ന്യൂനപക്ഷ, ദലിത് ശാക്തീകരണത്തിനു യോജിച്ച മുന്നേറ്റം വേണം: ദേശീയ സെമിനാര്‍
മലപ്പുറം: ബഹുസ്വര സമൂഹത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെ അസഹിഷ്ണുതയോടെ നോക്കികാണുന്ന പ്രവണതക്കെതിരേ മതേതര ഇന്ത്യ യോജിച്ചുമുന്നേറണമെന്നു സി.എച്ച് മുഹമ്മദ് കോയ ദേശീയ സെമിനാര്‍. പൗരത്വം അംഗീകരിക്കപ്പെടുമ്പോഴാണ് ജനാധിപത്യം പൂര്‍ണമാകുന്നത്. രാഷ്ട്ര പുരോഗതിക്കു ന്യൂനപക്ഷ, ദലിത് ശാക്തീകരണം അനിവാര്യമാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ ജില്ലാ എം.എസ്.എഫ് കമ്മിറ്റിയാണ് ശാക്തീകൃത ജനതയും ഉദ്ഗ്രഥിത രാജ്യവും എന്ന പ്രമേയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചത്. വിദ്യാഭ്യാസ മുന്നേത്തിലൂടെ സാമൂഹ്യപരിഷ്‌കരണം യഥാര്‍ഥ്യമാക്കി നവോഥാനത്തിനു ശക്തിപകരുകയായിരുന്നു സി.എച്ചിന്റെ ദൗത്യമെന്നു മുഖ്യപ്രഭാഷണം നടത്തിയ ഡോ. ഡി ബാബു പോള്‍ പറഞ്ഞു.
ന്യൂനപക്ഷങ്ങളുടേതടക്കം മതവും സംസ്‌കാരവും അധികപ്പറ്റാണെന്ന രീതിയിലാണ് രാജ്യത്ത് വ്യാപകപ്രചാരണം നടക്കുന്നതെന്നും ദളിത് ന്യൂനപക്ഷ വിഭാഗങ്ങള്‍ അനുഭവിക്കുന്ന അപരത്വം മറിക്കടക്കുന്നതിനായി രാഷ്ട്രീയ സാമൂഹ്യ മുന്നേറ്റം സാധ്യമാവണമെന്നും 'സ്ത്രീ, ദലിത്, ന്യൂനപക്ഷം ഇന്ത്യ' എന്നവിഷയത്തില്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്ത എം.പി അബ്ദുസമദ് സമദാനി പറഞ്ഞു. ദലിതരുടെ ഉപജീവന മാര്‍ഗം പോലും തടയപ്പെടുന്നു. എല്ലാ മേഖലയിലും ദലിതര്‍ ഊരുവിലക്കുകളാല്‍ കഷ്ടപ്പെടുകയാണ്. രാജ്യത്തിനിന്നും ഇവരെ ആട്ടിയോടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അന്യരെന്ന ബോധം പിഴുതുമാറ്റാന്‍ ന്യൂനപക്ഷ ദലിത് വിഭാഗങ്ങളുടെ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.കെ.എന്‍.എ ഖാദര്‍ അധ്യക്ഷനായി. ഡോ. എം.കെ മുനീര്‍, ബിനോയ് വിശ്വം, സി.പി ജോണ്‍, പി.എം സാദിഖലി, ഡോ.പി ഗീത, എ.പി ഉണ്ണികൃഷ്ണന്‍, നൗഷാദ് മണ്ണിശ്ശേരി, ഉസ്മാന്‍ താമരത്ത്, എം.പി നവാസ്, യൂസുഫ് വല്ലാഞ്ചിറ, വി.പി അഹമ്മദ് സഹീര്‍, ജുനൈദ് പാമ്പലത്ത് സംസാരിച്ചു. സെമിനാറില്‍ ആയിരത്തിഅഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."