ബസ് ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരുക്ക്
വേങ്ങര: അമിതവേഗതയില്‍ മറ്റൊരുബസിനെ മറികടക്കുന്നതിനിടെ സ്വകാര്യബസ് ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരുക്ക്. അപകടത്തില്‍ മൂന്നരലക്ഷം രൂപ വിലയുളള പുത്തന്‍ ബൈക്ക് പാടെ തകര്‍ന്നു. ഗുരുതരമായി പരുക്കേറ്റ കൊളപ്പുറം നമ്പന്‍ കുന്നത്ത് ഹസന്‍കുട്ടിയുടെ മകന്‍ ഹക്കീമി(40)നെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലെ ത്രീവപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചിന് ദേശീയപാതയില്‍ കൂരിയാട് ജങ്ഷനിലാണു അപകടം. കോഴിക്കോട്ടു നിന്ന് വേങ്ങരയിലേക്കുവന്ന ബസ് മറ്റൊരു ബസുമായി മത്സരിച്ചോടുന്നതിനിടെ മറികടന്നതാണു അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊളപ്പുറത്തു നിന്ന് കക്കാട്ടേക്കു പോയ ബൈക്കിനെ ഇടിച്ചിട്ട ശേഷം 15 മീറ്ററോളം ബസിനടിയിലൂടെ കൊളുത്തിവലിച്ചു കൊണ്ടു പോയി.
നിരവധി അപകടങ്ങള്‍ തുടര്‍കഥയായ ഈ ജങ്ഷനില്‍ കക്കാട്, വേങ്ങര ഭാഗങ്ങളില്‍ നിന്ന് വന്നുചേരുന്ന റോഡുകളില്‍ വേഗത കുറക്കാന്‍ സംവിധാനങ്ങളില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. കോഴിക്കോട് ഭാഗത്തേക്കുളള റോഡില്‍ ക്ലിപ്പ് ഹമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബസ് ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ ഇത് ഗൗനിക്കാതെ കടന്നുപോവുന്നതും അപകടത്തിനു കാരണമാവുന്നുണ്ട്. ദേശീയപാതയില്‍ ഈ ജങ്ഷനില്‍ വേഗത നിയന്ത്രണസംവിധാനങ്ങളും ദിശാസൂചികകളും സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."