മുഖ്യമന്ത്രി കണ്ണുകാണിക്കുന്നതിനനുസരിച്ച് സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നു
തിരുവനന്തപുരം: ചോദ്യോത്തരവേളയില്‍ തനിക്ക് പ്രസംഗിക്കാന്‍ അനുവാദം നല്‍കാതിരുന്ന സ്പീക്കറുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മുന്‍പ് ഇത്തരം അവസരങ്ങളിലെല്ലാം സംസാരിക്കാന്‍ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദനെ അനുവദിച്ചിരുന്ന കാര്യം ചെന്നിത്തല ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിനെതിരേ മുഖ്യമന്ത്രി ഇന്നലെ നടത്തിയ പ്രസ്താവന സഭാരേഖകളില്‍നിന്നു നീക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സഭയില്‍ പ്രതിപക്ഷത്തിനും അവകാശങ്ങളുണ്ട്. അതു സംരക്ഷിക്കുന്നതില്‍ സ്പീക്കര്‍ പരാജയപ്പെട്ടു. സ്പീക്കറുടെ നിലപാടു ശരിയായ രീതിയിലല്ല. അദ്ദേഹം ബഹളം വയ്ക്കുന്നത് എന്തിനാണ്. കീഴ്‌വഴക്കങ്ങള്‍ ലംഘിക്കരുത്. മുഖ്യമന്ത്രി കണ്ണു കാണിക്കുന്നത് അനുസരിച്ചാണ് സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടേത് അഹങ്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ നിലപാടാണ്. അതു തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കേരള ജനത വിലയിരുത്തട്ടെയെന്നും ചെന്നിത്തല പറഞ്ഞു.
മാനേജ്‌മെന്റുകള്‍ ചോദിച്ചിടത്ത് ഒപ്പിട്ടുകൊടുത്ത മന്ത്രിയാണ് കെ.കെ.ശൈലജയെന്നും ചെന്നിത്തല ആരോപിച്ചു.
സഭാനടപടികളെ തെരുവിലേക്ക്
വലിച്ചിഴക്കരുത്
തിരുവനന്തപുരം: ഭരണപക്ഷത്തിന്റേയോ പ്രതിപക്ഷത്തിന്റേയോ ഇച്ഛയ്ക്കനുസരിച്ചല്ല താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. സ്പീക്കര്‍ ചട്ടങ്ങള്‍ക്ക് വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്.
ചട്ടവിരുദ്ധമായി ഒന്നും സ്പീക്കര്‍ ചെയ്യാത്ത സാഹചര്യത്തില്‍ സഭാനടപടികളെ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നത് ഖേദകരമാണെന്നും സ്പീക്കറുടെ ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന് സഭയില്‍ ആവശ്യാനുസരണം സമയം അനുവദിച്ചിട്ടുണ്ട്.
ചോദ്യോത്തരവേളയില്‍ ചട്ടപ്രകാരം മറ്റു നടപടികള്‍ അനുവദിക്കാനാകില്ല. ഉത്തരത്തില്‍ ഇടപെട്ടുകൊണ്ടു മാത്രമേ മുന്‍കാലങ്ങളിലും പ്രതിപക്ഷനേതാക്കള്‍ സംസാരിക്കാറുള്ളൂ. വസ്തുതകള്‍ ഇതായിരിക്കേ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നത് ശരിയല്ല. പ്രതിപക്ഷത്തിന്റെ എല്ലാ അവകാശങ്ങളും ഭാവിയിലും സംരക്ഷിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."