വ്യാജ പിരിവുകാരെ സൂക്ഷിക്കുക; മഞ്ഞളാംകുഴി മഹല്ല് സമസ്ത കോഡിനേഷന്‍ കമ്മിറ്റി
കൊപ്പം: വിളയൂര്‍ മഞ്ഞളാംകുഴി മഹല്ലില്‍ പ്രവര്‍ത്തിക്കുന്ന ഖാദിരിയ്യ ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഏര്‍പ്പാടില്‍ നിന്ന് പിന്തിരിയണമെന്നും ഇത്തരം വ്യാജപിരിവുകാരെ പൊതുജനങ്ങള്‍ സൂക്ഷിക്കണമെന്നും മഞ്ഞളാംകുഴി മഹല്ല് സമസ്ത കോഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഒന്നര കിലോ മീറ്ററിനുള്ളില്‍ ജുമുഅ നിസ്‌കരിക്കാന്‍ സൗകര്യമുള്ള പള്ളിയില്ലെന്നും നിലവിലുള്ള പള്ളിയില്‍ ജനബാഹുല്യത്താല്‍ നിസ്‌കാരത്തിന് സ്ഥല സൗകര്യമില്ലെന്നും പറഞ്ഞ് പുതിയ ജുമാ മസ്ജിദിന്റെ നിര്‍മാണത്തിന്ന് വേണ്ടി മലപ്പുറം ജില്ലയുടെ പലഭാഗങ്ങളിലും മേല്‍ സൊസൈറ്റിയുടെ പേരില്‍ പിരിവ് നടത്തുന്നതായി അറിയുന്നു. ഇത് ശുദ്ധ കളവാണ്. അഞ്ഞൂറോളം വീടുകളുള്ള മഞ്ഞളാംകുഴി മഹല്ലന്റെ ഏത് ഭാഗത്ത് നിന്നും 750 മീറ്ററില്‍ താഴെ ദൂരം യാത്ര ചെയ്താല്‍ എത്തിച്ചേരാന്‍ സാധ്യമായ രണ്ട് ജുമാ മസ്ജിദുകളുണ്ട്. കൂടാതെ നാല് നിസ്‌കാരപ്പള്ളികളും അത്ര തന്നെ മദ്‌റസകളും മഹല്ലിലുണ്ട്.
രണ്ടു ജുമാ മസ്ജിദുകളിലും നിസ്‌കരിക്കാന്‍ മികച്ച സ്ഥല സൗകര്യവുമുണ്ട്. വസ്തുത ഇതായിരിക്കെ പുതിയ ഒരു ജുമാ മസ്ജിദ് നിര്‍മാണത്തിന്റെ പേര് പറഞ്ഞ് അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ ചൂഷണം ചെയ്യുന്നതില്‍ നിന്നും മഞ്ഞളാംകുഴി മഹല്ലു നിവാസികളെ മറ്റു മഹല്ലുകാരുടെ മുമ്പില്‍ സംശയാലുക്കളാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും ഖാദിരിയ്യ പ്രവര്‍ത്തകര്‍ വിട്ട് നില്‍ക്കണം.
സ്വന്തം നാട്ടുകാരെയും മഹല്ല് സംവിധാനത്തെയും വെല്ലു വിളിച്ച് ആത്മീയ സദസ്സുകള്‍ സംഘടിപ്പിച്ച് ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുകയും തട്ടിക്കൂട്ട് സദസ്സുകളില്‍ നിന്ന് പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ വരികയും ചെയ്തപ്പോളാണ് അല്ലാഹുവിന്റെ ഭവനത്തിന്റെ പേരില്‍ പോലും കളവുകള്‍ പറഞ്ഞ് ജനങ്ങളെ ചൂഷണം ചെയ്യാന്‍ ഇവര്‍ മുന്നോട്ട് വരുന്നത്.
പൊതുജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെങ്കിലും അത് ഒരു നാട്ടുകാരെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിറുത്തി കടിച്ചാല്‍ പൊട്ടാത്ത കളവ് പ്രചരിപ്പിച്ചുകൊണ്ടാവരുതെന്നും സമസ്ത കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."