ബൈപ്പാസ് റോഡ് നിര്‍മാണത്തില്‍ അപാകതകളുണ്ടെന്ന് വിജിലന്‍സ്
കൊടുങ്ങല്ലൂര്‍: ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസ് റോഡ് നിര്‍മാണത്തില്‍ ഗുരുതരമായ അപാകതകളുണ്ടെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. പ്രധാന റോഡിന്റെ മൂന്ന് ഭാഗങ്ങളില്‍ നിന്നും, സര്‍വിസ് റോഡിന്റെ രണ്ട് ഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് അപാകതകള്‍ കണ്ടെത്തിയിട്ടുള്ളത്. റോഡ് നിര്‍മാണത്തിന് ഉപയോഗിച്ച സാധന സാമഗ്രികള്‍ ഗുണനിലവാരം കുറഞ്ഞതാണെന്നും, കരാറില്‍ പറഞ്ഞത് പ്രകാരമുള്ള അളവില്‍ മെറ്റീരിയില്‍ ഉപയോഗിച്ചിട്ടില്ലെന്നുമാണ് വിജിലന്‍സ് സി.ഐ കെ.ടി സലില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. റോഡ് നിര്‍മാണത്തിലെ അപാകതകളെക്കുറിച്ച് മേത്തല സ്വദേശി രാജന്‍ എന്നയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. 2014 സെപ്റ്റംബര്‍ മാസത്തില്‍ ഗതാഗതത്തിന് തുറന്നു കൊടുത്ത റോഡ് ഉദ്ഘാടനം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ പലയിടത്തും റോഡ് കുഴികളാകുകയും, റോഡ് താഴേക്ക് ഇരിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കരാറുകാരന്‍ അറ്റകുറ്റപണികള്‍ നടത്തിവരികയായിരുന്നു. അടുത്ത അവസരത്തിലും റോഡിന്റെ പലഭാഗങ്ങളും മഴവെള്ളം കനത്തതിനെ തുടര്‍ന്ന് താഴേക്ക് ഇരുന്നിരുന്നു. അന്വേഷണം നടക്കുമ്പോള്‍ റോഡ് പണി നടന്നിരുന്ന സമയത്ത് മേല്‍നോട്ടം വഹിച്ചിരുന്ന ദേശീയപാത ഉദ്യോഗസ്ഥരും, കരാറുകാരന്റെ പ്രതിനിധികളും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."