പറഞ്ഞാല്‍, ഓര്‍ത്താല്‍ തീരാത്ത ബാപ്പ
സ്‌നേഹംകൊണ്ടു വീര്‍പ്പുമുട്ടിക്കുന്ന, വാത്സല്യം വാരിച്ചൊരിയുന്ന ഒരു പിതാവ്- അതായിരുന്നു എന്റെ ബാപ്പ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വേര്‍പാട് ഇന്നും ഞങ്ങളില്‍ അവസാനിക്കാത്ത ദുഃഖത്തിന്റെ കരിനിഴല്‍ പരത്തുന്നു. അദ്ദേഹത്തോടൊപ്പം ചെലവഴിക്കാന്‍ സാധിച്ച അവസരങ്ങളെല്ലാം ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളാകാറുണ്ടായിരുന്നു.
സമുദായസേവനത്തിനും സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ സമുദ്ധാരണത്തിനുംവേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ അദ്ദേഹത്തിന്റെ സാമീപ്യം അധികം കിട്ടാതിരുന്നവരാണു മക്കളായ ഞങ്ങള്‍. എങ്കിലും ഞങ്ങള്‍ സന്തുഷ്ടരാണ്. അദ്ദേഹം എപ്പോഴെല്ലാം ഞങ്ങളുടെ കൂടെയുണ്ടായിരുന്നുവോ അപ്പോഴെല്ലാം അദ്ദേഹം ഞങ്ങളെ സ്‌നേഹംകൊണ്ടു വീര്‍പ്പുമുട്ടിച്ചിട്ടുണ്ട്.
കര്‍മശേഷിയും കാര്യബോധവുമുള്ള രാഷ്ട്രീയനേതാവായിരുന്നുവെന്നും അറിവും പക്വതയുമുള്ള പത്രപ്രവര്‍ത്തകനായിരുന്നുവെന്നും കരുത്തനായ മന്ത്രിയായിരുന്നുവെന്നും മറ്റും അദ്ദേഹത്തെപ്പറ്റി മറ്റുള്ളവര്‍ പറയുമ്പോള്‍ ഒരു സംശയവും കൂടാതെ ഞങ്ങള്‍ പറയും: അദ്ദേഹം കര്‍ത്തവ്യബോധമുള്ള ഒരു കുടുംബനാഥനായിരുന്നു.
അദ്ദേഹത്തിന്റെ അസാമാന്യമായ കഴിവുകണ്ട്, അദ്ദേഹത്തിന്റെ മകനെന്ന നിലയ്ക്കല്ലാതെ ഞാന്‍ അദ്ദേഹത്തെ പഠിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, പരിപൂര്‍ണമായി മനസ്സിലാകുംമുമ്പ് അദ്ദേഹം വിട്ടുപിരിഞ്ഞുപോയി.
മറ്റുള്ളവരുടെ മനസ് പരിപൂര്‍ണമായി പഠിച്ച് അതിനനുസരിച്ച് അവരോടു പെരുമാറാന്‍ കഴിവുള്ള മനഃശാസ്ത്രജ്ഞനായിരുന്നു എന്റെ ബാപ്പയെന്നു പറയുന്നതില്‍ തെറ്റില്ല. ഗൗരവമുള്ളവരോടു ഗൗരവത്തിലും രസികന്മാരോടു രസകരമായും കുഞ്ഞുങ്ങളോടു പിഞ്ചുകുഞ്ഞിനെപ്പോലെയുമുള്ള പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
സ്വതസിദ്ധമായ പുഞ്ചിരിയായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. ഇതൊന്നുതന്നെയാണ് അദ്ദേഹത്തിന് എതിരാളികളുടെ എണ്ണം കുറച്ചത്. വെട്ടാന്‍വരുന്ന ശത്രുവിനെപ്പോലും കീഴടക്കാനുള്ള ശക്തി ആ പുഞ്ചിരിക്കുണ്ടായിരുന്നു. പുഞ്ചിരിക്കുന്ന മുഖമല്ലാതെ കറുത്തമുഖം അദ്ദേഹത്തില്‍നിന്നു കാണാന്‍ സാധിച്ചിട്ടില്ല.
നര്‍മബോധമുള്ള കുടുംബത്തിലെ അംഗമായി ജനിച്ചതുകൊണ്ടാകാം സദാസമയവും ഫലിതം പൊട്ടിച്ചുകൊണ്ടിരിക്കാന്‍ അദ്ദേഹം തല്‍പ്പരനായത്. ഒരിക്കല്‍ ഹജ്ജിനുപോകാനൊരുങ്ങിയ ബാപ്പയുടെ സുഹൃത്ത്, വിവരം പറയാന്‍ വീട്ടില്‍വന്നു. ആ മനുഷ്യന്‍ പോകുന്നതിനുമുമ്പ് ബാപ്പ ഓര്‍മിപ്പിച്ചു 'നീ മിനായില്‍ കല്ലെറിയുമ്പോള്‍ സൂക്ഷിക്കണം.' 'അതെന്താ' അയാള്‍ അത്ഭുതപ്പെട്ടു. 'തന്നേക്കാളും വലിയ ചെകുത്താന്‍ തന്നെ കല്ലെടുത്തെറിയുന്നതുകണ്ടാല്‍ യഥാര്‍ഥചെകുത്താന്‍ തിരിച്ചു കല്ലെടുത്തെറിഞ്ഞേയ്ക്കും.' ആ മനുഷ്യനു ചിരിക്കാനേ കഴിഞ്ഞുള്ളൂ.
എന്റെ പിതാവ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതു കാരണം നമുക്ക് ഒരു വലിയ എഴുത്തുകാരനാണു നഷ്ടപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ മനസ്സിലാകും. ഇത്രയും ആകര്‍ഷകമായ ശൈലിയില്‍ എങ്ങനെ ബാപ്പ എഴുതുന്നുവെന്നു ഞാന്‍ ചിന്തിച്ചുപോയിട്ടുണ്ട്. അതുപോലെ എന്തെങ്കിലുമൊക്കെ എഴുതണമെന്ന് ആശിച്ചുപോകാറുമുണ്ട്. അതിനു ബാപ്പ പ്രോത്സാഹിപ്പിക്കുകയേ ചെയ്തിട്ടുള്ളൂ.
സാഹിത്യരംഗത്തെ പ്രഗത്ഭന്മാരും പ്രശസ്തരുമെഴുതിയ കൃതികള്‍ അദ്ദേഹം ഞങ്ങള്‍ക്കു വാങ്ങിത്തരുമായിരുന്നു. അവ നിര്‍ബന്ധപൂര്‍വം ഞങ്ങളെക്കൊണ്ടു വായിപ്പിക്കുമായിരുന്നു. ഷേക്‌സ്പിയറുടെയും ടോള്‍സ്റ്റോയിയുടെയും മറ്റും കൃതികള്‍ അദ്ദേഹം ഞങ്ങള്‍ക്കു വാങ്ങി തരികയും ഞങ്ങളെക്കൊണ്ട് അതു വായിപ്പിക്കുകയും ചെയ്യുമായിരുന്നു.
കഥകള്‍ മാത്രം വായിച്ചാല്‍ പോരാ, ചരിത്രവും സഞ്ചാരസാഹിത്യവും മറ്റും പഠിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു. കേരള ചരിത്രം, എസ്.കെ പൊറ്റക്കാടിന്റെ സഞ്ചാരസാഹിത്യം, ലെനിന്റെ തെരഞ്ഞെടുത്ത കൃതികള്‍ മുതലായവ പിഞ്ചുകുഞ്ഞുങ്ങള്‍ക്കു കളിപ്പാട്ടം കൊടുക്കുന്ന സന്തോഷത്തോടെ ഞങ്ങള്‍ക്ക് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.
മതപരമായ വിജ്ഞാനം നല്‍കുന്നതിലും അദ്ദേഹം വിട്ടുവീഴ്ച ചെയ്തിരുന്നില്ല. യൂസുഫ് അലിയുടെ ഖുര്‍ആന്‍ പരിഭാഷ അദ്ദേഹം ഞങ്ങള്‍ക്കു വാങ്ങിത്തന്നിട്ടുണ്ട്. സി.എന്‍ റോഡ്‌വെല്‍ എഴുതിയ ദി ഖുര്‍ആന്‍ എന്ന പുസ്തകവും പിറന്നാള്‍ സമ്മാനമായി ഞങ്ങള്‍ക്ക് അദ്ദേഹം നല്‍കുകയുണ്ടായി.
വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കു തരാന്‍ കഴിയുന്ന എല്ലാ സഹായവും അദ്ദേഹം നല്‍കി.
ഇത്രയും സ്‌നേഹനിധിയായ പിതാവിന്റെ പുത്രനാകാന്‍ സാധിച്ചതില്‍ ഞാന്‍ പലപ്പോഴും സ്വയം അഹങ്കരിച്ചിട്ടുണ്ട്. ഇന്നു ഞാന്‍ വേദനിക്കുന്നു. ആ അഹങ്കാരമാണോ അദ്ദേഹത്തെ എന്നില്‍നിന്ന് ഇത്രപെട്ടെന്നു വേര്‍പ്പെടുത്തിയത്.
എന്റെ പിതാവിനു ചില കാര്യങ്ങളില്‍ കര്‍ക്കശമായ അഭിപ്രായങ്ങളുണ്ടായിരുന്നു. ഭരണകാര്യത്തിലും രാഷ്ട്രീയത്തിലും ഞങ്ങള്‍ ഇടപെടുന്നത് അദ്ദേഹത്തിനിഷ്ടമില്ലായിരുന്നു. 'പഠിക്കുമ്പോള്‍ പഠിക്കുക. കളിക്കുമ്പോള്‍ കളിക്കുക.' അതായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച അഭിപ്രായം.
പലപ്പോഴും ബാപ്പയുമായി ഞാന്‍ രാഷ്ട്രീയം ചര്‍ച്ചചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. മനഃപൂര്‍വം അദ്ദേഹം ആ വിഷയത്തില്‍നിന്നു വിട്ടുമാറി മറ്റെന്തെങ്കിലും സംസാരിക്കുന്നതായാണ് എനിക്ക് അനുഭവം.
ആരെയും അവഹേളിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു. എതിര്‍ചേരിയിലുള്ള നേതാക്കന്മാര്‍ക്കുനേരേ ശക്തമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ട്, യോഗങ്ങള്‍ കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയാല്‍, അതേ നേതാക്കന്മാരെക്കുറിച്ചു പരിഹാസപൂര്‍വം ഞങ്ങള്‍ എന്തെങ്കിലും സംസാരിക്കാന്‍ ശ്രമിച്ചാല്‍ അദ്ദേഹം ഉടനെ തടയുമായിരുന്നു.
അദ്ദേഹത്തിന് ഒന്നേ അറിയുമായിരുന്നുള്ളൂ- സ്‌നേഹിക്കുക. ഞങ്ങളെ സ്‌നേഹിച്ചിരുന്ന അതേ വാത്സല്യത്തോടെ അദ്ദേഹം സമുദായത്തെയും സ്‌നേഹിച്ചു. സമുദായം ഇന്നദ്ദേഹത്തോടു കാണിക്കുന്ന സ്‌നേഹവും ആദരവും അതിനു വലിയ തെളിവാണ്.
അങ്ങ് ഇന്നു ഞങ്ങളുടെ കണ്‍മുന്നിലില്ല. പക്ഷേ, ഞങ്ങളുടെ മനസുനിറയെ അങ്ങാണ്- അങ്ങയെ സംബന്ധിച്ച മരിക്കാത്ത ഓര്‍മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."