തണുത്ത മീന്‍കറിയില്‍ നിന്നും തുടര്‍ച്ചയായി പുകയുയരുന്നു
മൂവാറ്റുപുഴ: തണുത്ത മീന്‍ കറിയില്‍ നിന്നും തുടര്‍ച്ചയായി പുക ഉയരുന്നത് നാട്ടിലാകെ കൗതുകമുണര്‍ത്തി ഒപ്പം ഭീതിയും. പായിപ്ര സെന്‍ട്രല്‍ ജുമാ മസ്ജിദിനു സമീപം കൊച്ചു പറമ്പില്‍ സലീം ഇബ്രാഹീന്റെ വീട്ടിലാണ് സംഭവം.
ശനിയാഴ്ച രാവിലെ സലീമിന്റെ ഭാര്യ ബീവി അര കിലൊ പിരിയാന്‍ ഐല പേഴയ്ക്കാപ്പിളളിയിലെ മീന്‍ വ്യാപാരിയില്‍ നിന്നും വാങ്ങി കറിവച്ചിരുന്നു. ഉച്ചയൂണിന് ചോറിനൊപ്പം കുടുംബത്തിലെല്ലാവരും കറി കഴിച്ചിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ കറിയില്‍ നിന്നും പുക ഉയരുന്നതായി കണ്ടു. ഇതോടെ ബീവിയും കുട്ടികളും ഭീതിയിലായി. രാത്രിയായിട്ടും ചൂടാക്കാത്ത കറിയില്‍ നിന്നും തിളച്ച് പുകയുയരുകയായിരുന്നു. ഇന്നലെ രാവിലേയും പുക ഉയരുന്നതു കണ്ടതോടെ നാട്ടുകാരേയും പഞ്ചായത്തംഗങ്ങളായ നസീമ സുനിലിനേയും പി.എസ് ഗോപകുമാറിനേയും വിവരമറിയിച്ചു.
സംഭവം നാട്ടില്‍ കാട്ടുതീപോലെ പടര്‍ന്നതോടെ തണുത്ത മീന്‍ കറിയില്‍ നിന്നും പുക ഉയരുന്നത് കാണാന്‍ ആളുകളുടെ തിരക്കുമായി. ജില്ലാ കലക്ടര്‍ മുതല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വരെയുള്ള ഉദ്യോഗസ്ഥരെ ജനപ്രതിനിധികളും പാര്‍ട്ടി നേതാക്കളും വിവരമറിയിച്ചെങ്കിലും ആരും എത്തിയില്ല. നിരന്തരമായ സമ്മര്‍ദത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എത്താമെന്നറിയിച്ചു.
മീന്‍ കേടാകാതെയിരിക്കാന്‍ ചേര്‍ത്ത രാസവസ്തുവിന്റെ പ്രവര്‍ത്തനമാണ് പുകയ്ക്ക് കാരണമെന്നാണ് വിവരം. ഇതിനിടെ മീന്‍ കറി കഴിച്ചവര്‍ക്ക് ചെറിയ തോതില്‍ അസ്വസ്ഥത അനുഭവപ്പെടുന്നതായി ബീവി പറഞ്ഞു.
പുക ഉയരുന്ന മീന്‍ ചട്ടിയുമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ വരവും കാത്തിരിക്കുകയാണ് കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."