വാര്‍ഷിക പൊതുയോഗം സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി. യോഗ സ്ഥലത്തെ ഫര്‍ണിച്ചറുകളും മറ്റും തകര്‍ത്തിട്ടുണ്ട്. ഇന്നലെ രാവിലെ പത്തിന് ബത്തേരിയിലെ പ്രിന്‍സ് ഓഡിറ്റോറിയത്തിലാണ് സംഭവം.
ബാങ്ക് അംഗങ്ങള്‍ പോലുമല്ലാത്തവര്‍ വ്യാജ ഒപ്പിട്ടത് ചോദ്യം ചെയ്ത യോഗത്തിനെത്തിയ ബാങ്ക് മെമ്പര്‍മാരായ സി.പി.എം പ്രവര്‍ത്തകരോട് ബാങ്ക് അധികൃതര്‍ മോശമായി പെരുമാറിയെന്നാരോപിച്ചാണ് പ്രവര്‍ത്തകര്‍ യോഗം തടസ്സപ്പെടുത്തിയത്. സംഭവം അറിഞ്ഞ് കൂടുതല്‍ സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതോടെയാണ് പ്രശ്‌നം രൂക്ഷമാകുകയായിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും ചെറിയതോതില്‍ കൈയാങ്കളിയും നടന്നു. പ്രതിഷേധക്കാര്‍ ബാങ്കിന്റെ കണക്കുകളും പൊതുയോഗ കാര്യപാരിപാടിയും തയാറാക്കിയ നോട്ടിസ് പുറത്തേക്ക് വലിച്ചെറിയുകയും രജിസ്റ്ററുകള്‍ കൈവശപ്പെടുത്തുകയും ചെയ്തു.
പൊലിസും നേതാക്കളും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് ഡി.വൈ.എസ്.പി ഹരിഹരന്‍, ബത്തേരി സി.ഐ എം.ഡി സുനില്‍, എസ്.ഐ ബിജു ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരും ബാങ്ക് അതികൃതരുമായി ചര്‍ച്ചനടത്തി യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റുവെക്കുകയായിരുന്നു.
അതേസമയം യോഗത്തിന്റെ മിനിട്‌സ് തന്റെ കൈവശമുണ്ടന്നും യോഗത്തിനെത്തിയവര്‍ യോഗത്തിന്റെ അജണ്ട അംഗീകിരച്ചാതായി കാണിച്ച് എഴുതി ഒപ്പിട്ടുണ്ടെന്നും അതിനാല്‍ ജനറല്‍ബോഡി യോഗം നടന്നാതായുമാണ് ബാങ്ക് പ്രസിഡന്റ് പറയുന്നത്.
സംഭവത്തെ തുടര്‍ന്ന് ഇരു വിഭാഗങ്ങളും ടൗണില്‍ പ്രകടനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."