യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റു മാര്‍ച്ചില്‍ സംഘര്‍ഷം
സമരം നടത്തുന്ന നേതാക്കളുടെ ജീവനു വിലകല്പ്പിച്ചില്ലെങ്കില്
പ്രത്യാഘാതം ഗുരുതരമെന്ന് കെ.പി.സി.സി സെക്രട്ടറി കെ നീലകണ്ഠന്
കാസര്‍കോട്: ഇടതു സര്‍ക്കാരിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സമരക്കാരും പൊലിസും തമ്മില്‍ ഉന്തുംതള്ളും. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കിയതിനാല്‍ സംഘര്‍ഷാവസ്ഥ ഒഴിവാക്കി. സ്വാശ്രയ മാനേജ്മെന്റുമായി ഇടതുസര്‍ക്കാര്‍ ഉണ്ടാക്കിയ അഴിമതിക്കരാര്‍ പൊളിച്ചെഴുതുക, നിരാഹാരമിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസ്, സി.ആര് മഹേഷ് എന്നിവരുടെ ജീവന് രക്ഷിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ലോക്സഭാ കമ്മിറ്റിയുടെ നേതൃത്വത്തിലാണു മാര്‍ച്ച് നടത്തിയത്.
സര്‍ക്കാരിനെതിരേ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചു സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ജീവനു വിലകല്പ്പിച്ചില്ലെങ്കില് പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നു സമരം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി സെക്രട്ടറി കെ നീലകണ്ഠന് മുന്നറിയിപ്പു നല്കി.
യൂത്തു കോണ്‍ഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍ അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് ഹക്കീം കുന്നില്‍, ജനറല്‍ സെക്രട്ടറിമാരായ ജെ.എസ് ശോമശേഖര, വി.ആര് വിദ്യാസാഗര്‍, കേശവപ്രസാദ്, ഹരീഷ് പി നായര്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ ഖാലിദ്, അഡ്വ.ശ്രീജിത്ത് മാടക്കാല്‍, മനാഫ് നുള്ളിപ്പാടി, അര്ജുനന് തായലങ്ങാടി, ബി.പി പ്രദീപ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."