തട്ടിപ്പ് പെരുകുമ്പോഴും പൊന്‍കുന്നത്ത് എ.ടി.എം കൗണ്ടറിനു വാതിലില്ല
പൊന്‍കുന്നം: എ.ടി.എം കൊള്ളകള്‍ പെരുകുമ്പോഴും എ.ടി.എം കൗണ്ടറിന് വാതിലില്ല. സ്റ്റേറ്റ് ബാങ്കിന്റെ എ.ടി.എമ്മിനാണ് ഈ അവസ്ഥ. പൊന്‍കുന്നം കാഞ്ഞിരപ്പള്ളി റൂട്ടിലെ പുഴയനാല്‍ ബില്‍ഡിങില്‍ സ്ഥിതി ചെയ്യുന്ന എ.ടി.എം കൗണ്ടറിന്റെ വാതില്‍ എടുത്തുമാറ്റിവച്ചിരിക്കുന്ന നിലയിലാണ്. വാതിലില്ലാത്ത എ.ടി.എം കൗണ്ടറില്‍ ഉപയോക്താക്കള്‍ എത്തി പിന്‍ നമ്പര്‍ ഉപയോഗിക്കുന്നതും പണം എടുക്കുന്നതും പുറത്തു നില്‍ക്കുന്നവര്‍ക്കു കാണാന്‍ സാധിക്കും.
ഇത്തരത്തില്‍ പണം കവരാന്‍ കള്ളന്മാര്‍ക്ക് വഴിയൊരുക്കുകയാണ് ഇവിടെ. തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍ എ.ടി.എമ്മുകളുടെ സുരക്ഷാ ചുമതല ഹൈവേ പൊലിസിനെ ഏല്‍പിച്ചു ഡി.ജി.പി സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. രാത്രി ഒമ്പതു മുതല്‍ രാവിലെ ആറുവരെ എ.ടി.എമ്മുകള്‍ നിരീക്ഷിക്കണമെന്നു സര്‍ക്കുലറില്‍ പറയുന്നുണ്ട്. എന്നാല്‍ രാത്രിയില്‍ പരിശോധന നടത്തുന്ന ഹൈവേ പൊലിസും ഇക്കാര്യത്തില്‍ വ്യക്തമായ നടപടി സ്വീകരിക്കാന്‍ തയാറല്ല.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നു ദിനംപ്രതി നിരവധി എ.ടി.എം തട്ടിപ്പു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യത്തിലാണു പൊന്‍കുന്നത്തെ സ്റ്റേറ്റ് ബാങ്കിന്റെ വാതില്‍ മാറ്റിവെച്ചിരിക്കുന്നത്. നാളുകള്‍ക്കു മുമ്പ് തലസ്ഥാനത്തെ എ.ടി.എം കൗണ്ടറില്‍ പ്രത്യേക കാമറകളും ആധുനിക യന്ത്രങ്ങളും സ്ഥാപിച്ചു ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങളും പിന്‍ നമ്പരും മനസിലാക്കി റുമേനിയന്‍ സംഘം ലക്ഷക്കണക്കിനു രൂപ കൊള്ളയടിച്ചിരുന്നു.
ഇതിനുശേഷം സംസ്ഥാനത്തെ വിവിധ ബാങ്കുകളുടെ എ.ടി.എം കൗണ്ടറുകളില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണു പൊന്‍കുന്നത്തെ സ്റ്റേറ്റ് ബാങ്ക് എ.ടി.എം കൗണ്ടറിന്റെ വാതില്‍ പറിച്ചു മാറ്റിവച്ചിട്ടും നന്നാക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കാത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."