വീടുകള്‍ക്ക് സമീപത്തുള്ള വൈദ്യുത ലൈനുകള്‍ മാറ്റും; പോരൂക്കര നിവാസികള്‍ക്ക് ആശ്വാസം
ചവറ: പോരൂക്കര പൊന്‍വയല്‍ ഓഡിറ്റോറിയത്തിന് പുറകില്‍ പടിക്കല്‍ മുക്കുമുതല്‍ ചെമ്പോളിമുക്ക് വരെയുള്ള താമസക്കാരുടെ വീടുകള്‍ക്ക് തൊട്ടു മുന്നിലൂടെയും മുകളിലൂടെയും അപകട ഭീഷണി ഉയര്‍ത്തി കടന്നു പോകുന്ന 11 കെ.വി ലൈന്‍ മാറ്റാന്‍ സഹായമൊരുക്കി ചവറ എം.എല്‍.എ എന്‍ വിജയന്‍പിള്ള. പ്രദേശവാസികള്‍ നേരിട്ടിരുന്ന വന്‍ സുരക്ഷാപ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമായത്.
പടിക്കല്‍ മുക്കുമുതല്‍ ചെമ്പോളിമുക്ക് വരെയുള്ള ഇരുപതോളം വീടുകളാണ് അപകടഭീഷണിയിലായിരുന്നത്. കാറ്റും മഴയും ഉള്ളപ്പോള്‍ ലൈനിലെ കമ്പികള്‍ തമ്മില്‍ കൂട്ടിമുട്ടി തീപ്പൊരി ചിതറുന്നത് പതിവായിരുന്നു. ചിലപ്പോഴൊക്കെ ലൈന്‍ പൊട്ടി വീണിട്ടുമുണ്ട്.
നാട്ടുകാര്‍ ഇടപ്പള്ളിക്കോട്ട സെക്ഷന്‍ ഓഫിസിലെത്തിയപ്പോള്‍ ലൈന്‍ മാറ്റാന്‍ കെ.എസ്.ഇ.ബിക്കു ഫണ്ടില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ സമീപിക്കുകയും ഫണ്ട് അനുവദക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിന് എം.പി ഫണ്ട് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ജില്ലാ പ്ലാനിങ് ഓഫിസില്‍ നിന്നുള്ള മറുപടി. പിന്നീടാണ് നാട്ടുകാര്‍ ചവറ എം.എല്‍.എയായ എന്‍ വിജയന്‍പിള്ളയെ സമീപിച്ചത്.
സ്ഥലത്തെത്തിയ എം.എല്‍.എ 11 കെ.വി ലൈന്‍ പടിയക്കല്‍ ചെമ്പോലിമുക്ക് റോഡിലേക്ക് മാറ്റാനുംപോരൂക്കര സെന്റ് ആന്റണി മന്ദിരം പുരയിടത്തിലെ രണ്ട് വീടുകള്‍ക്ക് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിലൈന്‍ മാറ്റി സ്ഥാപിക്കാനുമായി 6.2 ലക്ഷം രൂപ എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ചു.എം.എല്‍.എയ്ക്ക് സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് പോരൂക്കര നിവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."