പനിബാധിതരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു
കോഴിക്കോട്: മഴയ്ക്ക് ശക്തികുറഞ്ഞിട്ടും ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നു. പനിബാധിതരുടെയും ഡെങ്കിപ്പനി ബാധിതരുടെയുമെല്ലാം എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ജില്ലയില്‍ ഈ വര്‍ഷം പനിബാധിച്ചവരുടെ എണ്ണം 1,18,480 ആയി. ഇതില്‍ 3229 പേര്‍ കിടത്തി ചികിത്സ തേടിയിട്ടുണ്ട്. ഡെങ്കിപ്പനിയും ദിവസേന വ്യാപിക്കുകയാണ്. ഈ വര്‍ഷം മാത്രം ഡെങ്കിപ്പനിബാധിച്ചവരുടെ എണ്ണം 107 ആയി. ഏഴുപേര്‍ മരിക്കുകയും ചെയ്തു. മലേറിയയും വ്യാപകമായിട്ടുണ്ട്. 90 പേര്‍ക്കാണ് ഇതിനകം മലമ്പനി സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.
എലിപ്പനിയുടെ എണ്ണത്തിലും കുറവില്ല. 92 പേര്‍ക്കാണ് ഇതിനകം എലിപ്പനി ബാധിച്ചത്. രണ്ടുപേര്‍ മരിക്കുകയും ചെയ്തു. 82 പേരാണ് ജില്ലയില്‍ ഡിഫ്തീരിയ ബാധിതര്‍. അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടമായി. മഞ്ഞപ്പിത്തവും ടൈഫോയ്ഡുമെല്ലാം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 84 പേര്‍ക്ക് ഇതിനകം ഹെപ്പറ്റൈറ്റിസ് എയും 45 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും ബാധിച്ചു. 51 പേര്‍ക്കാണ് ടൈഫോയ്ഡ് ബാധ സ്ഥിരീകരിച്ചത്. വയറിളക്കം ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 36657 ആയി. സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളിലെ രോഗബാധിതരുടെ എണ്ണം വേറെയുമുണ്ട്.
ആരോഗ്യവകുപ്പിന്റെ ബോധവല്‍ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും മുറയ്ക്ക് നടക്കുമ്പോഴും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. ഡെങ്കിപ്പനിയും ഡിഫ്തീരിയയും വ്യാപകമായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ വീടുകളില്‍ കയറിയിറങ്ങി പ്രതിരോധ കുത്തിവയ്പ്പുകളും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നെങ്കിലും പകര്‍ച്ചവ്യാധികള്‍ ഉന്മൂലനം ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇപ്പോഴും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. അതേസമയം ജില്ലയില്‍ പലയിടങ്ങളും മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നതാണ് പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണമെന്ന് ജനങ്ങള്‍ ആരോപിക്കുന്നു. പകര്‍ച്ചവ്യാധികള്‍ വ്യാപകമായ സാഹചര്യത്തില്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഹോട്ടലുകള്‍ തോറും ഭക്ഷ്യസുരക്ഷാ റെയ്ഡ് സംഘടിപ്പിച്ചിരുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന അനേകം ഹോട്ടലുകള്‍ക്ക് നോട്ടിസും നല്‍കി. ഇത്തരം സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് മഞ്ഞപ്പിത്തമടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."