കല്ലാര്‍ പാലത്തിന്റെ സംരക്ഷണ ഭിത്തിയും തുണും തകര്‍ന്നു
അടിമാലി: കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയില്‍ കല്ലാറില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ സംരക്ഷണഭിത്തിയും തുണും ഇടിഞ്ഞ് പാലം അപകടാവസ്ഥയിലായി. ഇതേ തുടര്‍ന്ന് ദേശിയപാതയില്‍ ഗതാഗതം നിരോധിച്ചു. മൂന്നാറിലേയ്ക്കുള്ള പ്രധാന പാതയാണിത്.
ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെയാണു സംഭവം. ഉച്ചയൂണിന് തൊഴിലാളികള്‍ മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവാവുകയും ചെയ്തു.
ദേശീയ പാതയിലെ വീതികുറഞ്ഞ ഈ പാലം പുതുക്കി പണിയുന്നതിന്റെ ജോലി പുരോഗമിച്ച് വരുന്നതിനിടെ നിര്‍മാണം നടക്കുന്ന ഭാഗത്താണ് കരിങ്കല്‍ കെട്ടോടെ വന്‍തോതില്‍ മണ്ണ് ഇടിഞ്ഞത്.
ഇതേതുടര്‍ന്ന് റോഡ് വിണ്ട് കീറുകയും റോഡും പാലവും അപകടാവസ്ഥയിലാവുകയും ചെയ്തു.
ഇതുവഴിയുളള യാത്ര അപകട സാധ്യതുളളതിനാല്‍ പൊതുമരാമത്ത് വകുപ്പ് (ദേശീയ പാത) അധികൃതര്‍ ഗതാഗതം നിരോധിച്ചു. ഇതോടെ കല്ലാര്‍, കമ്പിലൈന്‍, ഇരുട്ടുകാനം, മാങ്കുളം , കുരുശുപാറ, ആനകുളം തുടങ്ങിയ പ്രദേശത്ത് താമസിക്കുന്നവരുടെ യാത്ര ദുരിതത്തിലാവുകയും ചെയ്തു.
ഇവിടുത്തെ ചില വൈദ്യുതി പോസ്റ്റുകള്‍ അപകടാവസ്ഥയില്‍ നില്‍കുന്നതിനാല്‍ ഇവിടെക്കു വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.
കഴിഞ്ഞ കാലവര്‍ഷത്തില്‍ രണ്ടുപ്രാവശ്യം ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.
ഈ സമയത്ത് ജനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ദേശീയപാത അധികാരികള്‍ കാര്യമായെടുക്കാത്തതാണു ഗതാഗതം നിലക്കുന്നതിലേക്കു കാര്യങ്ങളെത്തിയതെന്നു നാട്ടുകാര്‍ പറഞ്ഞു.
4.85 കോടി രൂപാ മുടക്കിലാണ് ഈ പാലം പുനര്‍ നിര്‍മിക്കാന്‍ ടെണ്ടര്‍ നല്‍കിയത്.
രണ്ടുവര്‍ഷം മുന്‍പ് നിര്‍മാണം തുടങ്ങിയെങ്കിലും നിര്‍മാണത്തിന് ഒച്ചിഴയുന്ന വേഗമാണ് ഉളളതെന്ന് നാട്ടുകര്‍ പറഞ്ഞു. ഇവിടുത്തെ ഗതാഗത നിരോധനം മൂന്നാറിലേക്കുള്ള സഞ്ചാരികള്‍ക്ക് ഏറെ ബുദ്ധിമുട് സൃഷ്ടിക്കും. മാങ്കുളം പഞ്ചായത്തുകാരെ പൂര്‍ണ്ണമായും പള്ളിവാസല്‍ പഞ്ചായത്തുകാരെ ഭാഗീകമായും ബാധിക്കും. രാജഭരണകാലത്തു നിര്‍മിച്ച പാലമാണ് ഇത്. മൂന്നാര്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ ഇരുട്ടുകാനം - ആനച്ചാല്‍ വഴി പോകണമെന്ന് ദേശീയപാത അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."