നികുതിവെട്ടിപ്പ് പകല്‍വെളിച്ചത്തിലും സജീവം; അധികൃതര്‍ നിസംഗതയില്‍
മീനാക്ഷിപുരം: ഗോപാലപുരം മുതല്‍ ചെമ്മണാമ്പതി വരെയുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ 16 ഊടുവഴികളാണ് പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പുകളുടെ റോഡിനു സമാന്തരമായിട്ടുള്ളത്. ഇതിലൂടെ പകലിലും നികുതിവെട്ടിപ്പ് നിര്‍ബാധം നടക്കുകയാണ്.
ഓണത്തിന്റെ ഭാഗമായി ഊടുവഴികളില്‍ വാണിജ്യനികുതി വകുപ്പിന്റെയും പൊലിസിന്റെയും കര്‍ശ്ശനമായ പരിശോധനകള്‍ ഏതാനും ദിവസത്തേക്ക് ഉണ്ടായെങ്കിലും നിലവില്‍ വീണ്ടും കള്ളക്കടത്ത് സജീവമായിരിക്കുകയാണ്.
എന്നാല്‍ അധികൃതര്‍ അതിര്‍ത്തിപ്രദേശം സന്ദര്‍ശിക്കുക പോലും ചെയ്യുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ചെറു കടപ്പകള്, ശര്‍ക്കര, പലചരക്ക്, കോഴി എന്നിവയാണ് ഊടുവഴികളിലൂടെ കേരളത്തിലേക്ക് കടക്കുന്നത്.
നികുതിവെട്ടിച്ച് കടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപെട്ടു താലൂക്ക് വികസനസമിതികളില്‍ പരാതികള്‍ നല്‍കാറുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ല.
തമിഴ്നാട്ടില്‍ ഇത്തരത്തില്‍ നികുതിവെട്ടിപ്പും റേഷനരി കടത്തും നടത്തുന്നവരെ രണ്ടിലധികം തവണ പികൂടിയാല് ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുന്ന രീതി പാലക്കാട് ജില്ലയിലും നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇതു കൂടാതെ സ്വകാര്യ തോട്ടങ്ങളിലൂടെ ഊടുവഴികളുണ്ടാക്കി അതിലൂടെയും നികുതിവെട്ടിച്ച് സാധനങ്ങള്‍ കടത്തുന്നുണ്ട്.
സംസ്ഥാന ഖജനാവിനു ലഭിക്കേണ്ട ലക്ഷങ്ങളുടെ നികുതിപണം നഷ്ടപെടുത്തുന്ന വെട്ടിപ്പ് വഴികളെ പൂര്‍ണ്ണമായും അടച്ച് അതിര്‍ത്തികളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."