സിന്ധു നദീജല കരാര്‍: രക്തവും വെള്ളവും ഒരുമിച്ചൊഴുകില്ലെന്ന് മോദി
ന്യൂഡല്‍ഹി: സിന്ധു നദീജല കരാറില്‍ ശക്തമായ നിലപാടെടുത്ത് ഇന്ത്യ. രക്തവും വെള്ളവും ഒരുമിച്ചൊഴുകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കരാറില്‍നിന്ന് പിന്‍മാറുന്നതു പരിശോധിക്കാനായി പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മോദിയുടെ പരാമര്‍ശം.
കരാറില്‍നിന്ന് ഇന്ത്യ തല്‍ക്കാലം പിന്‍മാറില്ല. അന്താരാഷ്ട്ര വേദികളില്‍ കരാര്‍ പിന്‍മാറ്റം ഇന്ത്യയ്ക്ക് തിരിച്ചടിയാവുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. എന്നാല്‍ പാകിസ്താനിലേക്ക് ഒഴുകുന്ന നദികളിലെ വെള്ളം കൂടുതല്‍ ഉപയോഗിക്കാന്‍ ഇന്ത്യ തീരുമാനിച്ചു.
കരാര്‍ പുനപ്പരിശോധിക്കാനുള്ള നീക്കം ഇന്ത്യ വേണ്ടെന്നു വച്ചെങ്കിലും അധികം ജലം ഉപയോഗിക്കാനുള്ള നീക്കം പാകിസ്ഥാനെ പ്രകോപിപ്പിക്കും. ഇന്ത്യ കരാര്‍ പ്രകാരമുള്ള വെള്ളം തരുന്നില്ലെന്ന് അന്താരാഷ്ട്ര സമിതികളില്‍ പാകിസ്ഥാന്‍ കാലങ്ങളായി പരാതിപ്പെടുന്നതാണ്.
1960 സെപ്തംബര്‍ 19 ന് കറാച്ചിയില്‍വച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാക്കിസ്ഥാന്‍ പ്രസിഡന്റ്് അയൂബ് ഖാനും ഒപ്പുവച്ച കരാര്‍ പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, റാവി, സത്‌ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാക്കിസ്താനുമാണ്.
ഇതില്‍ പാകിസ്ഥാനു നിയന്ത്രണമുള്ള സിന്ധു, ചിനാബ്, ഝലം എന്നീ നദികളില്‍നിന്ന് കൂടുതല്‍ ജലം എടുക്കാനാണ് കേന്ദ്ര തീരുമാനം.
പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന നദികള്‍ ആദ്യം ഇന്ത്യയില്‍ക്കൂടി ഒഴുകുന്നതിനാല്‍ അതിലെ ജലം ജലസേചനത്തിനും വൈദ്യുതോല്‍പ്പാദനത്തിനും ഇന്ത്യയ്ക്ക് ഉപയോഗിക്കാന്‍ കരാറില്‍ വ്യവസ്ഥ ഉണ്ട്. എന്നാല്‍ സിന്ധു നദിയില്‍നിന്ന് 20 ശതമാനം വെള്ളം മാത്രമേ കരാറില്‍ ഇന്ത്യയ്ക്ക് അനുവദിച്ചിട്ടൊള്ളു. ബാക്കി എണ്‍പതു ശതമാനവും പാകിസ്താനാണ് കിട്ടുക.
അധികം ജലം എടുക്കുന്നതിലൂടെ ജമ്മുകശ്മിരിലെ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.
കൂടുതല്‍ വെള്ളം ശേഖരിച്ചുവയ്ക്കാനും അതുവഴി കശ്മിരിലെ അറുപതു ലക്ഷത്തോളം ഹെക്ടര്‍ വരുന്ന കൃഷിഭൂമിയ്ക്കായി ഉപയോഗിക്കാനുമാണ് തീരുമാനമെന്ന് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിച്ചു.
കരാര്‍മൂലം കാര്യമായ നേട്ടമൊന്നും സംസ്ഥാനത്തിന് ഉണ്ടായിട്ടില്ലെന്ന കശ്മിര്‍ജനതയുടെ വികാരം ഇതുവഴി കുറയ്ക്കാമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍, ജലവിഭവ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."