അംഗപരിമിതയെ ട്രെയിനില്‍ നിന്ന് ടി.ടി.ആര്‍ തള്ളിയിട്ടതായി പരാതി
ചെറുവത്തൂര്‍ (കാസര്‍കോട്) : അംഗപരിമിതയായ അങ്കണവാടി ജീവനക്കാരിയെ ടി.ടി.ആര്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ടതായി പരാതി. കണ്ണൂര്‍ പിണറായി റണ്ടൂട്ടായി അങ്കണവാടി ഹെല്‍പര്‍ സി. രജിതയാണ് ചെറുവത്തൂര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പരാതി നല്‍കിയത്.
നീലേശ്വരത്ത് അഞ്ചു ദിവസത്തെ റസിഡന്‍ഷ്യല്‍ പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു രജിത ഉള്‍പ്പെടെയുള്ള 15 അംഗ സംഘം. തലശ്ശേരിയിലേക്കുള്ള ടിക്കറ്റെടുത്ത എല്ലാവരും നീലേശ്വരം സ്റ്റേഷനില്‍ നിന്നാണ് മംഗലാപുരം- തിരുവനന്തപുരം എക്‌സ്പ്രസില്‍ കയറിയത്. കോച്ചുകള്‍ തിരിച്ചറിയാനാവാത്തതിനാല്‍ ഇവര്‍ റിസര്‍വേഷന്‍ കംപാര്‍ട്ട്‌മെന്റില്‍ കയറുകയായിരുന്നു. വണ്ടി നീങ്ങിത്തുടങ്ങിയപ്പോഴേക്കും ടി.ടി.ആര്‍ എത്തി.
അറിവില്ലായ്മകൊണ്ട് കയറിയതാണെന്നും അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങി ജനറല്‍ കംപാര്‍ട്ട് മെന്റില്‍ കയറിക്കോളാമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ടി.ടി.ആര്‍ മോശമായ രീതിയില്‍ സംസാരിച്ചുവത്രേ. ചെറുവത്തൂര്‍ സ്‌റ്റേഷനില്‍ വണ്ടിയെത്തിയപ്പോള്‍ ഇദ്ദേഹം എല്ലാവരോടും ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ബാഗുകളും മറ്റുമായി പതിനാല് പേര്‍ ഇറങ്ങുമ്പോഴേക്കും വണ്ടി പുറപ്പെടാന്‍ ഒരുങ്ങിയിരുന്നു.
അവസാനമായി ഇറങ്ങാനുണ്ടായിരുന്നത് ശാരീരിക വിഷമതകളുള്ള രജിത മാത്രമായിരുന്നു. ഇവരുടെ വിഷമതകള്‍ മറ്റു സ്ത്രീകള്‍ ചൂണ്ടിക്കാട്ടിയെങ്കിലും ടി.ടി.ആര്‍ പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിടുകയായിരുന്നുവത്രേ. ചിലര്‍ ജനറല്‍ കംപാര്‍ട്ട് മെന്റില്‍ കയറാനുള്ള ശ്രമം നടത്തിയെങ്കിലും ഇനി ഈ ട്രെയിനില്‍ കയറരുതെന്ന് ടി.ടി.ആര്‍ പറഞ്ഞതായും ഇവര്‍ പറഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ പരിചിതമല്ലാത്ത സ്‌റ്റേഷനില്‍ ഇറങ്ങിയ അങ്കണവാടി ജീവനക്കാര്‍ പൊട്ടിക്കരഞ്ഞു.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയ ശേഷം പ്രശ്‌നം പി. കരുണാകരന്‍ എം.പി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തി. മണിക്കൂറുകള്‍ക്ക് ശേഷം മാവേലി എക്‌സ്പ്രസിലാണ് ഇവര്‍ യാത്ര തുടര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."