മണ്ണാര്‍ക്കാട് കാട്ടാനകളുടെ വിഹാരം തുടരുന്നു
മണ്ണാര്‍ക്കാട്: ജനജീവിതം ദുസ്സഹമായി കാട്ടാനകളുടെ വിഹാരം തുടരുന്നു. കഴിഞ്ഞ മൂന്നുമാസത്തോളമായി ജനത്തെ ദുരിതത്തിലാക്കിയ കാട്ടാന സംഘത്തെ ഇനി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. പടക്കമെറിഞ്ഞാലും ഓടാതെ തുരത്താന്‍ വരുന്നവരെ തിരിച്ച് ഓടിക്കുന്ന രീതിയിലേക്ക് കാട്ടാനകള്‍ മാറിയിട്ടുണ്ട്. ഇന്നലെ രാവിലെ മെഴുകുപാറയിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തി ഉച്ചയോടെ ആനമൂളിയിലെത്തിച്ചെങ്കിലും രണ്ടുമണി മുതല്‍ ജനവാസ കേന്ദ്രങ്ങളിലും, വനപ്രദേശത്തുമായി മാറി മാറി നില്‍ക്കുന്ന കാട്ടാനക്കൂട്ടം വനം വകുപ്പിനെയും നാട്ടുകാരെയും ഏറെ ആശങ്കയിലാഴ്ത്തി.
വൈകുന്നേരത്തോടെ ആനമൂളി വനം വകുപ്പ് ചെക്ക് പോസ്റ്റിന് സമീപമെത്തിച്ച കാട്ടാനക്കൂട്ടത്തെ രാത്രിയോടെ കാടുകറ്റാനുളള ശ്രമത്തിലാണ് വനം വകുപ്പ്. എന്നാല്‍ രാത്രി കാലങ്ങളില്‍ തുരത്തുന്നവരുടെ കണ്ണുവെട്ടിച്ച് അടുത്തുളള കൃഷി സ്ഥലത്തും, ജനവാസ കേന്ദ്രത്തിലിറങ്ങുന്ന കാട്ടാനകള്‍ എപ്പോള്‍, എവിടെ, ഏത് സമയത്ത് ഇറങ്ങുമെന്ന് പറയാന്‍ കഴിയാത്ത സ്ഥിതിയാണ്. ആറംഗ കാട്ടനക്കൂട്ടമാണ് മാസങ്ങളായി മണ്ണാര്‍ക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതം വിതക്കുന്നത്. കാട്ടാനകളെ തുരത്താന്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന എല്ലാ മാര്‍ഗങ്ങളും പരീക്ഷിച്ച് പരാജയപ്പെട്ടിരിക്കുകയാണ് മണ്ണാര്‍ക്കാട്ടെ വനപാലകരും, പ്രദേശവാസികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."