പ്രഖ്യാപനം മാത്രം; വെളിയിട വിസര്‍ജന വിമുക്തമാവാതെ വീയപുരം ഗ്രാമ പഞ്ചായത്ത്
ഹരിപ്പാട്: വീയപുരം ഗ്രാമ പഞ്ചായത്തിനെ വെളിസ്ഥല വിസര്‍ജന വിമുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിക്കുന്നത് യാതൊരു അടിസ്ഥാനവുമില്ലാതെയെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസമാണ് വീയപുരം ഗ്രാമ പഞ്ചായത്തിനെ വെളിസ്ഥല വിസര്‍ജന വിമുക്ത ഗ്രാമ പഞ്ചായത്തായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെയും സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍ ഇപ്പോഴും വിസര്‍ജന പ്രദേശങ്ങളാണ്.
പഞ്ചായത്തിലെ 152 വീടുകള്‍ക്ക് ശുചി മുറി അനുവദിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഈ പ്രഖ്യാപനം. ഈ കാര്യത്തില്‍ ഗ്രാമ പഞ്ചായത്തധികൃതല്‍ ജില്ലാ ഭരണകൂടത്തെ തെറ്റിധരിപ്പിച്ചാണ് ഈ പ്രഖ്യാപനം നടത്തുന്നത്. ഒരു പഞ്ചായത്തിനെ വെളിസ്ഥല വിസര്‍ജന വിമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുബോള്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങള്‍ പരിശോധിച്ച് മലമൂത്ര വിസര്‍ജനം പൊതു സ്ഥലങ്ങളില്‍ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. എന്നാല്‍ യാതൊരു നടപടിക്രമവും നടത്താതെ 152 കുടുംബങ്ങള്‍ക്ക് ശുചി മുറി അനുവദിച്ചതിന്റെ പേരില്‍ മാത്രമാണ് ഈ പ്രഖ്യാപനം നടത്തുന്നത്.
വീയപുരം ഗ്രാമ പഞ്ചായത്താഫീസിലും അതിനോട് ചേര്‍ന്ന ജങ്ഷനില്‍ പോലും പ്രാഥമിക കാര്യങ്ങള്‍ ചെയ്യാന്‍ ഒരു മാര്‍ഗ്ഗവും ഒരുക്കിയിട്ടില്ല. വീയപുരം പഞ്ചായത്തിലെ ഉദ്യാഗസ്ഥര്‍ക്ക് മാത്രമാണ് ശുചി മുറി സൗകര്യമുള്ളത്. പൊതു ജനങ്ങള്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് പഞ്ചായത്തിന് മുന്‍വശത്ത് പൊളിഞ്ഞ് കിടക്കുന്ന കെട്ടിടത്തിലും പരിസരങ്ങളിലുമാണ്.
സ്ത്രീകള്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല. പഞ്ചായത്തിലും അതിനോട് ചേര്‍ന്ന ജംഗ്ഷനിലും സൗകര്യങ്ങള്‍ ഒരുക്കാതെ എങ്ങനെ ഈ പ്രഖ്യാപനം നടത്തുന്നു എന്നാണ് നാട്ടുകാരുടെ പരാതി. വീയപുരം പഞ്ചായത്തിന്റെ കീഴിലുള്ള വീയപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിലോ ആയുര്‍വ്വേദ ആശുപത്രിയിലോ വില്ലേജ് ആഫിസിലോ മറ്റു സര്‍ക്കാര്‍ സ്ഥാഫനങ്ങളിലോവിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങള്‍ക്ക്ശുചിമുറികള്‍ അന്യം തന്നെ. ചുറ്റുപാടും മലവിസര്‍ജന കേന്ദ്രങ്ങളാണ്. ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥര്‍ പരിശോധിച്ചാല്‍ ഇതുമനസ്സിലാകും.
സര്‍ക്കാര്‍ തടി ഡിപ്പോയുടെ പ്രദേശങ്ങളില്‍ അധികവും മലവിസര്‍ജന കേന്ദ്രമാണ് ഒപ്പം പാടശേഖരങ്ങളിലെ ബണ്ടുകളും. വിസ്തൃതമായ പാടശേഖരങ്ങളും ഇത്തരം വിസര്‍ജന കേന്ദ്രങ്ങള്‍ തന്നെയാണ്. ഇവിടങ്ങളില്‍ മലമൂത്ര വിസര്‍ജനം ഒഴിവാക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാതെയാണ് ഈ പ്രഖ്യാപനം. ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തുന്നത് പഞ്ചായത്തില്‍ പൊതു ശുചി മുറികള്‍ ഒന്നും പോലും സ്ഥാപിക്കാതെയാണ്. അടിസ്ഥാന രഹിതമായ ഈ പ്രഖ്യാപനത്തിനെതിരെ കലക്ടര്‍ക്ക് പരാതി നല്‍കുമെന്ന് നാട്ടുകാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."