'ജലം സംരക്ഷിക്കൂ, പുല്‍പ്പള്ളിയെ രക്ഷിക്കൂ' പരിപാടി നാളെ തുടങ്ങും
പുല്‍പ്പള്ളി: വരള്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന പുല്‍പ്പള്ളി മേഖലയെ രക്ഷിക്കുന്നതിനായി 'ജലം സംരക്ഷിക്കൂ, പുല്‍പ്പള്ളിയെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയര്‍ത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുല്‍പ്പള്ളി മേഖലയില്‍ വിവിധ ജലസംരക്ഷണ പരിപാടികളാരംഭിക്കുമെന്ന് പരിഷത്ത് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജലസുരക്ഷ ജീവസുരക്ഷ എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനായി കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാനത്ത് നടപ്പാക്കുന്ന ക്യാംപയിന്റെ ഭാഗമായാണ് പുല്‍പ്പള്ളി മേഖലയില്‍ ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ജലസംരക്ഷണത്തിനായി മേല്‍ക്കൂരയില്‍ നിന്നുള്ള ജലം ഉപയോഗിച്ച് കിണര്‍ റീചാര്‍ജ്ജ് ചെയ്യല്‍, പുല്‍പ്പള്ളി മേഖലയിലെ നീരുറവകളെക്കുറിച്ചുള്ള പഠനം, മഴവെള്ള സംരക്ഷണത്തിനുള്ള സാധ്യതകള്‍ എന്നിവയെക്കുറിച്ച് പഠിച്ച് ത്രിതല പഞ്ചായത്ത് തലത്തില്‍ നടപ്പാക്കാനുള്ള പദ്ധതികള്‍ സമര്‍പ്പിക്കല്‍, ജനകീയ ബോധവല്‍ക്കരണവുമാണ് പരിഷത്ത് ലക്ഷ്യമാക്കുന്നത്.
ജലസംരക്ഷണത്തിനായി ജനകീയ സമിതികള്‍ രൂപീകരിക്കുന്നതിനായി സെപ്റ്റംമ്പര്‍ 28ന് രാവിലെ 10.30ന് മുള്ളന്‍കൊല്ലിയിലും ഉച്ചകഴിഞ്ഞ് 2.30ന് പുല്‍പ്പള്ളി പഞ്ചായത്തിലും യോഗം ചേരും. മുള്ളന്‍കൊല്ലിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാകൃഷ്ണനും പുല്‍പ്പള്ളിയില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാറും ഉദ്ഘാടനം ചെയ്യും. വി.എസ് ചാക്കൊ, എം.എം ടോമി, എന്‍. സത്യനന്ദന്‍, അനിരുദ്ധന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."