ഇശ്‌റത്ത് കേസ് ഫയല്‍ കാണാതായ സംഭവം: അന്വേഷണം ആരംഭിച്ചു
ന്യൂഡല്‍ഹി: ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് കാണാതായ സംഭവത്തില്‍ ഡല്‍ഹി പൊലിസ് അന്വേഷണം ആരംഭിച്ചു. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പൊലിസ് ഡെപ്യൂട്ടി കമ്മിഷണര്‍ ജതിന്‍ നര്‍വാല്‍ പറഞ്ഞു. കേസിലെ രണ്ടു സത്യവാങ്മൂലങ്ങള്‍ ഉള്‍പ്പെടെ അഞ്ചു ഫയലുകളാണ് നോര്‍ത്ത് ബ്ലോക്കിലെ ആഭ്യന്തരമന്ത്രാലയം ഓഫിസില്‍നിന്ന് കാണാതായത്.
ഫയല്‍ കാണാതായത് നേരത്തേ ആഭ്യന്തരമന്ത്രാലയം അഡിഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷിച്ചിരുന്നു.
ഫയല്‍ ആരെങ്കിലും മനഃപൂര്‍വം എടുത്തുമാറ്റിയതാണോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് നര്‍വാല്‍ പറഞ്ഞു. 409-ാം വകുപ്പുപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയവും ഡല്‍ഹി സന്‍സത് മാര്‍ഗ് പൊലിസും ചേര്‍ന്നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
അന്നത്തെ ആഭ്യന്തര സെക്രട്ടറി അറ്റോര്‍ണി ജനറലിന് 2009 സെപ്റ്റംബര്‍ 18നും 23നും എഴുതിയ കത്തുകളുടെ പകര്‍പ്പ്, അറ്റോര്‍ണി ജനറലിന്റെ കരട് സത്യവാങ്മൂലം, ഇതില്‍ അന്നത്തെ ആഭ്യന്തരമന്ത്രി സെപ്റ്റംബര്‍ 24ന് വരുത്തിയ ഭേദഗതി, സെപ്റ്റംബര്‍ 29ന് ഗുജറാത്ത് ഹൈക്കോടതിയില്‍ തുടര്‍സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് എന്നിവയാണ് കാണാതായത്.
ഇശ്‌റത് ജഹാനെ കൂടാതെ ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് പിള്ള, അംജദലി അക്ബറലി റാണ, സീഷാന്‍ ജോഹര്‍ എന്നിവരും ഗുജറാത്ത് പൊലിസ് നടത്തിയ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
2004 ജൂണ്‍ 15ന് അഹമ്മദാബാദിനു സമീപമായിരുന്നു സംഭവം. തുടര്‍ന്ന് നടത്തിയ ജുഡിഷ്യല്‍, സി.ബി.ഐ അന്വേഷണങ്ങളില്‍ കൊലപാതകം വ്യാജ ഏറ്റുമുട്ടലിനെ തുടര്‍ന്നാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇശ്‌റത്തും സംഘവും തീവ്രവാദികളാണെന്ന സത്യവാങ്മൂലം കേന്ദ്രസര്‍ക്കാര്‍ തിരുത്തിനല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."