കൊച്ചി അശാന്തിയിലേക്ക്; വട്ടംചുറ്റി പൊലിസ്
കൊച്ചി: നീണ്ട ഇടവേളയ്ക്കുശേഷം കൊച്ചി വീണ്ടും പുകയുന്നു. ഗുണ്ടാസംഘങ്ങളും മയക്കുമരുന്നു ലോപികളും പെണ്‍വാണിഭക്കാരും അടക്കിവാഴുന്ന കൊച്ചിയില്‍ പൊലിസ് നിഷ്‌ക്രിയം. പട്ടാപ്പകലും വഴിയാത്രക്കാരെ കുത്തിമലര്‍ത്തി കൊളളയടിക്കുന്ന സംഭവങ്ങളും പതിവായി. ഒരു മാസത്തിനിടയില്‍ നാലു കൊലപാതകങ്ങള്‍. നിരവധി അക്രമങ്ങളും മോഷണവും. ചൂതാട്ട സംഘങ്ങള്‍ക്കും കുറവില്ല. പൊലിസ് നിര്‍വീര്യമായത് ഗുണ്ടാസംഘങ്ങള്‍ക്ക് രക്ഷയായി. ചുള്ളിക്കല്‍ മദര്‍ തെരേസ ജങ്ഷനില്‍ മില്‍ട്ടന്‍ എന്ന യുവാവ് കൊല്ലപ്പെട്ട് ഒരാഴ്ചക്ക് ശേഷമാണ് കൊലപാതകം പുറത്തറിയുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് വാരിക്കകത്ത് വീട്ടില്‍ ജോസഫിന്റെ മകന്‍ മില്‍ട്ടനെ അമ്മയും സഹോദരനും താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കണ്ടെത്തുമ്പോള്‍ മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമാണുണ്ടായത്. പെരുമ്പടപ്പ് സെന്റ് ജൂലിയാനസ് സ്‌കൂളിന് സമീപം പട്ടാപ്പകല്‍ യുവാവിനെ ഒരു സംഘം മാരകായുധങ്ങളുമായി അക്രമിച്ചത് വെള്ളിയാഴ്ചയാണ്. അജ്ഞാതരാണ് അക്രമിച്ചതെന്നാണ് പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് പൊലിസിനോട് പറഞ്ഞത്. ഇതിലും പ്രതികളെ സംബന്ധിച്ച് പൊലിസിന് സൂചനയൊന്നും ലഭിച്ചിട്ടില്ലന്നാണ് അറിയുന്നത്.
കണ്ണമാലിയില്‍ എസ്.എന്‍.ഡി.പി പ്രവര്‍ത്തകന് നേരെ അക്രമണമുണ്ടായതും കഴിഞ്ഞ ദിവസമാണ്. ചെല്ലാനം കടപ്പുറത്ത് കുടുംബത്തിന് നേരെ അക്രമണം അഴിച്ച് വിട്ടതും കഴിഞ്ഞ ആഴ്ചയാണ്. ഇതിലൊന്നും കുറ്റക്കാരെ കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. തോപ്പുംപടിയില്‍ തിരുവോണ നാളില്‍ വീടിന്റെ ജനല്‍ തകര്‍ത്ത് അകത്ത് കടന്ന് മുപ്പത്തിരണ്ട് പവനും പതിനായിരം രൂപയും മോഷ്ടിച്ച സംഭവം അരങ്ങേറിയിട്ട് രണ്ടാഴ്ച പിന്നിട്ടെങ്കിലും കുറ്റവാളികളെ കണ്ടെത്താനാകാതെ പൊലിസ് കുഴയുകയാണ്. ചൂതാട്ട മാഫിയയും പശ്ചിമകൊച്ചിയില്‍ പിടിമുറുക്കുകയാണ്.
വന്‍കിടക്കാരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെന്നതിനാല്‍ പൊലിസ് ഇവരെ പിടികൂടാന്‍ മടിക്കുകയാണ്. പേരിന് ചിലരെ പിടികൂടുക മാത്രമാണ് പൊലിസ് ചെയ്യുന്നതെന്നും പരാതിയുണ്ട്.
അതേസമയം നാട്ടിന്‍പുറങ്ങളിലെ സ്റ്റേഷനറി കടകള്‍ കുത്തിത്തുറന്ന് സ്ഥിരമായി മോഷണം നടത്തുന്ന കുട്ടികള്ളന്‍മാരും പെരുകുകയാണ്. നെടുമ്പാശ്ശേരി പഞ്ചായത്തിലെ പൊയ്ക്കാട്ടുശ്ശേരി, കാരക്കാട്ടുകുന്ന് മേഖലകളിലാണ് രാത്രി കാലങ്ങളില്‍ മോഷണം പതിവായത്. ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നവരാണ് ഇവര്‍. രാത്രി കാലങ്ങളില്‍ വീട്ടുകാര്‍ അറിയാതെ വീടുകളില്‍ നിന്നും ഒളിച്ചിറങ്ങിയാണ് ഇവര്‍ കവര്‍ച്ച ചെയ്തിരുന്നത്.
മൊബൈല്‍ റീചാര്‍ജ് കൂപ്പണ്‍, സിഗരറ്റ്, സ്‌പ്രേ തുടങ്ങിയ സാധനങ്ങളാണ് പ്രധാനമായും മോഷണം നടത്തുന്നത്. റീചാര്‍ജ് കൂപ്പണുകള്‍ കൂടുതലായും ഇവര്‍ മൊബൈല്‍ ഫോണ്‍ വിളിക്കുന്നതിനും, ഇന്റര്‍നെറ്റിനുമാണ് ഉപയോഗിച്ചിരുന്നത്.
ഇടയ്ക്ക് കൂട്ടുകാര്‍ക്ക് വില്‍പ്പന നടത്തി പണവും സമ്പാദിച്ചിരുന്നു. ഒന്നിച്ചിരുന്ന് പഠിക്കാനെന്ന പേരിലും സ്‌പോര്‍ട്‌സ് കാണാനെന്ന പേരിലും കുട്ടികള്‍ പലപ്പോഴും രാത്രികാലങ്ങളില്‍ വീടു വിട്ടിറങ്ങിയാണ് മോഷണം പതിവാക്കിയത്. എന്നാല്‍ പെണ്‍വാണിഭവ സംഘവും കൊച്ചിയില്‍ സജീവമായി കഴിഞ്ഞു. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ മൂന്നോളം ദേശീയ ബന്ധമുളള വാണിഭ സംഘത്തെ പിടിക്കൂടിയിരുന്നു. ഇതിനും തുമ്പുണ്ടാക്കാനാവാതെ പൊലിസ് വട്ടംചുറ്റുകയാണ്.
കഴിഞ്ഞ ഞാറാഴ്ചയാണ് എറണാകുളത്തെ സിറ്റി ലോഡ്ജില്‍നിന്നും കര്‍ണ്ണാടക സ്വദേശിനിയായി പെണ്‍കുട്ടിയുമായി മൂന്നംഗ സംഘത്തെ പിടികൂടിയിരുന്നു. ഇന്നലെ നെടുമ്പാശേരിയില്‍ ഭാര്യയുടെ നഗ്നചിത്രം സൈറ്റിലൂടെ കാട്ടി വാണിഭം നടത്തുന്ന സംഘത്തെയും പിടിക്കൂടിയിരുന്നു.
എന്നാല്‍ ഇതിനൊന്നും തെളിവുകള്‍ കണ്ടെത്താനാവാതെ പോലീസ് കുരുങ്ങുന്നതാണ് സംഘങ്ങള്‍ക്ക് സഹായകമാകുന്നത്. ക്രമസമാധാനം ഇത്തരത്തില്‍ പോകുമ്പോഴും കൊച്ചിയുടെ പ്രധാന കേന്ദ്രമായ മട്ടാഞ്ചേരി സബ് ഡിവിഷനിലെ പൊലിസ് മേധാവി ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നതിന്റേയും നാട്ടിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തിരക്കിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."