ജില്ലാഭരണകൂടം വില്ലേജുകളിലേക്ക്
മലപ്പുറം: സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറും ഉദ്യോഗസ്ഥരും ഇനി ജനങ്ങള്‍ക്കരികെയെത്തും. ജില്ലാ കലക്ടര്‍ എ. ഷൈനാമോളുടെ നേതൃത്വത്തിലുള്ള വകുപ്പുതല ഉദ്യോഗസ്ഥന്മാരാണു സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ നേരിട്ടറിഞ്ഞു പരിഹരിക്കാന്‍ ജനങ്ങള്‍ക്കരികിലെത്തുന്നത്. ഇതിന്റെ ഭാഗമായി രണ്ടോ മൂന്നോ വില്ലേജുകള്‍ക്കായി പ്രദേശത്തെ ഏതെങ്കിലും ഒരു സ്ഥലം കേന്ദ്രീകരിച്ചു പരാതി പരിഹാര ജനസമ്പര്‍ക്കം നടത്താനാണു ലക്ഷ്യമിടുന്നത്. ഓഫിസുകള്‍ കയറി ഇറങ്ങി വലയുന്ന സാധാരണക്കാരന് ഉടനെ തന്നെ പരിഹാരം നല്‍കുന്നതിന് ആവശ്യമായ വിവിധ വകുപ്പു തല ഉദ്യോഗസ്ഥരെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുപ്പിക്കും. പരിപാടിയുടെ ജില്ലാതല തുടക്കം ഗാന്ധിജയന്തി വാരത്തില്‍ ഉണ്ടാവുമെന്നു ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ അറിയിച്ചു. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള ഉദ്ഘാടന ചടങ്ങുകള്‍ പരിപാടിയില്‍ പൂര്‍ണമായും ഒഴിവാക്കും. രാവിലെ പത്തിനു തുടങ്ങി വൈകിട്ടു സമാപിക്കുന്ന രീതിയിലായിരിക്കും പരിപാടി നടക്കുക.
ഒരു മാസത്തിനുള്ളില്‍ 30 വില്ലേജുകളിലെങ്കിലും പ്രശ്നപരിഹാര അദാലത്തില്‍ പങ്കെടുപ്പിക്കാനാണു ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി സബ്കലക്ടര്‍ തലത്തിലും ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലും ജനസമ്പര്‍ക്ക പരിപാടികള്‍ ഉണ്ടാകും. പരിപാടി ദിവസം തന്നെ അപേക്ഷകളും പരാതികളും നേരിട്ടു സ്വീകരിക്കുന്ന രീതിയിലാണു ജനസമ്പര്‍ക്ക പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളൊഴികെയുള്ള പരാതികളില്‍ അപ്പോള്‍തന്നെ തീര്‍പ്പു കല്‍പ്പിക്കും. ബാക്കിയുള്ളവ സമയബന്ധിതമായി പരിഹരിക്കുന്നതിനു നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ടു കലക്ട്രേറ്റില്‍ നടന്ന ആലോചന യോഗത്തില്‍ സബ്കലക്ടര്‍മാരായ ജാഫര്‍ മാലിക്, അദീല അബ്ദുള്ള ഡെപ്യൂട്ടി കലക്ടര്‍മാരായ വി. രാമചന്ദ്രന്, കെ.സി.മോഹനന്, സി. അബ്ദുല്‍ റഷീദ്, ഡോ. ജെ.യു.അരുണ്‍, ഇന്‍ഫര്‍മേറ്റിക് ഓഫിസര്‍ പ്രദീഷ് പി.സി, അഡീഷണ്‍ ഇന്‍ഫര്‍മേറ്റിക് ഓഫിസര്‍ പി.പവനന്, എച്ച്. എസ്. കെ. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."