ഭീകരവാദം: ഇന്ത്യയ്ക്ക് പിന്തുണയുമായി യു.എസ്
വാഷിങ്ടണ്‍: പാക് ഭീകരതയെ ലോകരാജ്യങ്ങള്‍ ഒറ്റപ്പെടുത്തണമെന്ന് ഇന്ത്യ ഐക്യരാഷ്ടസഭയില്‍ പറഞ്ഞതിനു പിന്നാലെ പാകിസ്താനെതിരേ യു.എസ് രംഗത്ത്. പാക് മണ്ണിലെ എല്ലാ ഭീകര പ്രസ്ഥാനങ്ങള്‍ക്കെതിരേയും പാകിസ്താന്‍ നടപടി സ്വീകരിക്കണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പറഞ്ഞു. നേരത്തെ യു.എസ് നടത്തിവന്ന പ്രസ്്താവനയില്‍ നിന്ന് ചില ഭേദഗതികളോടെയാണ് ഇന്നലെ യു.എസ് പ്രതികരിച്ചത് എന്നതും ശ്രദ്ധേയമാണ്.
അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണിയാകുന്ന എല്ലാ ഭീകര ഗ്രൂപ്പുകളെയും പാക് മണ്ണില്‍ നിന്ന് തുടച്ചുനീക്കേണ്ടത് പാകിസ്താനിന്റെ ഉത്തരവാദിത്വമാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഉപ വക്താവ് മാര്‍ക് ടോണര്‍ പറഞ്ഞു. തിങ്കളാഴ്ച നടത്താറുള്ള പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താന്‍ ഭീകരവിരുദ്ധ പോരാട്ടവുമായി മുന്നോട്ടു പോകുമെന്നാണ് പ്രതീക്ഷയെന്നും തങ്ങളുടെ നിലപാട് കൂടുതല്‍ വ്യക്തമാണെന്നും യു.എസ് പറഞ്ഞു. പാകിസ്താനിന്റെ അയല്‍ക്കാര്‍ക്ക് ഭീഷണിയാകുന്ന ഗ്രൂപ്പുകള്‍ക്ക് പാകിസ്താനില്‍ സുരക്ഷിത താവളം ഒരുക്കരുതെന്നും ടോണര്‍ പറഞ്ഞു.
കഴിഞ്ഞ 18 ന് ഉറി സൈനിക ക്യാംപില്‍ ഭീകരാക്രമണം നടത്തിയതിനെ തുടര്‍ന്ന് 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്താന്‍ കേന്ദ്രമായ ജയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയാണ് ഇതിനു പിന്നിലെന്ന് ഇന്ത്യ യു.എന്നില്‍ പറഞ്ഞിരുന്നു. പാകിസ്താനും ഇന്ത്യയും തമ്മില്‍ സാധാരണ നിലയിലുള്ള ബന്ധം തുടരുന്നുണ്ടെന്നാണ് കരുതുന്നത്. പ്രായോഗിക തലത്തിലും ഈ സഹകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിന് നേരിട്ട് ചര്‍ച്ച നടത്താന്‍ ഇന്ത്യയ്ക്കും പാകിസ്താനും മേല്‍ യു.എസ് സമ്മര്‍ദ്ദം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡില്‍ ഇന്ത്യയും യു.എസും നടത്തുന്ന സംയുക്ത സൈനിക അഭ്യാസമായ യുദ്ധ് അഭ്യാസിനെയും പാകിസ്താനും റഷ്യയും തമ്മിലുള്ള സംയുക്ത സൈനിക പരിശീലനത്തെയും ടോണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പരാമര്‍ശിച്ചു. മേഖലയിലെയും ഇരു രാജ്യങ്ങളുടെയും ക്ഷേമമാണ് യു.എസ് പരിഗണിക്കുന്നതെന്നും സൈനിക അഭ്യാസങ്ങള്‍ക്ക് മറ്റു മാനങ്ങള്‍ തേടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി യു.എസ് ഉറ്റസൗഹൃദം നിലനിര്‍ത്തുമെന്നും യു.എസ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. ഇതേ ആശയം തന്നെയാണ് യു.എസും ലോകത്തിനു മുന്നില്‍വയ്ക്കുന്നത്. സാമ്പത്തികമായും വ്യാപാര തലത്തിലും ഇന്ത്യയുമായി യു.എസ് അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. സുരക്ഷാ സഹകരണത്തിനും ഇന്ത്യയ്‌ക്കൊപ്പം യു.എസുണ്ടെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വ്യക്തമാക്കി.
പാകിസ്താന്‍ ഭീകരരുടെ
അക്കൗണ്ട് രവിപ്പിക്കുന്നു;
ഹാഫിസ് സഈദിനു ബാധകമല്ല
ഇസ്്‌ലാമാബാദ്: പാകിസ്താനിലെ ഭീകരവാദികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പാക് സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കി.
പാകിസ്താന്റെ തീവ്രവാദവിരുദ്ധ നിയമത്തിന്റെ നാലാം ഷെഡ്യൂളില്‍ പട്ടിക ചേര്‍ത്തിരിക്കുന്ന 2,021 പേരുടെ അക്കൗണ്ടുകളാകും മരവിപ്പിക്കുക. എന്നാല്‍ ഇതില്‍ ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സഈദ്, കാശ്മിര്‍ വിഘടനവാദികള്‍, ഭീകരസംഘടനകള്‍ എന്നിവ ഉള്‍പ്പെട്ടിട്ടില്ല. കോടിക്കണക്കിന് രൂപയാണ് ഭീകരരുടെ അക്കൗണ്ടുകളില്‍ ഉള്ളത്. ലോക രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാകിസ്താന്‍ നടപടിയെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."