നീലഗിരിയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന്
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത മാസം 17ന് നടക്കുമെന്ന് ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ പി. ശങ്കര്‍ അറിയിച്ചു. സംസ്ഥാനത്ത് രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 21നാണ് വോട്ടെണ്ണല്‍. ജില്ലയില്‍ 5,56,634 വോട്ടര്‍മാരാണുള്ളത്. മൊത്തം 803 പോളിങ് ബൂത്തുകളുമാണുള്ളത്. ഇതില്‍ 118 ബൂത്തുകള്‍ പ്രശ്ന ബാധിത ബൂത്തുകളാണ്. ജില്ലയില്‍ ഊട്ടി, ഗൂഡല്ലൂര്‍, കുന്നൂര്, നെല്ലിയാളം എന്നീ നാല് നഗരസഭകളും 35 ഗ്രാമപഞ്ചായത്തുകളും 11 ടൗണ്‍ പഞ്ചായത്തുകളുമാണുള്ളത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി അടുത്ത മാസം മൂന്നാണ്. ഇന്നലെ മുതല്‍ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ച് തുടങ്ങി. നഗരസഭയില്‍ മത്സരിക്കുന്നവര്‍ നഗരസഭാ വരണാധികാരിക്കും പഞ്ചായത്തില്‍ മത്സരിക്കുന്നവര്‍ പഞ്ചായത്തിലെ വരണാധികാരികള്‍ക്കും പഞ്ചായത്ത് യൂനിയനിലും ജില്ലാ പഞ്ചായത്തിലും മത്സരിക്കുന്നവര്‍ പഞ്ചായത്ത് യൂനിയനിലെ വരണാധികാരികള്‍ക്കുമാണ് പത്രികകള്‍ സമര്‍പ്പിക്കേണ്ടത്. സൂക്ഷമപരിശോധന അടുത്ത മാസം നാലിന് നടക്കും. ആറാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പി. സീതാരാമന് അറിയിച്ചു. പെരുമാറ്റ ചട്ടം നിലവില്‍ വന്നതോടെ നഗരങ്ങളിലും ഗ്രാമങ്ങളിലും സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളും ഫ്ളക്സ് ബോര്‍ഡുകളും നീക്കം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."